മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി മനേകാ ഗാന്ധിക്കും പെരുമാറ്റച്ചട്ടം ലംഘിച്ച അസം ഖാനു൦ പണികിട്ടി. 72 മണിക്കൂര്‍ ഇലക്ഷന്‍ പ്രചരണത്തില്‍ പങ്കെടുക്കുന്നതില്‍ വിലക്ക്. ചട്ടം ലംഘിച്ചവര്‍ക്ക് പണി കിട്ടും !!

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 15, 2019

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കും എസ് പി നേതാവ് അസം ഖാനുമെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തു .

ചൊവ്വാഴ്ച രാവിലെ പത്തു മണിമുതല്‍ മൂന്നുദിവസത്തേക്ക് (72 മണിക്കൂര്‍) പ്രചരണം നടത്തുന്നതില്‍നിന്ന് അസം ഖാനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി.

‘ഞാന്‍ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു’വെന്നുമാണ് അസംഖാന്‍ പറഞ്ഞത്.

ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്ന എതിര്‍ സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് അസം ഖാനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തത്. രാംപുറില്‍ പ്രചരണം നടത്തുന്നതിനടെയാണ് ജയപ്രദയ്‌ക്കെതിരെ അസം ഖാന്‍ പരാമര്‍ശം നടത്തിയത്.

തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് മുസ്‌ലിം സമുദായാംഗങ്ങളോടു പറഞ്ഞതിനാണ് മേനകയ്‌ക്കെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ അടുത്ത 48 മണിക്കൂര്‍(രണ്ട് ദിവസം)തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കരുതെന്നാണ് മേനകയോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

×