Advertisment

സൂയസ് കനാലിലെ ഗതാഗതം തടസ്സപ്പെടുത്തി വഴിയടച്ച എംവി എവർ ഗിവൺ കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു: 900 മില്യൺ ഡോളർ പിഴ ചുമത്തി

New Update

കയ്റോ: ദിവസങ്ങളോളം സൂയസ് കനാലിലെ ഗതാഗതം തടസ്സപ്പെടുത്തി വഴിയടച്ച എംവി എവർ ഗിവൺ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്. 900 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ കപ്പൽ വിട്ടുനൽകുകയുള്ളൂവെന്ന് കനാൽ അധികൃതർ കപ്പൽ ഉടമകളെ അറിയിച്ചു.

Advertisment

publive-image

2,00,200 ടൺ ഭാരം വരുന്ന ചരക്കുകപ്പലാണ് മാർച്ച് 23ന് സൂയസ് കനാലിൽ കുടുങ്ങിയത്. ആറു ദിവസം നീണ്ടുനിന്ന കഠിനശ്രമങ്ങൾക്കു ശേഷമാണ് സൂപ്പർമൂൺ വേലിയേറ്റ സമയത്ത് കപ്പൽ നീക്കിയത്. സൂപ്പർമൂൺ മൂലമുണ്ടായ ഉയർന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണ് കണ്ടെയ്നറിനെ ഇളക്കാൻ സഹായിച്ചത്. 60 അടി താഴേക്ക് ഡ്രഡ്ജ് ചെയ്ത് 9,50,000 ഘനയടിയിലധികം മണൽമാറ്റി, 14 ടഗ്ഗുകൾ കൂടി ചേർന്ന് വലിച്ചുനീക്കുകയായിരുന്നു.

കപ്പൽ കുടുങ്ങിയതോടെ ഈജിപ്ത്തിന് ഒരു ദിവസം 12 മുതൽ 15 മില്യൺ ഡോളർ വരെ വരുമാനമാണു നഷ്ടമായത്. ഇതേത്തുടർന്നാണ് കപ്പലിന് 900 മില്യൺ ഡോളർ പിഴ ചുമത്തിയത്. എന്നാൽ കമ്പനി അത് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്നു സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞതായി സർക്കാർ മാധ്യമമായ അൽ–അഹ്റം റിപ്പോർട്ട് ചെയ്തു.

അതേസമയം, എവർഗ്രീൻ കപ്പൽ കമ്പനിയും ഇൻഷുറൻസ് കമ്പനികളും കനാൽ അതോറിറ്റിയും തമ്മിൽ സന്ധിസംഭാഷണങ്ങൾ നടക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജപ്പാൻ ഉടമസ്ഥതയിലുള്ള തായ്‌വാൻ ഓപ്പറേറ്റ് ചെയ്യുന്ന, പാനമ ഫ്ലാഗ്ഡ് കപ്പൽ കനാലിലെ ഗ്രേറ്റ് ബിറ്റർ ലേക്കിലേക്ക് മാറ്റിയിരിക്കുകയാണ്. കപ്പൽ കുടുങ്ങിയതുമൂലമുണ്ടായ നഷ്ടങ്ങളും പരിപാലന ചെലവുകളും കണക്കാക്കിയാണ് തുക നിശ്ചയിച്ചിരിക്കുന്നതെന്ന് റാബി പറയുന്നു.

Advertisment