Advertisment

ഇപിഎഫ് 8.5 ശതമാനം പലിശയുടെ ആദ്യ ഗഡു ദീപാവലിയോടെ ക്രെഡിറ്റ് ചെയ്യും

New Update

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തങ്ങളുടെ വരിക്കാര്‍ക്ക് 8.5 ശതമാനം പലിശയുടെ ആദ്യ ഗഡു ദീപാവലിയോടെ ക്രെഡിറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തിലെ 8.5 ശതമാനം പലിശ വരിക്കാര്‍ക്ക് നല്‍കുമെന്ന് ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് സെപ്തംബറില്‍ പറഞ്ഞിരുന്നു. പലിശ നിരക്ക് 8.15 %, 0.35 % എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. 8.15 ശതമാനം പലിശ ദീപാവലിയോടെയും ബാക്കി 0.35 ശതമാനം ഡിസംബറോടെയും ക്രെഡിറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

publive-image

കൊവിഡ് വ്യാപനം മൂലം മാര്‍ച്ചില്‍ റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയുടെ വരുമാനം കനത്ത നഷ്ടത്തിലായിരുന്നു. കൊവിഡ് വ്യാപനം മൂലമുണ്ടായ അസാധാരണ സാഹചര്യത്തില്‍ പലിശ നിരക്ക് സംബന്ധിച്ച അജണ്ട കേന്ദ്രബോര്‍ഡ് അവലോകനം ചെയ്യുകയും 8.5 ശതമാനം നിരക്ക് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നുവെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഇതില്‍ (8.50 %) കടം (debt) വരുമാനത്തില്‍ നിന്ന് 8.15 ശതമാനവും ഇടിഎഫുകളുടെ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍) വില്‍പനയില്‍ നിന്ന് 0.35 ശതമാനവും (മൂലധന നേട്ടം) 2020 ഡിസംബര്‍ 31-നകം വീണ്ടെടുപ്പിന് വിധേയമായിരിക്കും'-എന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ പ്രഖ്യാപിച്ച 8.5 ശതമാനം പലിശനിരക്ക് സാധാരണക്കാര്‍ക്ക് സന്തോഷം നല്‍കുമെന്നും ഇത് സ്വാഗതാര്‍ഹമായ നീക്കമാണെന്നും 'ഡെലോയിറ്റ്' ഇന്ത്യയുടെ പാര്‍ട്ട്ണറായ ദിവ്യ ബവേജ പറഞ്ഞു. എന്നാല്‍ അത്തരമൊരു നിരക്ക് പാലിക്കുന്നത് സ്വകാര്യ പിഎഫ് ട്രസ്റ്റുകളുള്ള കമ്പനികള്‍ക്ക് ഒരു വെല്ലുവിളിയാകുമെന്നും അവര്‍ വ്യക്തമാക്കി.

മാര്‍ച്ച് 25 മുതല്‍ 44054.72 കോടി രൂപയുടെ 3871664 ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിന്‍വലിക്കല്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സെപ്തംബറില്‍ അറിയിച്ചിരുന്നു.

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം അടയ്‌ക്കേണ്ട പരമാവധി തുക കേന്ദ്രസര്‍ക്കാര്‍ ആറു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതുവഴി പദ്ധതിയിലുള്ള ജോലിയിലിരിക്കുമ്പോള്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അധികം സഹായം ലഭിക്കും.

Advertisment