Advertisment

രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ ! കനലണയാതിരിക്കാന്‍ കേരളം; പിടിച്ചെടുക്കാന്‍ യുഡിഎഫ്. ചിന്നമ്മയെ പാട്ടിലാക്കി തമിഴകത്ത് ബിജെപി പുതിയ ഇന്നിങ്‌സ് തുടങ്ങുമോ അതോ സ്റ്റാലിന്‍ യുഗമോയെന്ന് കാത്ത് തമിഴ്‌നാട് ! കൂടുമാറിയ എംഎല്‍മാരെ പാട്ടിലാക്കി പുതുച്ചേരി പിടിക്കാന്‍ ബിജെപി; 'കൈ'വിടാതെ നോക്കാന്‍ കോണ്‍ഗ്രസ്, പൗരത്വ വിവാദം അസമില്‍ ആരെ തുണയ്ക്കും ? ബംഗാള്‍ കടുവയ്ക്ക് കാലിടറുമോ അതോ ബിജെപി ഭരണമോ ? തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് രാജ്യം !!

New Update

publive-image

Advertisment

ഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ മാറ്റങ്ങളേറെയുണ്ടായ അഞ്ചുവര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അഞ്ചു സംസ്ഥാനങ്ങള്‍ എത്തുമ്പോള്‍ മുന്നണി സമവാക്യങ്ങളും മാറി മറിയുകയാണ്. കൂടുവിട്ട് കൂടുമാറല്‍ തന്ത്രം ഏറ്റവും കൂടുതല്‍ ഗ്രസിച്ച നാളുകള്‍ കൂടിയാണ് കടന്നു പോകുന്നത്.

publive-image

മൂന്നാമതൊരു മുന്നണിയുടെ അടിവേരിട്ട വളര്‍ച്ച കണ്ടു മുന്നണി സമവാക്യങ്ങള്‍ പുതിയ തലത്തിലേക്കു മാറ്റിയ കേരളവും, താരങ്ങളെ ഇറക്കിയുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ ചിന്നമ്മയുടെ തിരിച്ചുവരവില്‍ എത്തിനില്‍ക്കുന്ന തമിഴ്‌നാടും നരേന്ദ്രമോദിയെ ശത്രുപക്ഷത്താക്കി ഒറ്റയാള്‍ പട്ടാളമായി മൂന്നേറുന്ന മമതയുടെ ബംഗാളും, പൗരത്വ പ്രക്ഷോഭം അലയടിച്ച അസമും, അപ്രതീക്ഷിത ഗവര്‍ണര്‍ മാറ്റത്തിലും ഭരണപ്രതിസന്ധിയിലും കുടുങ്ങിയ പുതുച്ചേരിയും വീണ്ടുമൊരു തെരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങുന്നു. എന്താകും സംഭവിക്കുക.

കനലൊരുതരി അണയുമോ ?

2016ല്‍ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തിയത്. 86 സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍ ഇവര്‍ നിര്‍ത്തിയ അഞ്ചു സ്വതന്ത്രരും വിജയിച്ചു. ഭരണപക്ഷമായിരുന്ന യുഡിഎഫ് ആകട്ടെ 47 സീറ്റുകളില്‍ ഒതുങ്ങി.

84 നിയോജക മണ്ഡലത്തില്‍ ജനവിധി തേടിയ സിപിഎം 58 ഇടത്ത് വിജയം കൊയ്തു. ഇടതുമുന്നണിയുടെ മറ്റൊരു പ്രധാന ഘടകകഷിയായ സിപിഐ 25 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് വിജയിച്ചപ്പോള്‍, നാലു സീറ്റില്‍ മത്സരിച്ച എന്‍സിപി രണ്ടിടത്തും ജയിച്ചു. എല്‍ഡിഎഫിന്റെ മറ്റു ഘടകകഷികളായ ജനതാദള്‍ (സെക്കുലര്‍)3, കോണ്‍ഗ്രസ് (എസ്)1, കേരള കോണ്‍ഗ്രസ് (ബി)1, സിഎംപി1, എന്‍എസ്സി 1 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.

എല്‍ഡിഎഫ് സ്വതന്ത്രര്‍ അഞ്ചു സീറ്റും നേടി. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 87 ഇടത്ത് മത്സരിച്ചതില്‍ 22 സീറ്റുകളിലാണു വിജയിച്ചത്. മുസ്ലിം ലീഗ്18 , കേരള കോണ്‍ഗ്രസ് (എം)6, കേരള കോണ്‍ഗ്രസ് (ജേക്കബ്)1 എന്നിങ്ങനെയാണ് മറ്റു സീറ്റുകളില്‍ വിജയിച്ചത്. കേരളത്തില്‍ മൂന്നാം മുന്നണി സാന്നിധ്യവുമായെത്തിയ എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി 98 ഇടത്ത് മത്സരിച്ചെങ്കിലും നേമത്ത് രാജഗോപാലിലൂടെ ഒരു സീറ്റു മാത്രമാണ് ലഭിച്ചത്.

publive-image

2016ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകകഷിയായി ഉദയം കൊണ്ട ബിഡിജെഎസ് ആകട്ടെ 36 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തു പോലും വിജയിച്ചില്ല. ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു മത്സരിച്ച പി.സി.ജോര്‍ജ് സ്വതന്ത്രനായും ജയിച്ചു.

