Advertisment

സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ തെറ്റായ റിപ്പോർട്ട് നഷ്ടമാക്കിയത് സജീവിന് ലഭിക്കേണ്ടിയിരുന്ന കിടപ്പാടം തന്നെ ; താമസിക്കുന്നത് സഹോദരിയുടെ വീടിന്റെ ടെറസില്‍ സാരി മറച്ചുകെട്ടി

New Update

പറവൂർ : ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ തെറ്റായ റിപ്പോർട്ട് വടക്കേക്കര കുഞ്ഞിത്തൈ പുഴക്കരേഴത്ത് സജീവിനു ലഭിക്കേണ്ടിയിരുന്ന വീടു നഷ്ടമാക്കി. ഭാര്യ ബേബിക്കും ഇളയമകൾ ശ്രേയയ്ക്കുമൊപ്പം സഹോദരിയുടെ വീടിന്റെ ടെറസിൽ സാരി മറച്ചു കെട്ടിയാണ് ഇപ്പോൾ താമസിക്കുന്നത്.

Advertisment

publive-image

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അന്വേഷണത്തിനെത്തിയ റവന്യു ഉദ്യോഗസ്ഥൻ സജീവിന്റെ വീടു പ്രളയത്തിനു മുൻപു പൊളിച്ചു നീക്കിയെന്നു റിപ്പോർട്ട് നൽകിയതാണു കിടപ്പാടം നഷ്ടപ്പെടാൻ കാരണം. പക്ഷേ, സത്യം അതല്ലെന്നു സജീവും പ്രദേശത്തെ വാർഡ് അംഗം അനിൽ ഏലിയാസും പറഞ്ഞു. പ്രളയസമയത്തു സജീവിനു വീടുണ്ടായിരുന്നു. പ്രളയജലം ഇരച്ചുകയറിയപ്പോൾ ഓടിട്ട കൊച്ചുവീടു ജീർണാവസ്ഥയിലായി. ഭിത്തികൾ വിണ്ടുകീറി.

അപകടാവസ്ഥയിലായ വീട്ടിൽ താമസിക്കരുതെന്നു പുനരധിവാസ പ്രവർത്തനങ്ങൾക്കെത്തിയവർ ഉപദേശിച്ചു. അതോടെ, സഹോദരിയുടെ വീടിന്റെ ടെറസിലേക്കു താമസം മാറ്റി. ധനസഹായത്തിനുള്ള ഗുണഭോക്താകളുടെ ആദ്യ പട്ടിക പുറത്തുവന്നപ്പോൾ പൂർണമായി നാശനഷ്ടം സംഭവിച്ചവരിൽ സജീവിന്റെ പേരുണ്ടായിരുന്നു. പുതിയ വീടു നിർമിക്കാൻ പണം ലഭിക്കുമെന്നും ജീർണാവസ്ഥയിലായ പഴയ വീടു പൊളിച്ചു നീക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടർന്നാണു പൊളിച്ചുമാറ്റിയത്.

വീടു പൊളിച്ച ശേഷമാണു പഞ്ചായത്ത് തയാറാക്കിയ പട്ടിക പുനഃപരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടത്. പുനഃപരിശോധനയ്ക്ക് എത്തിയ റവന്യു ഉദ്യോഗസ്ഥൻ 30 വർഷം പഴക്കമുള്ള വീടു പ്രളയത്തിനു മുൻപു പൊളിച്ചുനീക്കിയെന്നു റിപ്പോർട്ട് നൽകുകയായിരുന്നു. നീതി ലഭിക്കാൻ സജീവ് മുട്ടാത്ത വാതിലുകളില്ല. പ്രളയസമയത്തു വീട് ഉണ്ടായിരുന്നെന്നു തെളിയിക്കുന്ന ദൃശ്യങ്ങളടക്കം ഹാജരാക്കിയിട്ടും അർഹമായ ആനുകൂല്യം നൽകാൻ അധികാരികൾ തയാറായില്ലെന്നു സജീവ് പറഞ്ഞു.

വില്ലേജ് ഓഫിസർ ശരിയായി അന്വേഷണം നടത്താതിരുന്നതു കാരണമാണു സജീവിന് അർഹമായ ആനുകൂല്യം ലഭിക്കാതിരുന്നതെന്നും പ്രത്യേക പരിഗണന നൽകി പൂർണനാശ നഷ്ടപ്പട്ടികയിൽ ഉൾപ്പെടുത്തി സജീവിനു ധനസഹായം അനുവദിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി തഹസിൽദാർ കലക്ടർക്കു റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ല.

വില്ലേജ് ഓഫിസ് അധികൃതരുടെ അനാസ്ഥ കാരണം സജീവിന്റേതടക്കം വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകൾ പൂർണ നാശനഷ്ടം സംഭവിച്ചവരുടെ പട്ടികയിൽ നിന്നു തള്ളിപ്പോയിട്ടുണ്ടെന്നു വാർഡ് അംഗം അനിൽ ഏലിയാസ് പറഞ്ഞു.

കൂലിപ്പണിക്കാരനായ സജീവ് ഹൃദ്രോഗിയായതിനാൽ പതിവായി ജോലിക്കു പോകുന്നില്ല. ഭാര്യ ബേബി എസ്എൻഡിപി ശാഖയിൽ ചിട്ടി കലക്‌ഷനു പോയി ലഭിക്കുന്ന ചെറിയ തുക കൊണ്ടാണു മരുന്നു വാങ്ങുന്നത്. ഒരു മകളെ വിവാഹം ചെയ്തയച്ചു. ഇളയ മകൾ ശ്രേയ ബിരുദ വിദ്യാർഥിനിയാണ്.

Advertisment