Advertisment

പ്രചാരണത്തിന്റെ അവസാന ലാപ്പിൽ തൊടുപുഴയിലെ മുന്നണി നേതൃത്വങ്ങളിൽ ആശങ്കയുണർത്തി സ്വതന്ത്ര സ്ഥാനാർഥി എം. റ്റി. തോമസ്. അവഗണിക്കപ്പെട്ട കിഴക്കൻ മേഖലയുടെ ധീരമായ ശബ്ദം എന്ന തെരഞ്ഞെടുപ്പ് തലവാചകം രാഷ്ട്രീയ പാർട്ടികൾക്ക് താക്കീതാകുന്നു. തൊടുപുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണം വഴിത്തിരിവിൽ

author-image
admin
Updated On
New Update

publive-image

Advertisment

തൊടുപുഴ: സുസംഘടിതമായ മുന്നണി സംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകലിലൂടെ മാത്രമേ സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം സാധ്യമാവുകയുള്ളൂ. എന്നാണ് തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ തലത്തിൽ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.

1996ലും 2006ലും തൊടുപുഴയിൽ മൽസരിച്ചു പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാർഥി എം. റ്റി. തോമസ് ഇത്തവണ വീണ്ടും മൽസരിക്കുമ്പോൾ അതിന് പുതിയ മാനം കൈവന്നിരിക്കുന്നതായി കാണുവാൻ കഴിയും. അവഗണിക്കപ്പെട്ട കിഴക്കൻ മേഖലയുടെ ധീരമായ ശബ്ദം എന്ന മുദ്രാവാക്യം ഒന്ന് മാത്രം മതി, തൊടുപുഴയിലെ രാഷ്ട്രീയ ചിത്രത്തിൽ പുതിയ ചിന്താധാരകൾ വരച്ചു ചേർക്കുന്നു എന്ന് മനസ്സിലാക്കുവാൻ.

ഇത്തരുണത്തിൽ തൊടുപുഴയുടെ കിഴക്കൻ മേഖല നേരിടുന്ന അവഗണനയും പരിഹാസവും ചൂണ്ടിക്കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു ലേഖനമാണ് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നത്.

" കണ്ടീഷണിങ്ങ് എന്ന ആംഗലേയ പദത്തിന്റെ അർത്ഥം നിഘണ്ടുവിൽ തിരഞ്ഞാൽ ലഭിക്കുന്ന ഉത്തരം പ്രധാനമായും ഇപ്രകാരമാണ്. 'ഒരു വ്യക്തിയെ അല്ലെങ്കിൽ മൃഗത്തെ ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നതിനോ അല്ലെങ്കിൽ ചില സാഹചര്യങ്ങൾ സ്വീകരിക്കുന്നതിനോ പരിശീലനം നൽകുന്ന അല്ലെങ്കിൽ പരിശീലിപ്പിക്കുന്ന പ്രക്രിയ.'. ഇതേപോലെ കണ്ടീഷണിങ്ങ് നടത്തപ്പെടുകയും ചിന്തകൾ ഷണ്ഡീകരിക്കപ്പെടുകയും ചെയ്ത ഒരു സമൂഹമാണ് തൊടുപുഴയിൽ ഉള്ളത്.

നിരന്തരം പരിഹസിക്കപ്പെടുന്ന തൊടുപുഴയുടെ കിഴക്കൻ മേഖല

നിത്യാഭ്യാസി തൊഴിൽ മറക്കില്ല എന്ന് പഴഞ്ചൊല്ല് പോലെയാണ് തൊടുപുഴയുടെ കിഴക്കൻ മേഖലയിൽ വസിക്കുന്നവരുടെ ജീവിതരീതി. എന്തിനും ഏതിനും തൊടുപുഴ എന്ന നഗരത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ. എല്ലാ വികസന ആശയങ്ങളും തൊടുപുഴ നഗരാതിർത്തിയിലോ, മലങ്കര - മുട്ടം ഭാഗത്തോ ആയി നേതാക്കൾ പ്രഖ്യാപിക്കുമ്പോൾ അതിന് കയ്യടിക്കേണ്ടി വരുന്ന നിലയിൽ ആണ് സമൂഹത്തിന്റെ ചിന്തയെ കണ്ടീഷണിങ്ങ് ചെയ്തു പരുവപ്പെടുത്തിയിരിക്കുന്നത്.

