Advertisment

വൈദ്യുതി ഉപഭോഗത്തില്‍ റെക്കോഡ് രേഖപ്പെടുത്തി കേരളം !

New Update

publive-image

Advertisment

തിരുവനന്തപുരം: വേനൽ കടുക്കുന്നതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ചയാണ് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 8.84 കോടി യൂണിറ്റ്. 2019 മേയ് 23-ന് 8.83 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് ഇതിനുമുമ്പത്തെ റെക്കോഡ്.

ചൂട് കൂടിയതും തിരഞ്ഞെടുപ്പു പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുന്നതുമാണ് വൈദ്യുതി ഉപയോഗം റെക്കോഡിലെത്താൻ കാരണം. സാധാരണ മേയ് മാസത്തിലാണ് കൂടുതല്‍ വൈദ്യുതി ഉപയോഗം കണ്ടുവരുന്നത്. കഴിഞ്ഞവർഷം 6.7 കോടി യൂണിറ്റായിരുന്നു കേരളത്തിലെ പ്രതിദിന ശരാശരി ഉപയോഗം. ഇത്തവണ മാർച്ചിൽ ഇതുവരെയുള്ള ശരാശരി 8.17 കോടി യൂണിറ്റാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഈവർഷത്തെ പ്രതിദിന ശരാശരി 6.85 കോടി യൂണിറ്റാവുമെന്നാണ് വൈദ്യുതിബോർഡ് കണക്കാക്കുന്നത്.

രാത്രിയിലെ ഉപയോഗം വര്‍ധിച്ചുവരുന്നതിനാല്‍ പകൽ കേരളത്തിന് വൈദ്യുതി മിച്ചമാണ്. അതിനാൽ വൈദ്യുതി വിൽക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിനു പുറമേ ദീർഘകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങുന്നുമുണ്ട്. ഇതാണ് മിച്ചംവരാൻ കാരണം.

കരാർപ്രകാരം മുൻനിശ്ചയിച്ച വിലയിലാണ് വൈദ്യുതി വാങ്ങുന്നത്. എന്നാൽ, പവർ എക്സ്ചേഞ്ചിൽ പലപ്പോഴും നിത്യേനയുള്ള വിൽപ്പനവില ഇതിനെക്കാൾ കൂടുതലായിരിക്കും. വില ഉയർന്നുനിൽക്കുന്നതിനാലാണ് പകൽ ഇപ്പോൾ കേരളം വൈദ്യുതി വിൽക്കുന്നത്.  ഈ രീതിയില്‍ വെള്ളിയാഴ്ച 22.6 ലക്ഷം യൂണിറ്റ് വരെ വിൽക്കാനായി.

വൈദ്യുതി ലഭ്യതയിൽ കുറവുവരാതിരിക്കാൻ ഡൽഹിയിൽനിന്ന് 150 മെഗാവാട്ടും പല വിതരണ കമ്പനികളിൽനിന്നായി 200 മെഗാവാട്ടും കൂടുതൽ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നു. ഡൽഹിയിൽനിന്ന് മാർച്ച്, ഏപ്രിലിലേക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന് പണം നൽകേണ്ടതില്ല. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ തിരിച്ചു നൽകിയാൽ മതി. യൂണിറ്റിന് 3.04 രൂപയ്ക്കാണ് വിവിധ ഉത്പാദകരിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്.

വൈദ്യുതി ഉപയോഗത്തിലെ വര്‍ദ്ധനവ് (യൂണിറ്റ് കോടിയിൽ): മാർച്ച് 15: 8.36, മാർച്ച് 16: 8.48, മാർച്ച് 17: 8.64, മാർച്ച് 18: 8.68.

trivandrum news
Advertisment