ഫെയ്സ്ബുക്ക്‌ ന്യൂസ് ഫീഡ് മാറ്റം ഉപേക്ഷിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, March 3, 2018

ന്യുയോര്‍ക്ക് : ഫെയ്സ്ബുക്കിന്റെ ന്യൂസ് ഫീഡ് മാറ്റം കമ്പനി ഉപേക്ഷിച്ചു. ആൽഗോരിതത്തിലെ മാറ്റം ഫെയ്സ്ബുക്ക് പേജുകളുടെ, വ്യക്തികളുടെ പോസ്റ്റുകളെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം .

ഇഷ്ടപ്പെട്ട പേജ് ലൈക്ക് ചെയ്തവർക്ക് പോലും ന്യൂസ് ഫീഡു ലഭിക്കാതെ വന്നതോടെ ലക്ഷങ്ങൾ ലൈക്ക്സുള്ള പേജുകളിൽ നിന്നുള്ള പോസ്റ്റുകളുടെ റീച്ച് പോലും കുത്തനെ കുറഞ്ഞു.

നിലവിലെ ന്യൂസ് ഫീഡുകൾ രണ്ടാക്കി വേർത്തിരിച്ച് ഉപയോക്താക്കൾക്കു നല്‍കാനുള്ള പദ്ധതിയാണ് പരാജയപ്പെട്ടത്. ആറ് രാജ്യങ്ങളിലാണ് പരീക്ഷണം നടത്തിയതെങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഫെസ്ബുക്കിനെ പ്രതികൂലമായി ബാധിച്ചു.

സുഹൃത്തുക്കളുടെ ചിത്രങ്ങൾ, വിഡിയോകൾ, കുറിപ്പുകൾ എന്നിവയ്ക്ക് മാത്രമായി ഒരു ന്യൂസ് ഫീഡും പേജുകൾ, ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പോസ്റ്റുകള്‍ക്ക് എക്‌സ്‌പ്ലോര്‍ ഫീഡുമാണ് അവതരിപ്പിച്ചത്. എന്നാൽ രണ്ടും വന്‍ പരാജയമായി മാറുകയായിരുന്നു.

ബോളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെര്‍ബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങളിലാണ് ന്യൂസ് ഫീഡ് വിഭജനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. എന്നാല്‍ ഈ നീക്കം കമ്പനിക്ക് വൻ പ്രതിസന്ധിയാകുമെന്ന് മുൻകൂട്ടി കണ്ടാണ് ന്യൂസ് ഫീഡ് വിഭജനം ഫെയ്‌സ്ബുക്ക് വേണ്ടെന്ന് വെച്ചത്.

×