Advertisment

എരുമേലിയിൽ അവിശ്വാസം 18 ന് ! ശുഭപ്രതീക്ഷയില്‍ എൽഡിഎഫ്; പ്രശ്നങ്ങളുമായി യുഡിഎഫും

New Update

publive-image

Advertisment

എരുമേലി: ഭൂരിപക്ഷമില്ലാതെ അസാധുവും ഭാഗ്യവും തുണച്ചത് മൂലം എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ആയ സിപിഎം പ്രതിനിധിയെ മാറ്റി ഭരണം പിടിക്കാൻ കോൺഗ്രസ്‌ അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ഈ മാസം 18 ന്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയാണ് അവിശ്വാസ പ്രമേയ അവതരണത്തിന് മേൽനോട്ടം നടത്തുക.18 ന് രാവിലെ 11 ന് ഇതിനായി എരുമേലി പഞ്ചായത്ത്‌ പ്രത്യേക കമ്മറ്റി വിളിച്ചു ചേർക്കാൻ നോട്ടീസ് നൽകിയെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയും വരണാധികാരിയുമായ എസ് ഫൈസൽ പറഞ്ഞു.

അന്ന് അവിശ്വാസ പ്രമേയം ഭൂരിപക്ഷം നേടാതെ പരാജയപ്പെട്ടാൽ പ്രസിഡന്റിന് പദവിയിൽ തുടരാം. അതേസമയം പാസായാൽ പ്രസിഡന്റ് തൽസ്ഥാനം ഒഴിയേണ്ടി വരും. ഇതോടെ വൈസ് പ്രസിഡന്റ് ആക്റ്റിംഗ് പ്രസിഡന്റ് ആയി പ്രസിഡന്റിന്റെ ചുമതല നൽകും. ഒപ്പം ഇക്കാര്യങ്ങൾ റിപ്പോർട്ടായി തെരഞ്ഞെടുപ്പ് കമ്മീഷന് വരണാധികാരി സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മീഷൻ തീരുമാനമെടുക്കുക.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതിയും സമയവും വേദിയും വരണാധികാരിയെ നിശ്ചയിച്ചും തുടർന്ന് കമ്മീഷൻ വിഞാപനം പുറപ്പെടുവിക്കണം. അവിശ്വാസ പ്രമേയ യോഗത്തിൽ വരണാധികാരിയായി ചുമതല വഹിച്ച ഉദ്യോഗസ്ഥനെ തന്നെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സാധാരണയായി നിശ്ചയിക്കാറുള്ളത്.

എന്നാൽ വരണാധികാരിയാകാൻ ചുമതല ലഭിച്ചേക്കാവുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ഇതിനിടെ സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടുമുണ്ട്. റാന്നി സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ജില്ലയിലേക്കാണ് സ്ഥലം മാറ്റി ഉത്തരവുള്ളത്. എന്നാൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് ചുമതല ലഭിച്ചയാൾക്ക് സ്ഥലം മാറ്റം ലഭിച്ചാൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റ ഉത്തരവ് പാലിച്ചാൽ മതിയെന്നാണ് ചട്ടം.

കമ്മീഷന്റെ അനുമതിയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ പ്രസിഡന്റിന് വരണാധികാരി അധികാരം കൈമാറുന്നത് വരെ ആക്റ്റിംഗ് പ്രസിഡന്റ് ആയ വൈസ് പ്രസിഡന്റ് ആണ് ഭരണചുമതലക്ക് നേതൃത്വം നൽകുക. ഓണം ഉൾപ്പെടെ ഒട്ടേറെ അവധികൾ ഉള്ളതിനാലും സമയ പരിധി പാലിക്കേണ്ടതിനാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീണ്ടുപോകാൻ സാധ്യതയുമുണ്ട്.

നിലവിൽ 23 വാർഡുകളുള്ള എരുമേലി പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും 11 വീതം തുല്യ അംഗബലവും ബാക്കി ഒരംഗം സ്വതന്ത്രനുമാണ് .സ്വതന്ത്രനായി ജയിച്ച ഏക അംഗം യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണം പിടിക്കാൻ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്.

