Advertisment

ബിഷപ്പിനെതിരെയും വൈദികര്‍ക്കെതിരെയുമുള്ള പരാതികളില്‍ നടന്നത് ബലാല്‍സംഗമാണോ, ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണോ എന്നത് പോലീസ് പരിശോധിക്കുമോ ? ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ മാനഭംഗക്കേസുകളില്‍ മാര്‍ഗ്ഗരേഖയാക്കണം ! പോലീസ് ഇരയ്ക്കൊപ്പമാകണം ! ഇരയ്ക്കൊപ്പം മാത്രം !

New Update

publive-image

Advertisment

എഡിറ്റോറിയല്‍/ കുമ്പസാരിക്കാന്‍ വന്ന സ്ത്രീയെ അവര്‍ ഏറ്റുപറഞ്ഞ പാപങ്ങള്‍ വച്ച് ഒരു വൈദികന്‍ ദുരുപയോഗം ചെയ്തെങ്കില്‍ അത് തെറ്റാണ്. ഒരു ബിഷപ്പ് തന്റെ കീഴില്‍ വരുന്ന സന്യസ്ഥ സമൂഹത്തിലെ ഒരു കന്യാസ്ത്രിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ അതും തെറ്റെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അത് നമ്മുടെ നിയമവ്യവസ്ഥിതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതികള്‍ ആശങ്കയുളവാക്കുന്നതാണ്.

'ഞങ്ങള്‍ ഇരയ്ക്കൊപ്പം' എന്ന നിലപാട് നൂറാവര്‍ത്തി ഏറ്റുപറഞ്ഞുകൊണ്ട് തന്നെ പറയട്ടെ, ആരാണ് ഇര ?എന്നറിയാനുള്ള അവകാശവും നമ്മുടേതാണ് !

സ്വന്തം നാട്ടില്‍ നിന്നും കൊച്ചി നഗരം വരെ യാത്ര ചെയ്ത് ചെന്ന് അതീവ സുരക്ഷാ സന്നാഹങ്ങളുള്ള ഒരു 7 നക്ഷത്ര ഹോട്ടലില്‍ വൈദികനൊപ്പം താമസിച്ച് ആ മുറിയുടെ വാടക സ്വന്തം കാര്‍ഡ് ഉപയോഗിച്ച് നല്‍കിയ ഒരു വീട്ടമ്മ അവിടെ നടന്ന പ്രക്രിയയെ ബലാല്‍സംഗം എന്ന് വിശേഷിപ്പിച്ചാല്‍ അത് പൊതുജനം ഏത് തരത്തില്‍ ഉള്‍ക്കൊള്ളണം എന്നുകൂടി സര്‍ക്കാര്‍ പറഞ്ഞു മനസിലാക്കണം.

publive-image

ഭര്‍ത്താവ് ഇത് കണ്ട് പിടിച്ച് അദ്ദേഹം ഭാര്യയുടെയും വൈദികരുടെയും ചെയ്തികള്‍ ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടപ്പോഴാണ് യുവതിയ്ക്ക് ഇത് പീഡനമാണെന്ന് ബോധ്യപ്പെടുകയും അന്നൊക്കെ നടന്നത് ബലാല്‍സംഗമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തതെന്നതാണ് ശ്രദ്ധേയം.

ജലന്ധര്‍ ബിഷപ്പ് ആരോപണ വിധേയനായ പരാതിയുടെ കാര്യത്തിലും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ മുഖവിലയ്ക്കെടുക്കാന്‍ പ്രയാസമാണ്. രണ്ടു വര്‍ഷത്തിനിടെ 13 തവണ പീഡനത്തിരയായി എന്നാണ് കന്യാസ്ത്രീയുടെ പരാതി. ഒരു സ്ത്രീയ്ക്ക് ബിഷപ്പല്ല ആരുടെ പക്കല്‍ നിന്നാണെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ഉടന്‍ പോലീസിനെ അറിയിച്ച് മേല്‍നടപടികള്‍ സ്വീകരിക്കേണ്ട വിഷയമാണ്.

അത് വികാരിയെ അറിയിച്ചു, ബിഷപ്പിനോട് പറഞ്ഞു, കര്‍ദ്ദിനാളിന് പരാതി നല്‍കി എന്നൊക്കെ പറഞ്ഞാല്‍ അതൊന്നും നടപടിക്രമമാകില്ല. ബിഷപ്പ് മറ്റെന്തെങ്കിലും രീതിയില്‍ മോശമായി സംസാരിച്ചു, നല്ല നിലയിലല്ല പെരുമാറുന്നത് എന്നൊക്കെയാണെങ്കില്‍ അത് സഭയിലെ മേലധികാരികാരികള്‍ക്ക് പരാതി നല്‍കാനും പരിശോധിക്കാനും അവകാശമുണ്ട്.

publive-image

ലൈംഗികാതിക്രമവും കൊലപാതകവുമൊക്കെ ഏറ്റവും പെട്ടെന്ന് രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് മുന്നിലെത്തേണ്ട വിഷയങ്ങളാണ്. അതൊന്നും ബിഷപ്പും കര്‍ദ്ദിനാളും കാനോന്‍ നിയമങ്ങളുമല്ല പരിഹരിക്കേണ്ടത്.

