ദരിദ്ര ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഉള്ളിക്കും സബോളക്കും ചുവന്ന മുളകിനും വരെ വിലനിയന്ത്രണമുണ്ട്. എന്നിട്ടും കോവിഡ് പോലൊരു മഹാദുരന്തത്തിന് ഓരേയൊരു പ്രതിവിധിയായ വാക്സിന്‍റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉല്‍പാദകരെ അനുവദിച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. മനുഷ്യ ജീവന് വിലയിടരുത് സര്‍ക്കാരേ – ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Wednesday, April 28, 2021

ഒരു കടയില്‍ രണ്ടു കച്ചവടം പാടില്ലെന്നൊരു പറച്ചില്‍ പണ്ടേയുള്ളതാണ്. പക്ഷെ കോവിഡ‍് വാക്സിന്‍റെ കാര്യത്തില്‍ അതുതന്നെയാണ് നടക്കുന്നത്. കോവിഡ് വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു വാങ്ങിയാല്‍ 150 രൂപാ. സംസ്ഥാന സര്‍ക്കാരുകള്‍ വാങ്ങിയാല്‍ 600 രൂപാ. സ്വകാര്യ ആശുപത്രികള്‍ വാങ്ങിയാല്‍ 1200 രൂപാ. ഇതെന്തു കച്ചവടം ? എവിടുത്തെ കച്ചവടം ? വില്‍ക്കുന്നത് ഒരേ സ്ഥാപനം. അതും ഒരേയൊരു ഉല്‍പന്നം. വാങ്ങുന്നത് ഒരു ജനത. മൂന്നിടത്തു മൂന്നുവില.

ലോകമെമ്പാടും മരുന്നു വില്‍പന ചുരുക്കം ചില സ്ഥാപനങ്ങളുടെ കുത്തക മേഖലയാണ്. ഓരോ മരുന്നിനും അത്രമാത്രം വലിയ ഗവേഷണവും പഠനവും വേണമെന്ന കാര്യത്തില്‍ സംശയമില്ല തന്നെ. വല്ലപ്പോഴുമേ ഒരു വാക്സിന്‍ ഉണ്ടാക്കേണ്ട സാഹചര്യം വരൂ.

അമേരിക്ക അവിടുത്തെ വാക്സിന്‍ കമ്പനികള്‍ക്ക് നേരത്തേ തന്നെ വന്‍തുക മുന്‍കൂറായി നല്‍കിയിരുന്നു. എത്രയും വേഗം ഗവേഷണങ്ങളും വിവിധ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി വാക്സിന്‍ വിപണിയിലിറക്കാനായിരുന്നു ഇത്. ഇന്ത്യയില്‍ രണ്ടു കമ്പനികളാണ് വാക്സിന്‍ പുറത്തിറക്കിയത്. ഭാരത് ബയോടെക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും.

രണ്ട് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വളരെ ശ്രമകരമായ ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കോവിഡ് എന്ന മഹാമാരിക്കു പ്രതിവിധിയായ വാക്സിന്‍ കണ്ടുപിടിച്ചുവെന്നത് വലിയ നേട്ടം തന്നെ. പക്ഷേ അതിനു കല്‍പ്പിച്ച വിലയാണ് ജനങ്ങളില്‍ സംഭ്രാന്തിയും സംശയവും ഉണ്ടാക്കിയിരിക്കുന്നത്.

കോവിഡ് പോലെയൊരു ദുരന്തം രാജ്യത്തിനു മുന്നില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരേയൊരു പ്രതിവിധിയായി കണ്ടിരിക്കുന്ന വാക്സിന്‍റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉല്‍പാദകരെ അനുവദിച്ചിരിക്കുന്നുവെന്നതാണ് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. കേന്ദ്ര സര്‍ക്കാരിന് ഒരു ഡോസിന് 150 രൂപാ വിലയ്ക്കു തരാമെന്നാണ് വാഗ്ദാനം. സംസ്ഥാനങ്ങള്‍ക്ക് അത് ഡോസൊന്നിന് 600 രൂപയാകും. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും.

സ്വകാര്യ ആശുപത്രികളില്‍ ജനങ്ങള്‍ കുത്തിവെയ്പിനെത്തുമ്പോള്‍ വില ഇതിലും കൂട്ടുകയും ചെയ്യാം. ഓരോ ആശുപത്രിയുടെയും നിലവാരമനുസരിച്ച്.

