പ്രചാരണ പോസ്റ്റര്‍ ചുമരില്‍ പതിച്ചു ; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

അമേഠി : അമേഠിയില്‍ വീട്ടുടമസ്ഥന്റെ അനുമതിയില്ലാതെ പ്രചാരണ പോസ്റ്റര്‍ ചുമരില്‍ പതിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. ന്യായ് പദ്ധതിയുടെ പോസ്റ്ററാണ് പതിച്ചത്. ഇരുപത്തിനാല് മണിക്കൂറിനകം രാഹുല്‍ മറുപടി നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

അതേസമയം ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തിലും രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേഠിയില്‍ പത്രിക നല്‍കാനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപി പരാതിയില്‍ പറഞ്ഞിരുന്നത്.

ഇക്കാര്യം വ്യക്തമാക്കുന്ന മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍ നടപടികള്‍.

×