സർക്കാരിന്റെ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്നും വിദ്യാർഥികൾക്ക് അംഗീകൃത സ്കൂളുകളിലേക്കു മാറാം

Thursday, April 12, 2018

സർക്കാരിന്റെ അംഗീകാരമില്ലാതെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ എഴുതി അംഗീകൃത സ്കൂളുകളിലേക്കു മാറുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇങ്ങനെ സ്കൂൾ മാറാം.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്നവരുടെ തുടർ പഠനം മുടങ്ങുന്നുവെന്നും ഇത്തരം സ്കൂളുകൾക്കു പരീക്ഷ നടത്താനും ടിസി നൽകാനും അധികാരമില്ലാത്തതിനാൽ തുടർ പഠനത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിനു ധാരാളം നിവേദനങ്ങൾ ലഭിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഉത്തരവ്.ഒന്നു മുതൽ ഒൻപതു വരെ അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കായി അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശന പരീക്ഷ നടത്തണം. ഇങ്ങനെ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ വയസിന്റെ അടിസ്ഥാനത്തിൽ ഈ അധ്യയന വർഷം മാത്രം പ്രവേശനം നൽകാം.

ഇതു സംബന്ധിച്ച നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർ,ഡിഡിമാർ,ഡിഇഒമാർ,,ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവർക്കു സർക്കാർ നൽകിയിട്ടുണ്ട്.

×