ഇടിമിന്നലേറ്റ് അസമിൽ 18 കാട്ടാനകൾ ചരിഞ്ഞു; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ദിസ്പുർ: അസമിൽ ഇടിമിന്നലേറ്റ് 18 കാട്ടാനകൾ ചരിഞ്ഞു. അസം നാ​ഗോണിലെ ബമുനി ഹിൽസിലാണ് സംഭവം. 14 ആനകൾ മലമുകളിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

പ്രദേശവാസികളാണ് കാട്ടാനകൾ കൂട്ടത്തോടെ ചത്ത വിവരം വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ 18 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ള. ഇടിമിന്നലേറ്റാണ് മരണം എന്നാണ് പ്രാഥമിക നി​ഗമനം.

ഇടിമിന്നലേറ്റ ആനകൾ ചരിയുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും കൂട്ടത്തോടെ ആനകൾ ചരിയുന്നത് സംശയമുണർത്തുന്നു. കൂട്ടത്തോടെ ഇത്രയും ആനകൾ ഇടിമിന്നലേറ്റ് ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം നടത്തണം എന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് നടപടി ക്രമങ്ങൾ വേ​ഗത്തിൽ പൂർത്തിയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

×