മാറിമറിഞ്ഞ മുന്നണി സമവാക്യങ്ങളുടെ അകമ്പടിയോടെയാണ് പതിനഞ്ചാം നിയസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പും ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതില്‍ പ്രധാനം. പാലായെ ചൊല്ലി ഇടതുമുന്നണിയില്‍ നിന്നു പുറത്തുപോയി യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പന്റെ നീക്കം എത്രത്തോളം പ്രസിസന്ധി സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണണം.

രാജ്യത്ത് ഒരിടത്തുമാത്രമായി ഭരണമൊതുങ്ങിയ സിപിഎമ്മിനും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

തമിഴകത്ത് സ്റ്റാലിന്റെ ഉദയമോ അതോ ചിന്നമ്മ വരുമോ

തമിഴ്നാട്ടില്‍ 234 നിയോജക മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയായ എഐഎഡിഎംകെ 135 സീറ്റുകള്‍ (234 ഇടത്തു മത്സരിച്ചു) നേടിയാണ് ഭരണത്തിലേറിയത്. എതിര്‍ കക്ഷിയായ ഡിഎംകെ 180 സീറ്റുകളില്‍ മത്സരിച്ചതില്‍ 88 സീറ്റുകളിലാണ് വിജയിച്ചത്. ദേശീയ പാര്‍ട്ടിയായ ബിജെപി 188 നിയോജക മണ്ഡലത്തില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിച്ചില്ല.

കോണ്‍ഗ്രസാകട്ടെ 8 സീറ്റുകള്‍ നേടി. മുസ്ലിം ലീഗ് (ഐയുഎംഎല്‍) ഒരു സീറ്റും നേടി. 25 ഇടത്തു വീതം മത്സരിച്ച സിപിഎമ്മിനും സിപിഐയ്ക്കും ഒരു സീറ്റു പോലും ലഭിച്ചില്ല. 'വോട്ടിനു നോട്ട്' വിവാദത്തെ തുടര്‍ന്നു 2016ല്‍ മാറ്റിവച്ച തഞ്ചാവൂര്‍, അരുവാകുറിച്ചി മണ്ഡലങ്ങളില്‍ 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കായിരുന്നു വിജയം.

publive-image

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും തമിഴ്‌നാട് പിടിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുമാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ആദ്യഘട്ടം കൊഴുപ്പിച്ചതെങ്കില്‍, ജയില്‍ മോചിതയായി തിരിച്ചെത്തിയ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ സമ്പൂര്‍ണ രാഷ്ട്രീയ പ്രവേശനമാണ് നിലവില്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.

കൂടുമാറിയ പുതുച്ചേരി ഇക്കുറി ആര്‍ക്ക് ?

കോണ്‍ഗ്രസിന്റെ 'സ്വന്തമായിരുന്ന' പുതുച്ചേരിയില്‍ തzരഞ്ഞെടുപ്പ് അടുത്തതോടെ നടന്നത് വന്‍ മലക്കംമറിച്ചിലുകള്‍. പുതുച്ചേരി ഇനി ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചര്‍ച്ചകളും ഇതോടെ ശക്തം. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 30 നിയോജക മണ്ഡലങ്ങളിലേക്കാണു മത്സരം നടന്നത്. കോണ്‍ഗ്രസ് ഡിഎംകെ സഖ്യം അധികാരത്തിലേറി.

21 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 സീറ്റില്‍ വിജയിച്ചു. 9 സീറ്റില്‍ മത്സരിച്ച ഡിഎംകെ 2 സീറ്റിലും വിജയം നേടി. 30 സീറ്റില്‍ മത്സരിച്ച എഡിഎംകെ 4 സീറ്റുകളില്‍ വിജയിച്ചു.