പരാതിക്കാരികളുമായി എതിര്‍കക്ഷിക്ക് ലൈംഗിക വേഴ്ച ഉണ്ടായോ എന്നതാണ് ഇത്തരം പരാതികളില്‍ പോലീസ് പതിവായി പരിശോധിക്കുന്നത്. അങ്ങനുണ്ടെങ്കില്‍ നേരെ ബലാല്‍സംഗത്തിന് കേസെടുക്കുന്നു. ലൈംഗിക അതിക്രമം, മാനഭംഗം, ബലാല്‍സംഗം, വ്യഭിചാരം എന്നിവയ്ക്കൊക്കെ ഐ പി സിയില്‍ കൃത്യമായ വിശകലങ്ങളുണ്ട്.

അതുപ്രകാരം ഉഭയകക്ഷി സമ്മത പ്രകാരം നടന്ന കാര്യങ്ങള്‍ ബലാല്‍സംഗമായി മാറില്ല. വൈദികനും യുവതിയും തമ്മിലും കന്യാസ്ത്രീയും ബിഷപ്പും തമ്മിലും ലൈംഗിക ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരവര്‍ ഏര്‍പ്പെട്ടിരിക്കുന്ന സഭാ ശുശ്രൂഷ പ്രകാരം അത് തെറ്റാണ്. ആ ചുമതലകളില്‍ നിന്നും അവരെ പുറത്താക്കുകയും വേണം. അവര്‍ പിന്നീട് സഭാ ശുശ്രൂഷകളില്‍ തുടരാന്‍ യോഗ്യരല്ല.

publive-image

പക്ഷേ, അതിനെ നിരാലംബരായ സ്ത്രീകള്‍ വേട്ടയാടപ്പെടുന്ന സംഭവങ്ങളുമായി കോര്‍ത്തിണക്കുന്ന വിധ൦ ബലാല്‍സംഗമായി കണ്ട് നിയമനടപടി സ്വീകരിക്കുന്ന പോലീസ് നടപടി ന്യായീകരിക്കാനാകില്ല.

നടന്നത് ബലാല്‍സംഗമാണോ എന്നതാണ് പോലീസ് ആദ്യം പരിശോധിക്കേണ്ടത്. ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പരാതിയിലും ലത്തീന്‍ ബിഷപ്പിനെതിരായ പരാതിയിലും ഇക്കാര്യം പോലീസ് പരിശോധിച്ചിട്ടുണ്ടോ ?

രണ്ടു പരാതികളിലെയും സാഹചര്യങ്ങള്‍ പ്രകാരം സംശയിക്കാവുന്നതുപോലെ ഉഭയകക്ഷി സമ്മത പ്രകാരമാണോ ഇപ്പറഞ്ഞ ലൈംഗിക വേഴ്ചകള്‍ ഉണ്ടായതെന്ന്‍ അന്വേഷിക്കേണ്ടതും പോലീസിന്റെ ബാധ്യതയാണ്.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ധാരണ തെറ്റുമ്പോള്‍ അത് ബലാല്‍സംഗമാക്കി പരാതി നല്‍കുകയും ചെയ്യുന്നത് അങ്ങനെ പരിഗണിക്കാനാകില്ലെന്നു കേരളാ ഹൈക്കോടതിയും മഹാരാഷ്ട്ര, ഡല്‍ഹി ഹൈക്കോടതികളും സുപ്രീംകോടതിയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പലപ്പോഴായി പരിഗണിച്ച കേസുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

publive-image

ആ ഉത്തരവുകളുടെ ചുവടുപിടിച്ചു വേണം നിലവിലുള്ള ലൈംഗികാതിക്രമ പരാതികളും പോലീസ് പരിശോധിക്കേണ്ടത്. ഒരു സ്ത്രീ പരാതി നല്കാനുണ്ടെങ്കില്‍ ആരെയും എങ്ങനെ വേണമെങ്കിലും അപമാനിക്കാം എന്ന സ്ഥിതി നന്നല്ല. സ്ത്രീയ്ക്കുള്ളതുപോലെ തന്നെ മാന്യമായി ജീവിക്കുന്ന പുരുഷനും അവകാശങ്ങളുണ്ട്. അത് ഹനിക്കപ്പെടാന്‍ പാടില്ല.

വീണ്ടും ആവര്‍ത്തിക്കുന്നു, ഞങ്ങള്‍ ഇരയ്ക്കൊപ്പമാണ്, ഇരയ്ക്കൊപ്പം മാത്രം ! മേല്‍പ്പറഞ്ഞതുകൊണ്ട് ബിഷപ്പിനെയോ ഓര്‍ത്തഡോക്സ് വൈദികരെയൊ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. ഞങ്ങള്‍ അവര്‍ക്കെതിരാണ്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ അവര്‍ പിന്നീട് സഭാ ശുശ്രൂഷകളുടെ ഭാഗമായി മാറുന്നത് വിശ്വാസികളോടുള്ള വഞ്ചനയാണ്.

ഒരു നിമിഷം പോലും വൈകാതെ അവര്‍ക്കെതിരെ നടപടിയെടുക്കണം. ഒപ്പം നമ്മുടെ സര്‍ക്കാരും നിയമവ്യവസ്ഥിതിയും സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ആരും ചൂഷണം ചെയ്യാതിരിക്കാനും കരുതലുണ്ടാകണം.

- എഡിറ്റര്‍ 

Advertisment