Advertisment

വീട്ടിലുള്ളത് രണ്ട് ഫാന്‍, നാല് ബള്‍ബ്, മിക്‌സി, ടെലിവിഷന്‍ എന്നിവ; വൈദ്യുതി ബില്‍ 5494 രൂപ ! ബില്‍ അടയ്ക്കാന്‍ പലിശയ്ക്ക് പണം ഏടുക്കേണ്ട ഗതികേടില്‍ ഒരു കുടുംബം

New Update

publive-image

Advertisment

കരുവാരക്കുണ്ട്: നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന കുടുംബത്തിന് കെഎസ്ഇബിയുടെ വക ഇരട്ടി ഷോക്ക്. രണ്ട് ഫാനും നാല് ബള്‍ബും മിക്‌സിയും ടിവിയും മാത്രമുള്ള കുടുംബത്തിന് ലഭിച്ചത് 5494 രൂപയുടെ വൈദ്യുതി ബില്‍. കൽക്കുണ്ട് കപ്പിലാംതോട്ടത്ത് നിരപ്പേക്കാട്ടിൽ ചിന്നപ്പന്റെ(90) വെദ്യുതി ബില്ല് ഒരു വര്‍ഷമായി ബില്‍ 1500, 2000ത്തിന് ഇടയിലാണ് വരാറുള്ളത്.

ഇത്തവണ അതിന്റെ ഇരട്ടി വന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് കുടുംബം. കറണ്ട് ബില്‍ മാത്രം അടയ്ക്കാന്‍ പലിക്കാരില്‍ നിന്നും പണം കടം വാങ്ങേണ്ട ഗതികേടില്‍ എത്തിയിരിക്കുകയാണ് കുടുംബം. ഇത്രയും വലിയ തുക അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മൂന്ന് പ്രാവശ്യം വൈദ്യുതി വിച്ഛേദിച്ചു. ഒരു പ്രാവശ്യം സര്‍വീസ് വയര്‍ മുറിച്ചതായും കുടുംബം പറയുന്നു.

പത്തും പതിനഞ്ചും ദിവസം വൈദ്യുതിയില്ലാതെ കഴിയും. കുട്ടികള്‍ക്ക് പഠിക്കാനുള്ളതിനാല്‍ ബില്‍ അടയ്ക്കാന്‍ പലിശക്കാരില്‍നിന്നു പണം കടം വാങ്ങുകയും ചെയ്തതായി കുടുംബം പറയുന്നു. 2019 ഏപ്രിൽ 6ന് വീടിന്റെ വൈദ്യുതി മീറ്റർ മാറ്റിയിരുന്നു. അതിനു ശേഷമാണ് ബില്ല് 1500നു മുകളിൽ വരാൻ തുടങ്ങിയത്.

പരാതി നൽകിയപ്പോൾ കഴിഞ്ഞ ജനുവരി 21ന് മീറ്ററിന് തകരാറുണ്ടോയെന്ന് വൈദ്യുതി ജീവനക്കാർ പരിശോധിച്ചു. എന്നാൽ തകരാർ കണ്ടെത്താൻ കഴിഞ്ഞില്ല. പുതിയ മീറ്റർ ഉപയോഗിക്കുന്നതിനു മുൻപുള്ള കുടിശിക 2378 രൂപ കൂടി ചേർത്ത് 5494 രൂപയുടെ ബില്ലാണ് ലഭിച്ചത്.

ചിന്നപ്പന്‍ 5 വര്‍ഷമായി കിടപ്പുരോഗിയാണ്. ഭാര്യ ലക്ഷ്മിക്കു 65 വയസ്സ് കഴിഞ്ഞതിനാല്‍ തൊഴിലുറപ്പ് ജോലിയും നഷ്ടപ്പെട്ടു. മകന്‍ ഗുരുവായൂരപ്പന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. നട്ടെല്ലിനു ക്ഷതമുള്ളതിനാല്‍ പലപ്പോഴും ജോലി ചെയ്യാന്‍ കഴിയാറില്ല. 2 വിദ്യാര്‍ത്ഥികളടക്കം 7 അംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്.

3 മാസത്തിനിടെ അര ലക്ഷം രൂപയോളം പലരില്‍നിന്നും കടംവാങ്ങിയതായി ഗുരുവായൂരപ്പന്‍ പറഞ്ഞു. ചിന്നപ്പന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. വയറിങ്ങില്‍ വരുന്ന അപാകത മൂലം വൈദ്യുതി ചോര്‍ച്ചയുണ്ടായി ബില്ല് കൂടാന്‍ സാധ്യതയുണ്ടെന്നും മീറ്റര്‍ തകരാര്‍ ഇല്ലെന്നും വൈദ്യുതി വകുപ്പ് എഇ അറിയിച്ചു.

Advertisment