Advertisment

അസിസ്റ്റന്റ് പ്രഫസറാകാന്‍ ഇനിമുതല്‍ ബിരുദതല മാർക്കും നോക്കും

author-image
admin
New Update

സർവകലാശാലകളിലും കോളജുകളിലും അധ്യാപനജോലിക്കു ബിരുദപരീക്ഷയിലെ മികവും ഇനി മാനദണ്ഡമാവും. ബിരുദതല മാർക്ക് നിയമനത്തിൽ പരിഗണിക്കുന്നതടക്കമുള്ള മാറ്റങ്ങളോടെ യുജിസി വിജ്ഞാപനമിറക്കി.

Advertisment

സർവകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പരിഷ്കരിക്കുന്ന നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളത്. ഫെബ്രുവരിയിൽ പുറത്തിറക്കിയ കരടുരേഖയിൽ നേരിയ മാറ്റങ്ങളോടെയാണു വിജ്ഞാപനം.

publive-image

സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാൻ നേരത്തേ പരിഗണിച്ചിരുന്ന ബിരുദാനന്തര ബിരുദ മാർക്ക്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, അധ്യാപന പരിചയം തുടങ്ങിയവയ്ക്കുള്ള സ്കോറുകൾക്കു പുറമേയാണു ബിരുദതല മാർക്കും വരിക. ബിരുദ പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്കുള്ളവർക്ക് 15, 60–80 ശതമാനക്കാർക്ക് 13, 55–60 % മാർക്കുള്ളവർക്ക് 10, 45–55 ശതമാനക്കാർക്ക് അ‍ഞ്ച് എന്നിങ്ങനെയാണു സർവകലാശാലാ നിയമനത്തിൽ സ്കോർ ലഭിക്കുക.

കോളജ് നിയമനത്തിലാകട്ടെ ബിരുദ പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്കുള്ളവർക്ക് 21, 60–80 ശതമാനക്കാർക്ക് 19, 55–60 % മാർക്കുള്ളവർക്ക് 16, 45–55 ശതമാനക്കാർക്ക് 10 എന്നിങ്ങനെയാണു സ്കോർ.

അതേസമയം, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു നെറ്റ് അടിസ്ഥാന യോഗ്യതയായി വേണമെന്ന നിബന്ധന തുടരും. എന്നാൽ, ഗവേഷണ യോഗ്യതയുള്ളവർക്ക് ഇക്കാര്യത്തിൽ ഇളവു നൽകും. ആഗോള റാങ്കിങ് പട്ടികയിൽ ആദ്യത്തെ അഞ്ഞൂറിൽ ഉൾപ്പെടുന്ന സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടുന്നവർക്കു സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസറാകാമെന്ന ഉപാധിയും യുജിസി നിർദേശിച്ചിട്ടുണ്ട്.

സർവകലാശാലയുടെയും കോളജുകളുടെയും പ്രവൃത്തി സമയത്തെക്കുറിച്ചും നിർദേശമുണ്ട്. ആഴ്ചയിൽ 40 മണിക്കൂറിൽ കുറയാത്ത അധ്യാപന–പഠന സമയം ഉറപ്പാക്കണം. ഓരോ അക്കാദമിക് വർഷത്തിലും 30 പ്രവൃത്തി വാരങ്ങൾ ഉണ്ടാകണമെന്നും നിർദേശമുണ്ട്. അസോസിയേറ്റ് പ്രഫസർമാർക്ക് ആഴ്ചയിൽ 14 മണിക്കൂറും അസിസ്റ്റന്റ് പ്രഫസർമാർക്ക് 16 മണിക്കൂറുമാണ് സമയം.

മറ്റു പ്രധാന നിർദേശങ്ങൾ

∙ പിഎച്ച്ഡി ഇല്ലാത്തവർ ഇനി പ്രഫസർമാരാകില്ല. പിഎച്ച്‌ഡി ഉണ്ടെങ്കിൽ സ്ഥാനക്കയറ്റത്തിലൂടെ പ്രഫസർമാരാകാം. അസി. പ്രഫസർ തസ്തികയിലേക്കുള്ള നിയമനത്തിനും പ്രധാന നിബന്ധന പിഎച്ച്ഡി. കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കാൻ പിഎച്ച്ഡി നിർബന്ധമാക്കുന്നത് 2021 മുതൽ.

∙ കോളജ്, സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിക്കുന്നവർക്ക് ഒരു മാസത്തെ പ്രത്യേക പരിശീലനം ഉണ്ടാവും.

∙ പ്രഫസർ തസ്തികയിൽ പത്തുവർഷം പൂർത്തിയാക്കിയവർക്കു സീനിയർ പ്രഫസർ തസ്തികയ്ക്ക് അർഹതയുണ്ടാവും. അതേസമയം, സർവകലാശാലകളിലെ അനുവദനീയമായ തസ്തിക കൂടി പരിഗണിച്ചാവും ഇത്.

നേരിട്ടും കരിയർ അഡ്വാൻസ്മെന്റ് സ്കീം വഴിയും സീനിയർ പ്രഫസറാകാൻ അവസരമുണ്ടാവും.

∙ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താനുള്ള സംവിധാനത്തിൽ അക്കാദമിക പ്രകടന സൂചിക (എപിഐ) ഒഴിവാക്കി. പകരം വാർഷിക മികവ് അളക്കുകയും പ്രമോഷനുൾപ്പെടെയുള്ളവയിൽ അതു പരിഗണിക്കുകയും ചെയ്യും.

Advertisment