കോവിഡ് വ്യാപനത്തിന്‍റെ പേടിപ്പെടുത്തുന്ന സംഖ്യകള്‍ വെറുമൊരു മുന്നറിയിപ്പല്ല. പൂര്‍ണമായ പ്രതിസന്ധിയിലേയ്ക്ക് സംസ്ഥാനം കൂപ്പുകുത്തിക്കഴിഞ്ഞുവെന്നതിന്‍റെ ചുവപ്പടയാളമാണിത്. പറഞ്ഞു പഴകിയ നിര്‍ദ്ദേശങ്ങള്‍കൊണ്ട് പ്രതിവിധിയാകില്ല – ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Wednesday, April 21, 2021

മനുഷ്യവര്‍ഗം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ദിനങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി വീണ്ടും മനുഷ്യനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുന്നു. എത്ര സൂക്ഷിച്ചാലും അത് മനുഷ്യനെ വിടുകയില്ലെന്ന പിടിവാശിയില്‍ത്തന്നെ.

ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ഓക്സിജന്‍ എന്ന ജീവവായുവിന് ക്ഷാമമായിരിക്കുന്നു. അടിയന്തിര ചികിത്സാ സൗകര്യങ്ങളൊക്കെയും പൂര്‍ണമായും ഉപയോഗത്തിലായിക്കഴിഞ്ഞിരിക്കുന്നു. സ്മശാനങ്ങളില്‍ മൃതദേഹങ്ങളുടെ നിര നീളുന്നു.

ഏപ്രില്‍ 20 -ാം തീയതി ഇന്നലെ 19577 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ കോവിഡ് വ്യാപന കണക്ക്. ഞെട്ടിപ്പിക്കുന്നതുതന്നെയാണിത്. 20000 എന്ന പേടിപ്പെടുത്തുന്ന സംഖ്യയുടെ അടുത്തെത്തി നില്‍ക്കുന്ന വ്യാപനം വെറുമൊരു മുന്നറിയിപ്പല്ല. പൂര്‍ണമായ പ്രതിസന്ധിയിലേയ്ക്ക് സംസ്ഥാനം കൂപ്പുകുത്തിക്കഴിഞ്ഞുവെന്നതിന്‍റെ ചുവപ്പടയാളമാണത്.

അതെ, അപകടം പടിവാതുക്കലും കഴിഞ്ഞ് നമ്മുടെ ഉമ്മറത്തെത്തിയിരിക്കുന്നുവെന്നര്‍ത്ഥം. ആരെയും നിലംപരിശാക്കാന്‍ പോന്ന കരുത്ത് ജനിതകമാറ്റം വന്ന വൈറസിനുണ്ട്. അതിവേഗം പരക്കാനുള്ള ശേഷിയും ഇതിനുണ്ട്. എന്നതുകൊണ്ടും അപകടകാരി.

രാജ്യം മൊത്തം അപകടത്തില്‍ത്തന്നെയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെയും ദുരന്തം അതിന്‍റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ശവസംസ്കാരം പോലും കൃത്യമായി നടത്താനാകാത്തവണ്ണം മൃതദേഹങ്ങള്‍ പെരുകുകയാണ്. ശ്മശാനങ്ങളില്‍ മൂന്നും നാലും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്കരിക്കേണ്ടിവരുന്നു. രാജ്യത്തൊരിടത്തും ഒരുകാലത്തും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍.

എന്താണു പ്രതിവിധി ? സാമൂഹികാകലവും മാസ്കും കൈകഴുകലുമൊക്കെ പറഞ്ഞു പറഞ്ഞു പഴകിയ നിര്‍ദ്ദേശങ്ങള്‍. ഇതൊക്കെ അധികൃതര്‍ പറയുന്നതുപോലെ കൃത്യമായി അനുസരിക്കാന്‍ മലയാളികള്‍ എപ്പോഴും തയ്യാറുമായിരുന്നു.

ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ ജീവനക്കാരും മരണത്തിനെതിരെ രാത്രിയും പകലും പോരാടി. അവരുടെ കഠിനാധ്വാനം മരണത്തെ തോല്‍പ്പിക്കുകതന്നെ ചെയ്തു. ദിവസേനയുള്ള വ്യാപനം 20000 -ത്തിനടുത്തെത്തുമ്പോഴും നമ്മുടെ മരണനിരക്ക് ആശങ്കാജനകമല്ല തന്നെ. വ്യാപനം അതിവേഗത്തിലാകുമ്പോഴും ആശുപത്രികള്‍ നിറഞ്ഞുകവിയുമ്പോഴും കേരളത്തിലെ മരണനിരക്ക് 25 -നടുത്തുതന്നെ നില്‍ക്കുന്നുവെന്നതാണ് വലിയ ആശ്വാസം.

പക്ഷെ ഇനിയെന്ത് എന്നത് വലിയ ചോദ്യം തന്നെയാണ്. കോവിഡ് പ്രതിരോധിക്കാന്‍ ഒരു വഴിയേ ഉള്ളുവെന്ന് മനസ്സിലാക്കുക. ഓരോരുത്തരും അവരവരെ നോക്കുക, സംരക്ഷിക്കുക. അതാണ് ഏറ്റവും വലിയ പ്രതിരോധം. ഓരോരുത്തര്‍ക്കും രക്ഷ അവരവര്‍ തന്നെ എന്ന് എപ്പോഴും ഓര്‍ക്കുക.

×