എന്നാൽ മറിച്ചാണ് സംഭവിച്ചത്. പ്രസിഡന്റ് സ്ഥാനം സിപിഎമ്മിലെ തങ്കമ്മ ജോർജുകുട്ടിക്കായി മാറുകയായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിക്ക് ലഭിച്ച ഒരു വോട്ട് അസാധു ആവുകയും ഇതോടെ എൽഡിഎഫും യുഡിഎഫും തുല്യ വോട്ട് നിലയിലാവുകയും നറുക്കെടുപ്പ് വേണ്ടി വരികയുമായിരുന്നു. നറുക്ക് വീണ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റ് ആയി.

അതേസമയം വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റികൾ ഉൾപ്പെടെ മറ്റ് ഭരണ സ്ഥാനങ്ങൾ കോൺഗ്രസ്‌ ആണ് വഹിക്കുന്നത്. ഭരണം ആറ് മാസം പൂർത്തിയാകാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നിയമം മൂലം കഴിയാത്തതിനാൽ ഇതിനായി കാത്തിരുന്ന യുഡിഎഫിന് ആറ് മാസം എത്തിയ കഴിഞ്ഞയിടെ അവിശ്വാസത്തിനുള്ള നോട്ടീസ് നൽകാൻ കഴിഞ്ഞിരുന്നില്ല.

പിന്തുണ നൽകി വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച സ്വതന്ത്രനുമായുള്ള ധാരണ നടപ്പിലാകാഞ്ഞത് ഉന്നയിച്ച് സ്വതന്ത്രൻ ഇടഞ്ഞതാണ് പ്രശ്നമായത്. കെപിസിസി പ്രസിഡന്റ് ഇടപെട്ട് ധാരണ പാലിച്ചതോടെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിൽ എത്തിയത്.

കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയുടെ നേതൃത്വത്തിൽ നേതാക്കളായ പി എ സലീം, റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൽ, ടി വി ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന നേതൃ യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള നടപടികൾ കൈക്കൊണ്ടത്.

അവിശ്വാസ പ്രമേത്തിലേക്ക് നടപടികൾ എത്തിയതോടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആരെന്ന് ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കുകയാണ്. അതേസമയം എൽഡിഎഫിൽ വേവലാതിയില്ല. നിലവിലുള്ള പ്രസിഡന്റ് സ്ഥാനം നഷ്‌ടപ്പെട്ടാൽ പ്രതിപക്ഷത്ത് മാന്യമായി പ്രവർത്തിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പ്രസിഡന്റ് വനിതാ സംവരണം ആയ എരുമേലിയിൽ പ്രസിഡന്റ് സ്ഥാനത്തിന് മുമ്പുണ്ടായിരുന്ന യുഡിഎഫിലെ ധാരണ ഇനി വേണ്ടെന്നാണ് കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് പറഞ്ഞു. അവിശ്വാസ പ്രമേയം പാസായ ശേഷം പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ ധാരണ പ്രകാരം മൂന്ന് വനിതകളെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് പുനരാലോചിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഇനിയുള്ള ഭരണ കാലാവധി ഊഴമിട്ട് ഭരിക്കുന്നതിനോടും പാർട്ടിയിൽ തർക്കം ഉയർന്നിട്ടുണ്ട്. ഊഴമില്ലാതെ ഒരാൾക്ക് തന്നെ പ്രസിഡന്റ് സ്ഥാനം നൽകാനാണ് സമ്മർദ്ദം മുറുകുന്നത്. മുൻ ധാരണ പ്രകാരമുള്ള മൂന്ന് പേരിൽ പരസ്പരം തർക്കമുണ്ടായതാണ് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. മുൻ ധാരണയിൽ പ്രസിഡന്റ് പദവി ഊഴമിട്ട് നിശ്ചയിക്കപ്പെട്ടിരുന്ന മൂന്ന് പേരെയും ഒഴിവാക്കി മറ്റൊരാളെ തീരുമാനിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

kottayam news
Advertisment