മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നത  ; എന്റെ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതിനാല്‍ കമ്മീഷനില്‍ എന്റെ പങ്കാളിത്തത്തിന് പ്രാധാന്യമില്ലാതായിരിക്കുന്നു ; ഇലക്ഷന്‍ കമ്മീഷന്‍ യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് ഒരു കമ്മീഷണര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

ഡല്‍ഹി :  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നത ശക്തമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും കമ്മീഷണറായ അശോക് ലവാസ വിട്ടുനിന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ സുനില്‍ അറോറയും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസ, സുനില്‍ ചന്ദ്ര എന്നിവര്‍ അടങ്ങിയതാണ് ഇലക്ഷന്‍ കമ്മീഷന്‍. നേരത്തെ ഐകകണ്ഠമായ തീരുമാനങ്ങളായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ അടുത്തിടെയായി പല വിഷയങ്ങളില്‍ ഭിന്നത ഉയരുകയും ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കേണ്ടി വരികയും ചെയ്തിരുന്നു.

‘ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നാണ് മെയ് നാലിന് ലാവാസ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.

‘ എന്റെ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതിനാല്‍ കമ്മീഷനില്‍ എന്റെ പങ്കാളിത്തത്തിന് പ്രാധാന്യമില്ലാതായിരിക്കുന്നു’ എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

×