Advertisment

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച്;രാജസ്ഥാനിലും ബിജെപി ഭരണം കൈവിടുമെന്ന് സര്‍വ്വേ

New Update

മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിക്ക് ഇഞ്ചോടിഞ്ച് പോരാടേണ്ടി വരുമെന്നും രാജസ്ഥാനിലും ഭരണം കൈവിടുമെന്നും സര്‍വ്വേ. എന്നാല്‍ തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നും ഇന്ത്യ ടുഡേ നടത്തിയ പൊളിറ്റിക്കല്‍ എക്‌സചേഞ്ച് സര്‍വ്വേ പറയുന്നു.

Advertisment

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. നഗരങ്ങളിലെ സീറ്റുകളില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെങ്കിലും ഗ്രാമപ്രദേശങ്ങളിലും അതാവില്ല സ്ഥിതി. ബിഎസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്‍ഹ യുവജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാണ്. എങ്കിലും ബിജെപി 52 ശതമാനം വോട്ട് സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. അതേ സമയം പോരാട്ടം കടുക്കുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നേക്കാമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാവണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയോട് കടുത്ത ദേഷ്യമുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. അഞ്ചോ ആറോ ശതമാനം വോട്ട് വ്യത്യാസം കോണ്‍ഗ്രസ് നേടുമെന്നും സര്‍വ്വേ പറയുന്നു.

ചത്തീസ്ഗഡില്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇഞ്ചോടഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വ്വേ പറയുന്നു. എന്നാല്‍ അജിത്ത് ജോഗിയുടെ ജനത കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള സഖ്യം ബിജെപിയെ സഹായിച്ചേക്കാമെന്നും സര്‍വ്വേ പറയുന്നു. ഏഴ് ശതമാനത്തോളം വോട്ട് ഇവര്‍ സ്വന്തമാക്കിയേക്കും. അങ്ങനെ വന്നാല്‍ രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നേക്കാമെന്ന് പറയുന്നു സര്‍വ്വേ.

തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവു നടത്തിയ ക്ഷേമപദ്ധതികളുടെ ഗുണം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 75 ശതമാനം പേരും ടിആര്‍എസിനെ പിന്തുണക്കുന്നുവെന്നാണ് സര്‍വ്വേ ഫലം.

Advertisment