Advertisment

തിരുവമ്പാടിയില്‍ വിട്ടുവീഴ്ചയില്ലാതെ താമരശേരി രൂപത ! താമരശേരി ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയിലിനെ കണ്ട് കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും. സഭയ്ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥി വന്നാല്‍ മാത്രം പിന്തുണയെന്ന് ബിഷപ്പ് ലീഗ് നേതാക്കളോട്. കോണ്‍ഗ്രസുമായി തിരുവമ്പാടി വച്ചുമാറാനാലോചനയുമായി ലീഗ്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി സിപി ജോണ്‍ തിരുവമ്പാടിയിലേക്കോ ? സിപി ജോണിനെ പരിഗണിക്കണമെന്ന് ലീഗിനോട് കോണ്‍ഗ്രസും

New Update

publive-image

Advertisment

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റമീജിയോസ് ഇഞ്ചനാനിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് കൂടിക്കാഴ്ച നടത്തിയത്.

തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.

ഈ അതൃപ്തി നീക്കുകയായിരുന്നു ലീഗിന്റെ ലക്ഷ്യം.എന്നാല്‍ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ സഭയ്ക്ക് കൂടി താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് സഭ നിലപാട് ആവര്‍ത്തിച്ചതായാണ് വിവരം.

തല്‍ക്കാലം താമരശേരി രൂപതാ നേതൃത്വത്തെ പിണക്കാന്‍ ലീഗും തയ്യാറല്ല. സഭാ നേതൃത്വം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവമ്പാടി കോണ്‍ഗ്രസുമായി വച്ചുമാറാന്‍ നീക്കം നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പേരാമ്പ്രയാണ് ലീഗിന്റെ മനസിലുള്ളത്.

പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഇവിടെ നോട്ടമിട്ടിട്ടുള്ളതിനാല്‍ അതില്‍ വേഗമൊരു തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതല്ലെങ്കില്‍ ലീഗിന്റെ ബാനറില്‍ തന്നെ സഭയ്ക്ക് കൂടി താല്‍പ്പര്യമുള്ള ക്രൈസ്തവ പ്രതിനിധിയെ മത്സരിപ്പിക്കണം. ഇതില്‍ ലീഗിനുള്ളില്‍ ചിലപ്പോള്‍ പൊട്ടിത്തെറിയുണ്ടാകാനിടയുണ്ട്.

നേരത്തെ ഇത്തവണ തിരുവമ്പാടി സീറ്റ് സിപി ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് ഇതിന് സമ്മതം നല്‍കിയിരുന്നില്ല. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ലീഗിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടായാല്‍ സിപി ജോണ്‍ തിരുവമ്പാടിയില്‍ മത്സരിക്കും.

Advertisment