പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.  കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ എതിര്‍പ്പുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രത്തിന്റെ നിലപാട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ കോടതിയെ അറിയിച്ചത്.

സാമ്പത്തികമായി കഴിവില്ലാത്ത പ്രവാസികള്‍ക്കായി എംബസിയുടെയും കോണ്‍സുലേറ്റിന്റെയോ സഹായത്തോടെ ക്ഷേമനിധി ഉപയോഗിത്ത് മടങ്ങിവരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മേയ് 15നായിരുന്നു ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട്കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.

ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്രത്തിനും കോണ്‍സുലേറ്റുകള്‍ക്കും എംബസികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം.ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബഞ്ച് 18ന് ആദ്യ വാദം കേട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഫണ്ട് വിനിയോഗിക്കാമെന്ന കേന്ദ്രത്തിന്റെ സമ്മതം തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. വിദേശത്തുള്ള എല്ലാ പ്രവാസികള്‍ക്കും ഇതോടെ കേന്ദ്ര നിലപാട് സഹായകരമാകും. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അഡ്വ. പി. ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ. ജോര്‍ജ്, അഡ്വ. ആര്‍. മുരളീധരന്‍ എന്നിവര്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫണ്ട് പാവപ്പെട്ട പ്രവാസികള്‍ക്കായി വിനിയോഗിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ട് എംപിമാരായ ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ് വിദേശകാര്യ വകുപ്പിന് കത്തെഴുതിയിരുന്നു.

നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. സ്വദേശത്തേക്ക് മടങ്ങിയെത്താന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുകയാണ് കേന്ദ്രത്തിന്റെ ഈ നിലപാട്‌. പ്രവാസി സമൂഹം ഒന്നടങ്കമായി തീരുമാനത്തെ സ്വാഗതം ചെയ്തു.

×