റോഡ് വികസനം എന്ന വീമ്പ് പറച്ചിൽ

തൊടുപുഴയിലെ റോഡുകൾ നാറ്റ് പാക് പഠന പ്രകാരം കാളവണ്ടി ചക്രം പോലെയാണ് എന്നാണ് ഒരു കൂട്ടം സ്തുതി പാഠകരുടെ കണ്ടെത്തൽ. ചക്രം ഒക്കെ പോകട്ടെ, നിർമ്മിച്ച ഏതെങ്കിലും വഴിയിൽ എങ്കിലും, അംഗപരിമതർക്ക് കൂടി ഉപകാരപ്പെടുന്ന നടപ്പാത, കേബിൾ/പൈപ്പിങ്ങ് ട്രഞ്ചുകൾ, ജലമൊഴുകാനുള്ള ചാലുകൾ, കക്കൂസുകൾ, റോഡിൽ വേണ്ട സ്ലിപ് ലെയ്നുകൾ, എക്സിറ്റ് ലെയ്നുകൾ, ബസ് ബേയ്കൾ തുടങ്ങി എന്ത് ആസൂത്രിത വികസനമാണ് നടത്തിയത്. വണ്ടിക്കാളകളും, കഴുതകളും ആയി ജനത്തെ കണ്ട് ചാട്ടയടിച്ചു തെളിച്ചു കൊണ്ട് പോകുന്ന ഒരു സമീപനമാണ് ഈ നാട്ടിലുള്ളത്. ആധുനിക തൊടുപുഴ, ആസൂത്രിത നഗരം എന്നെല്ലാം വച്ച് കാച്ചുന്നത് ഭൂരിഭാഗവും ജോണി വാക്കർ സ്മോളും ഒഴിച്ച് കഴിച്ച് ബേബി സിറ്റിങ് നടത്തിയും ജീവിക്കുന്ന ചിലയാളുകളാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. അക്കൂട്ടത്തിൽ നാട്ടിലെ ചില വിരുതൻമാരുമുണ്ട്.

എന്നാൽ വഴിയും വികസനവും ആവശ്യമുള്ള കിഴക്കൻ മേഖല അവഗണനയുടെ പടുകുഴിയിൽ ആണ്. എറണാകുളം പാത ഉണ്ടാക്കാൻ മുറവിളി കൂട്ടുന്ന ഇടതുവലതു മുന്നണികൾക്ക് ഇടുക്കിയിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായാകമാകുന്ന, ഉടുമ്പന്നൂർ കൈതപ്പാറ വഴിയേ കുറിച്ച് മിണ്ടുന്നില്ല. ഫോറസ്റ്റ് ക്ലിയറൻസ് വാങ്ങുവാൻ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കുകയില്ല. അവർക്ക് ഉപ്പുകുന്ന് വഴി ഉൾക്കൊള്ളാൻ ആവില്ല.

മലങ്കര വികസനമല്ല വേണ്ടത്, മലയോര വികസനം.

തൊടുപുഴയിൽ ഉള്ള കാളവണ്ടി ചക്രവും, മലങ്കര മോഡലും ഇല്ല, സുസ്ഥിര വികസനത്തിന് ആവശ്യം. മൂലമറ്റത്ത് നിന്ന് ആരംഭിച്ച് കോതമംഗലത്ത് എത്തിനിൽക്കുന്ന ഏരിയൽ റൂട്ടിലുള്ള ( ആകാശമാർഗ്ഗം നേർരേഖ) ഒരു ഗ്രീൻ ഹബ് ടെക്നോളജി ടൂറിസം ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ആണ് ഇന്നത്തെ ദ്രുതഗതിയിലുള്ള വികസനത്തിന് ആവശ്യം. വെള്ളിയാമറ്റം, ഉടുമ്പന്നൂർ, കരിമണ്ണൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളുടെ മുഖച്ഛായ മാറ്റുന്ന, നാട്ടിൽ സാമ്പത്തിക വളർച്ചയുണ്ടാക്കാനും ഉതകുന്ന ഇത്തരം ഒരു പദ്ധതി, കിഴക്കൻ മേഖലയിൽ ഉള്ളവർക്ക് സ്വന്തം നാട്ടിൽ തൊഴിൽ നേടാനും, പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സഹായകമാകും.

ഗ്രീൻ ഹബ് പ്രോജക്ട് ആയതിനാൽ പരിസ്ഥിതി നിയമങ്ങൾ പാലിച്ച് നിർമ്മാണങ്ങൾ നടത്തുവാൻ സാധിക്കുകയും ചെയ്യും. കാളിയാർ ആയിരിക്കണം ഇത്തരം ഒരു പ്രോജക്ടിന്റെ സെന്റർ പോയിന്റ്. മൂലമറ്റം കോതമംഗലം രൂപത്തിൽ നേർരേഖയിൽ ഒരു വഴി വന്നാൽ കിഴക്കൻ മേഖല പൂർണമായും പരസ്പരം ബന്ധിക്കപ്പെടുയും, കോട്ട വഴിയുടെ വികാസത്തിലൂടെ തൊടുപുഴ എത്താതെ തന്നെ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യാം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്ന പിന്തിരിപ്പൻ സമീപനം.

