Advertisment

കൊറോണാ കാലത്ത് മകന്റെ നാട്ടിൽ വെച്ചുള്ള വിയോഗത്തിൽ ഹൃദയം തകർന്ന് ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കൾ.

New Update

ജിദ്ദ: ചങ്ങനാശേരി സ്വദേശി രാഹുൽ പിള്ള (19) യുടെ നാട്ടിൽ വെച്ചുള്ള ആകസ്മിക മരണം ജിദ്ദയിൽ കഴിയുന്ന രക്ഷിതാക്കൾക്ക് പകരുന്നത് സഹിക്കാനാവാത്ത ദുഖഃച്ചുഴി. ഇതെങ്ങിനെ ഉൾകൊള്ളുമെന്ന് അവർക്കോ, അവരെയെങ്ങിനെ സമാശ്വസിപിപ്പിക്കണമെന്ന് സുഹൃത്തുക്കൾക്കോ അറിയില്ല. കൊറോണ വരുത്തി വെക്കുന്ന ദുരിതങ്ങളിൽ സ്വദേശത്തും പ്രവാസത്തും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ സമ്മാനിക്കുന്നത് സാധാരണ മരണങ്ങൾക്കുള്ളതിനേക്കാൾ ഇരട്ടിയിരട്ടി ദുഃഖസാന്ദ്രത.

Advertisment

publive-image

ജിദ്ദയില്‍ ജോലി ചെയ്യുന്ന ചെങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനാണ് രാഹുല്‍ പിള്ള. സ്വന്തം നാട്ടിലെ ആശുപത്രിയില്‍ വെച്ച് ചൊവാഴ്ചയാണ് രാഹുൽ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജിദ്ദയിലെ അൽവുറൂദ് ഇന്റെര്നെഷണൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന രാഹുൽ പ്ലസ് ടൂ പൂർത്തിയാക്കി ഒന്നര വർഷം മുമ്പാണ് ബിരുദ പഠനാർത്ഥം ബംഗളുരുവിലെ ഒരു കോളേജിൽ ചേർന്നത്. കോളേജ് അടച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളോടൊപ്പം കഴിയവെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രാഹുലിന്റെ വിയോഗം.

കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദിയിൽ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിർത്തിവെച്ചിരിക്കയാൽ, നാട്ടിലെത്താനോ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും. മാസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചുപോയതായിരുന്നു രാഹുൽ.  ഈ മാസം വീണ്ടും ജിദ്ദയിലേയ്ക്ക് വരാനിരുന്നെങ്കിലും കൊറോണ മൂലം വിമാന സർവിസുകൾ അതിനകം നിർത്തി വെച്ചിരുന്നതിനാൽ അതിന് കഴിഞ്ഞില്ല.

മാതാവ്: മഞ്ജു പിള്ള. സഹോദരന്‍: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി രോഹിത് പിള്ള. ജിദ്ദയിൽ സ്വന്തമായ ഏർപ്പാടുകളിൽ വ്യാപൃതനായ ജയറാം പിള്ള നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക വേദികളിൽ സജീവ പ്രവർത്തകനാണ്. മലയാളി സമൂഹത്തിലെ നിരവധി പേർ ജയറാമിനെ വിളിച്ച് അനുശോചനം അറിയിച്ചു. ജിദ്ദയിൽ ഭാഗിക കർഫ്യു നിലവിലുള്ളതിനാൽ അനുശോചനാർത്ഥമുള്ള സുഹൃത്തുക്കളുടെ ഭവന സന്ദർശനം നിയന്ത്രിത തോതിലായിരുന്നു.

Advertisment