publive-image

എഐഎന്‍ആര്‍സി 8 സീറ്റിലും സ്വതന്ത്രര്‍ ഒരു സീറ്റിലും വിജയിച്ചു. ദേശീയ പാര്‍ട്ടികളായ ബിജെപി, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ ഒരിടത്തു പോലും വിജയിച്ചില്ലെന്നു മാത്രമല്ല 30 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 29 ഇടത്തും 7 സീറ്റില്‍ മത്സരിച്ച സിപിഐയ്ക്ക് ആറിടത്തും നാലു സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് നാലിടത്തും കെട്ടിവച്ച കാശും നഷ്ടപ്പെട്ടു.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലെത്തി നില്‍ക്കുകയാണ്. വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കഴിഞ്ഞ 22നു രാജിവച്ചിരുന്നു. അതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ദീര്‍ഘനാളത്തെ പ്രശ്‌നത്തിന് വിരാമമിട്ട് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ തല്‍സ്ഥാനത്തു നിന്നു നീക്കിയുള്ള രാഷ്ട്രപതിയുടെ ഉത്തരവുമെത്തി.

നിലവില്‍ പുതിയ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സുന്ദരരാജനാണ് പുതുച്ചേരിയുടെ പൂര്‍ണ ഉത്തരവാദിത്തം. ഒപ്പം ചേരാനൊരുങ്ങുന്ന എംഎല്‍എമാരില്‍ കണ്ണുവച്ച് പുതുച്ചേരിയും പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

പൗരത്വ വിവാദം അസമില്‍ ആരെ തുണയ്ക്കും ?

2016ല്‍ രണ്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗോഗോയ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലേറിയത്. 126 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 1190 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 89 സീറ്റുകളില്‍ ജനവിധി തേടിയ ബിജെപി 60 സീറ്റുകളില്‍ വിജയിച്ചു. 122 സീറ്റുകളില്‍ ജനവിധി നേടിയ കോണ്‍ഗ്രസ് 26 സീറ്റില്‍ ഒതുങ്ങി.

publive-image

സംസ്ഥാന പാര്‍ട്ടികളായ അസം ഗണ പരിഷത്ത് (എജിപി) 14 സീറ്റിലും എഐയുഡിഎഫ് 13 സീറ്റിലും ബിഒപിഎഫ് 12 സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. എജിപി, ബിഒപിഎഫ്, ബിജെപി എന്നിവര്‍ ചേര്‍ന്നതാണ് എന്‍ഡിഎ മുന്നണി.

കോവിഡ് വാക്‌സിനേഷന്‍ പരിപാടിക്കു ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതോടെ 'പൗരത്വം നിയമം' തന്നെയാണ് അസമിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നത് വ്യക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി എംപിയും പ്രഖ്യാപിച്ചിരിക്കുന്നു.

മമതയോട് മമത തുടരുമോ ബംഗാള്‍ ?

ഈ തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 294ല്‍ 211 സീറ്റും നേടി അധികാരത്തിലേറിയ മമത ബാനര്‍ജിക്കു മുന്നില്‍ ബിജെപി ഉയര്‍ത്തുന്ന പ്രതിരോധമാണ് അതിനു കാരണം. 293 മണ്ഡലങ്ങളിലാണ് 2016ല്‍ തൃണമൂല്‍ ജനവിധി തേടിയത്.

അന്ന് 291 സീറ്റില്‍ മത്സരിച്ച ബിജെപി ആകെ ജയിച്ചത് മൂന്നു സീറ്റില്‍ മാത്രം. 263 ഇടങ്ങളില്‍ കെട്ടിവച്ച പണം പോലും ലഭിച്ചില്ല. അവിടെനിന്നാണ് ബംഗാളില്‍ അധികാരം നേടുമെന്ന് മമതയെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ബിജെപി എത്തിയത്.

publive-image

തൃണമൂലിലെ വിശ്വസ്തരെ ഉള്‍പ്പെടെ സ്വന്തം തട്ടകത്തിലെത്തിച്ച ബിജെപി തെരഞ്ഞെടുപ്പിനെ മമത ഒറ്റയ്ക്കു നേരിടേണ്ടി വരുമെന്ന ഭീഷണി പോലും മുഴക്കി. 2016ലെ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളില്‍ ജനവിധി തേടിയ കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടി. 30 വര്‍ഷത്തോളം ബംഗാള്‍ ഭരിച്ച സിപിഎം ആകട്ടെ 26 സീറ്റുകളില്‍ ഒതുങ്ങി.

11 മണ്ഡലങ്ങളില്‍ ജനവിധി തേടിയ സിപിഐ ഒരു സീറ്റിലാണ് വിജയിച്ചത്. സംസ്ഥാന പാര്‍ട്ടികളായ എഐഎഫ്ബി രണ്ടു സീറ്റിലും ആര്‍എസ്പി മൂന്നു സീറ്റിലും വിജയിച്ചു. ഗോര്‍ഖ ജന്‍മുക്ത് മോര്‍ച്ച 3 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഇക്കുറി ചിത്രം കണ്ടറിയണം.

election 2021
Advertisment