തൊടുപുഴയിൽ നിന്നും വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടുണ്ടെങ്കിലും ഒരു നല്ല സർക്കാർ സ്കൂൾ സമുച്ചയവും അനുബന്ധ സംവിധാനങ്ങളും തൊടുപുഴയിലോ, കിഴക്കൻ മേഖലകളിലോ ഇല്ല. കുട്ടികളെ ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രാപ്തമാക്കുന്ന മൈതാനങ്ങളോ, നീന്തൽ പരിശീലനകുളങ്ങളോ ഇല്ല. കിഴക്കൻ മേഖലയിലെ കാളിയാറിൽ സ്ഥാപിക്കാമായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുട്ടത്തേക്ക് പ്രതിഷ്ഠിച്ചു ഒരു പ്രദേശം മാത്രം കേന്ദ്രീകൃതമായ നടത്തിയ വികസനതാത്പര്യം സമഗ്രമല്ല.

അവഗണിക്കപ്പെട്ട ആരോഗ്യമേഖല

വെള്ളിയാഴ്ച, ഉടുമ്പന്നൂർ, വണ്ണപ്പുറം, കരിമണ്ണൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കൂടുതൽ സ്ഥലം ഏറ്റെടുത്തു കൊണ്ട് ഭാവിയെ മുൻകൂട്ടി കണ്ട് സ്വകാര്യ ആശുപത്രിചളോട് കിടപിടിക്കുന്ന രീതിയിൽ മികച്ച രീതിയിൽ ഉള്ള ആശുപത്രി കെട്ടിടങ്ങൾ നിർമ്മിക്കുകയും കിടത്തി ചികിത്സ നടത്തുന്നതിന് സൗകര്യം ഒരുക്കുന്ന വിധത്തിൽ വികസനം നടപ്പിലാവേണ്ടതുണ്ട്. ക്രിട്ടിക്കൽ കെയർ സൗകര്യം ഉള്ള ആമ്പുലൻസുകൾ കിഴക്കൻ മേഖലയിൽ എല്ലാ പഞ്ചായത്തിലും ആവശ്യമാണ്.

ആരോഗ്യം എന്നത് കേവലം ചികിത്സ മാത്രമല്ല. ശാരീരികമായ ആരോഗ്യവും മാനസികമായ ആരോഗ്യവും നല്ല ഒരു ജീവിതത്തിന് ആവശ്യമാണ്. ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന് ഉതകുന്ന മൈതാനങ്ങളോടു കൂടിയ ഗ്രീൻ പാർക്കുകളും, കളിസ്ഥലങ്ങളും എല്ലാ പഞ്ചായത്തുകളിലും അനവധി എണ്ണം ആവശ്യമായുണ്ട്. ഇത്തരം കാര്യങ്ങളിൽ എല്ലാം ഇടത് വലത് ബിജെപി മുന്നണികൾ വായ്മൂടിക്കെട്ടിയിരുപ്പാണ്.

സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തത

നവീന സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തത തൊടുപുഴയിൽ എല്ലായിടത്തും പ്രകടമാണ്. റോഡ് സുരക്ഷയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഒരു പ്രഭ കാളിയാർ കേന്ദ്രമാക്കി വിദേശ ഡ്രൈവിംഗ് പരീശീലനം മാതൃകയുൾക്കൊണ്ട്, മികച്ച രീതിയിൽ ഉള്ള ഒരു സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാവുന്നതാണ്.

സിസിടിവി ക്യാമറകളുടെ അഭാവവും, സ്പീഡ് ക്യാമറകളുടെ അഭാവവും തൊടുപുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഒരു പ്രധാന വിഷയമാണ്. തൊടുപുഴ നിയോജക മണ്ഡലം മുഴുവനും ഒരു സിസിടിവി ക്യാമറ നെറ്റ്‌വർക്ക് സ്ഥാപിക്കേണ്ടതായുണ്ട്. ഒപ്പം എല്ലാ റോഡുകളിലും സ്പീഡ് ക്യാമറകളും.

