Advertisment

ആ 3 കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ മുഖമുദ്രയാക്കാന്‍ തച്ചങ്കരി തയാറുണ്ടോ ? ആ ' ചങ്ക്' പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസിയുടെ ബ്രാന്‍ഡ് അംബാസഡറും, ആര്‍ഇസി 140 ന്‍റെ കണ്ടക്ടര്‍ സമീറിനെ റോള്‍ മോഡലുമാക്കുമോ ? എങ്കില്‍ ബാക്കി നിങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുക. കെഎസ്ആര്‍ടിസി രക്ഷപെടും

New Update

publive-image

Advertisment

എഡിറ്റോറിയല്‍/  കൃത്യതയും സമയനിഷ്ഠയും പാലിക്കുന്ന ബസുകള്‍ ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി ചങ്കാണെന്ന് തെളിയിക്കുന്നതായിരുന്നു ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ആലുവയ്ക്ക് കൊണ്ടുപോയ ആര്‍ ഇ സി 140 ബസിന്റെ അനുഭവം.

6 വര്‍ഷം തുടര്‍ച്ചയായി എല്ലാ ദിവസവും ഈ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയാണ് തങ്ങളുടെ സ്ഥിരം ബസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതരെ വിളിച്ചത്. എല്ലാ ദിവസവും മുടങ്ങാതെ കൃത്യമായ സമയനിഷ്ഠ പാലിച്ച് സര്‍വീസ് നടത്തുന്ന ഈ ബസിലെ സ്ഥിരയാത്രക്കാര്‍ക്ക് വേണ്ടിയായിരുന്നു കപ്പാട് സ്വദേശിയായ റോസ്മി എന്ന പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍.

publive-image

ടോമിന്‍ തച്ചങ്കരി കെ എസ് ആര്‍ ടി സി സിഎംഡിയായി ചുമതലയേറ്റ ഉടനായിരുന്നു ആ ബസ് ഞങ്ങളുടെ ചങ്കാണെന്ന്‍ പറഞ്ഞ സ്ഥിരയാത്രക്കാരുടെ വാക്ക് കേട്ട് അവര്‍ക്ക് തന്നെ ബസ് തിരികെ വിട്ടുനല്‍കാന്‍ തയാറായത്. യാത്രക്കാര്‍ ആ ബസിന് 'ചങ്ക്' എന്ന് പേരിട്ടു സ്റ്റിക്കറും പതിച്ചു. അതും എം ഡിയുടെ അനുമതി വാങ്ങിയായിരുന്നു.

കോട്ടയത്ത് ഏവിയേഷന്‍ കോഴ്സിന് പഠിക്കുന്ന കാഞ്ഞിരപ്പള്ളി കപ്പാടുകാരി റോസ്മിയുടെ വാക്കുകള്‍ കെ എസ് ആര്‍ ടി സിയുടെ സി എം ഡി മുതല്‍ ക്ലീനര്‍ വരെയുള്ളവര്‍ കേള്‍ക്കണം, കേട്ട് പഠിക്കണം. അവള്‍ പറഞ്ഞത് ദിവസവും കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാരുടെ മനസാണ്.

എം ഡിയെ കാണാന്‍ കയറുന്നതിന് മുമ്പ് റോസ്മി കെ എസ് ആര്‍ ടി സിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഓരോ കെ എസ് ആര്‍ ടി സി ജീവനക്കാരനും കോര്‍പറേഷനും മനപാഠമാക്കണം. മൂന്ന്‍ കാര്യങ്ങളാണ് റോസ്മി പറഞ്ഞത്; ഒന്ന്, ഒരു ട്രിപ്പ് പോലും മുടങ്ങാതെ ഈ ബസ് എല്ലാ ദിവസവും കൃത്യമായി സര്‍വീസ് നടത്തുന്നു.

publive-image

രണ്ട് സമയകൃത്യത - രാവിലെ 8.15 ന് ഈരാറ്റുപേട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് 9.50 ന് കോട്ടയത്തെത്തിയിരിക്കും. ഞങ്ങള്‍ക്ക് 10 മണിക്ക് മുമ്പായി കോളേജില്‍ എത്താം. മൂന്ന്‍, സ്വകാര്യ ബസിലേത് പോലെ കിളികളൊന്നുമില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി ബസില്‍ ഒരു ശല്യവുമില്ല, ഞങ്ങള്‍ കംഫര്‍ട്ടാണ് - എന്ന്.

publive-image

ഇത് ആര്‍ ഇ സി 140 എന്ന ബസിന്റെയോ അതുപോലുള്ള ചുരുക്കം ചില ബസുകളുടെയോ കാര്യമാണ്. അല്ലാതെ കെ എസ് ആര്‍ ടി സിയുടെ ബഹുഭൂരിപക്ഷം വരുന്ന സര്‍വീസുകളുടെ കാര്യമല്ല. അതായത് നേരാംവണ്ണം ബസ് ഓടിക്കുകയും ജീവനക്കാര്‍ മാന്യമായി പെരുമാറുകയും ചെയ്‌താല്‍ യാത്രക്കാര്‍ കെ എസ് ആര്‍ ടി സിയിലല്ലാതെ മറ്റൊരു ബസിലും കയറില്ലെന്ന് റോസ്മി പറഞ്ഞത് ഞങ്ങള്‍ ഉള്‍പ്പെടെ ഇന്നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായമാണ്.

ആര്‍ ഇ സി 140 ബസിനുണ്ടെന്നു റോസ്മി പറഞ്ഞ 3 ഗുണങ്ങളും കെ എസ് ആര്‍ ടി സിയുടെ മുഖമുദ്രയാക്കി മാറ്റാന്‍ ടോമിന്‍ തച്ചങ്കരിയ്ക്ക് കഴിഞ്ഞാല്‍ കെ എസ് ആര്‍ ടി സി ലാഭത്തിലാകും, രക്ഷപെടും. അന്നന്ന് വേണ്ടുന്ന അപ്പത്തിനായി നിങ്ങള്‍ ആര്‍ക്ക് മുമ്പിലും കൈനീട്ടേണ്ടി വരില്ല. കെ എസ് ആര്‍ ടി സിയിലെ നാല്‍പതിനായിരത്തോളം വരുന്ന ജീവനക്കാര്‍ റോള്‍ മോഡല്‍ ആക്കേണ്ടത് ആര്‍ ഇ സി 140 ന്‍റെ കണ്ടക്ടര്‍ സമീറിനെയാണ്.

ആ ബസ് കൃത്യമായി സര്‍വീസ് നടത്താനുള്ള സമയകൃത്യത പാലിക്കാനും ആ ബസില്‍ കയറുന്ന യാത്രക്കാരെ കുടുംബാംഗങ്ങളെപ്പോലെ കാണുവാനും സമീര്‍ കാണിച്ച ആത്മാര്‍ഥതയാണ് ആ ബസിനെ യാത്രക്കാരുടെ 'ചങ്ക്' ആക്കി മാറ്റിയത്.

publive-image

ടോമിന്‍ തച്ചങ്കരി ഒന്നുകൂടി ചെയ്യുക, അങ്ങ് റോസ്മി എന്ന പെണ്‍കുട്ടിയെ നിങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുക. സമീര്‍ എന്ന കണ്ടക്ടറെ കെ എസ് ആര്‍ ടി സിയുടെ റോള്‍ മോഡല്‍ ആക്കുക. എന്നിട്ട് ആ സ്ഥാപനത്തെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുക.

Advertisment