ഇന്ന് രാജ്യത്ത് ഏറ്റവും വിലപിടിച്ച കോവിഡ് വാക്സിന് യാതൊരു വിധ വില നിയന്ത്രണങ്ങളുമില്ലെന്നാണോ ? അങ്ങനെയൊരു നിയന്ത്രണത്തിനു സര്‍ക്കാരിനധികാരമില്ലേ ? ഉള്ളിക്കും സവാളയ്ക്കും പച്ചരിക്കും ചുവന്ന മുളകിനുമൊക്കെ ഈ രാജ്യത്ത് വലിയ നിയന്ത്രണങ്ങളുണ്ടല്ലൊ. എന്തുകൊണ്ട് കോവിഡ് വാക്സിനു മാത്രം നിയന്ത്രണമില്ല? വാക്സിന്‍ കുത്തകയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകാത്തതെന്ത് ?

ഒരു വലിയ സത്യം ഇവിടെയുണ്ട്. പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് സര്‍ക്കാരാണ്. ഈ സംരക്ഷണം കോവിഡ് പോലെയുള്ള മഹാമാരിയില്‍ നിന്നുള്ള സംരക്ഷണം കൂടിയാണ്.

ലോകരാജ്യങ്ങളെയാകെ മരണഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കോവിഡ്. ആര്‍ക്കും സുരക്ഷിതത്വം അവകാശപ്പെടാനില്ലാത്ത സ്ഥിതി. ലോകരാജ്യങ്ങളൊക്കെയും സ്വന്തം പൗരന്മാര്‍ക്കു വാക്സിന്‍ നല്‍കാന്‍ പെടാപ്പാടു പെട്ടുകൊണ്ടിരിക്കുകയാണ്.

അമേരിക്കയില്‍ ജനസംഖ്യയുടെ 52 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രോഗം വന്നവരും വാക്സിന്‍ കിട്ടിയവരും കൂടെ കൂട്ടിയാല്‍ ഒരു സമൂഹത്തിലെ 50 ശതമാനം ആളുകള്‍ക്കും രോഗത്തില്‍ നിന്ന് സുരക്ഷിതത്വം കിട്ടിയാല്‍ ആ സമൂഹത്തില്‍ ഒരു ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ നിലവില്‍ വരുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

അമേരിക്ക അങ്ങനെയൊരു സുരക്ഷിതത്വം നേടിക്കഴിഞ്ഞുവെന്നു പറയാം. ഇന്ത്യയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയായത് ജന സംഖ്യയുടെ വെറും ഒന്നര ശതമാനം പേര്‍ക്കു മാത്രം. ഇനിയെത്ര ദൂരം ?

കൃത്യമായും മുഴുവന്‍ ആളുകള്‍ക്കും ഒന്നൊഴിയാതെ വാക്സിന്‍ നല്‍കണമെന്നതാണ് ഒരു വലിയ കാര്യം. ഒരാളെങ്കിലും വിട്ടുപോയാല്‍ സമൂഹത്തിനു സുരക്ഷിതത്വമുണ്ടാകില്ല. ഒന്നൊഴിയാതെ എല്ലാ വൈറസിനെയും നശിപ്പിക്കണം.

അതിനു പ്രതിവിധി പൂര്‍ണ വാക്സിനേഷന്‍ മാത്രമാണ്. അത് മാനവരാശിക്കുതന്നെ അത്യാവശ്യവുമാണ്. അതിനു വന്‍വില കൊടുക്കേണ്ടിവന്നാലോ ? ദരിദ്ര ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണിന്ത്യ. തെരുവുകളില്‍ തന്നെ കഴിയുന്നവര്‍ എത്രയെത്ര ? എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേരളം തയ്യാറെടുക്കുകയാണ്. അതും സൗജന്യമായിത്തന്നെ.

എന്താണ് കേന്ദ്രത്തിന്‍റെ നിലപാട്? സുപ്രീം കോടതിയോട് സര്‍ക്കാര്‍ എന്തുപറയും ? ജനങ്ങളോടെന്തു പറയും ? മനുഷ്യ ജീവന് വിലയിടരുത് സര്‍ക്കാരേ…

×