വഴിയോര കച്ചവടം എന്ന വിപത്ത്

തൊടുപുഴയുടെ കിഴക്കൻ മേഖല വഴിയോര കച്ചവടം എന്ന വിപത്തിനെ നേരിടുകയാണ്. ഒരു ആപ്പേ റിക്ഷ ടയർ ഊരി മാറ്റി ഇട്ട് റോഡിൽ സ്വന്തമായി കടമുറി ഉണ്ടാക്കിയെടുക്കുകയാണ് ചിലർ. അവർക്ക് ഒത്താശ ചെയ്യുന്ന വികടവും വികൃതവുമായ സമീപനമാണ് തൊടുപുഴയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

അനധികൃതമായി നടത്തുന്ന വഴിയോര കച്ചവടം നാട്ടിൽ ആരോഗ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനൊപ്പം, അരിജകത്വവും, നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഇക്കാര്യത്തിൽ കുറ്റകരമായ മൗനം തുടരുകയാണ്.

ജലദൗർലഭ്യവും ആലക്കോട് കുടിവെള്ള പദ്ധതി എന്ന വെള്ളാനയും

കിഴക്കൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ആരംഭിച്ച ആലക്കോട് കുടിവെള്ള പദ്ധതി അഴിമതിയുടെ പ്രഹരശേഷി യുള്ള ബോംബ് ആണ്. റോഡിന്റെ ഇരുവശവും പൈപ്പ് സ്ഥാപിക്കാതെ തുടങ്ങിയ അഴിമതി, വെള്ളം തുറന്നു വിട്ടാൽ റോഡുകളെ തകർത്തു തരിപ്പണമാക്കുന്ന കുഴിബോംബുകളാണ്.

തൊടുപുഴയിലെ മുന്നണി സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ ഉറക്കം നടിക്കുകയാണ്. 28 കോടി മുതൽമുടക്കിൽ ആരംഭിച്ചു ആയിരം കോടി ചെലവഴിച്ചിട്ടും പൂർത്തിയാകാത്ത എംവിഐപി പദ്ധതിയെക്കുറിച്ച് ആർക്കും ആശങ്കയില്ല. കിഴക്കൻ മേഖലയിലെ ഏതെങ്കിലും ഒരു പഞ്ചായത്തിലെങ്കിലും എംവിഐപി പദ്ധതി കൊണ്ട് വെള്ളം എത്തിയിട്ടുണ്ടോ എന്ന് മുന്നണികൾ വ്യക്തമാക്കണം.

തൊടുപുഴയ്ക്ക് ആവശ്യം കിഴക്കൻ മേഖലയിൽ നിന്നുള്ള എംഎൽഎ

കുസുമം ജോസഫിനും ഏ. സി. ചാക്കോയ്ക്കും ശേഷം തൊടുപുഴയുടെ കിഴക്കൻ മേഖല പൂർണ്ണമായും അവഗണിക്കപ്പെട്ട അവസ്ഥയിൽ ആണ്. തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിൽ ഇനി ആവശ്യം കിഴക്കൻ മേഖലയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയെ ആണ്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ചർച്ചാവിഷയം ആക്കിയത് എം. റ്റി. തോമസ് എന്ന സ്വതന്ത്ര സ്ഥാനാർഥി ആണ്. സിസിടിവി ക്യാമറ ചിഹ്നത്തിൽ മൽസരിക്കുന്ന തോമസ് ഉയർത്തിയ രാഷ്ട്രീയ ചോദ്യം മുന്നണി സ്ഥാനാർത്ഥികളുടെ വിജയം മൂടി കെട്ടിയിരിക്കുകയാണ്. വിജയമോ പരാജയമോ അല്ല, മറിച്ച് സ്വതന്ത്രമായ നിലപാടും സുവ്യക്തമായ രാഷ്ട്രീയമെന്ന് തോമസ് തെളിയിച്ചു കഴിഞ്ഞു.

മുന്നണികളുടെ അധാർമിക രാഷ്ട്രീയ നിലപാടുകളും, വികസനത്തിലെ അസന്തുലിതാവസ്ഥയും, കിഴക്കൻ മേഖലയോടുള്ള അവഗണനയും ഒപ്പിയെടുക്കാൻ എം.റ്റി. തോമസിന്റെ സിസിടിവി ക്യാമറ വേണ്ടി വന്നു എന്നത് രാഷ്ട്രീയ മുന്നണികൾക്ക് നാണക്കേടാണ്.

കിഴക്കൻ മേഖല എന്നാണോ കണ്ടീഷണിങ്ങിൽ നിന്നും പുറത്ത് വരുന്നത്, അന്ന് കിഴക്ക് പുതിയൊരു രാഷ്ട്രീയ ഉദയം ഉണ്ടാവുക തന്നെ ചെയ്യും. "

Advertisment