ബിജെപി ആരോപണം പൊളിഞ്ഞു; ആ കുട്ടിയുടെ മരണത്തിന് കാരണം ഭാരത ബന്ദ് അല്ല

Wednesday, September 12, 2018

Fact 2 Yr-Old Dies On Way To Hospital; Investigation Officer Refutes Claim

ഭാരത്ബന്ദിൽ കുടുങ്ങി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് ബിഹാറിൽ രണ്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ബന്ദ് ആഹ്വാനം ചെയ്ത പ്രതിപക്ഷപാർട്ടികൾക്കെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയ വിഷയത്തില്‍  ജെഹാനാബാദ് കലക്ടർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വന്നത്.

ഭാരതബന്ദ് നടന്ന സെപ്തംബര്‍ 10ന് വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരി ഗൗരി കുമാരിയെ മാതാപിതാക്കൾ ജെഹാനാബാദിലെ സദാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുംമുൻപെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ നാലുചക്രവാഹനങ്ങളോ ലഭിച്ചില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് പ്രമോദ് മാഞ്ചി അന്ന് പറഞ്ഞത്.

ഓട്ടോയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോയും ബന്ദ് അനുകൂലികൾ തടഞ്ഞെന്ന് പ്രമോദ് അന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഓട്ടോ നിർത്തിയില്ലെന്നും മറ്റും പറഞ്ഞ് പ്രമോദ് മുൻപ് പറഞ്ഞത് തിരുത്തി. ജെഹാനാബാദ് കലക്ടർ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്, ഭാരത് ബന്ദ് മൂലമല്ല കുഞ്ഞ് മരിച്ചത്. കുഞ്ഞിനെയും കൊണ്ട് വൈകിയാണ് മാതാപിതാക്കൾ ആശുപത്രിയിലേക്ക് തിരിച്ചത്. ഒരുദിവസം മുൻപെ കുഞ്ഞിന്റെ അവസ്ഥ രൂക്ഷമായിരുന്നു. എന്നാൽ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല.

തൊട്ടടുത്തുള്ള ബാലാബിഗ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദൂരക്കൂടുതലുള്ള  ജെഹാനാബാദിലെ സദാർ ആശുപത്രിയിലേക്കാണ് കുട്ടിയെ മാതാപിതാക്കള്‍ പോയത്. ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി പ്രകാരം. ഒരു സിഗ്നലിൽ ഓട്ടോ നിർത്തിയെന്നത് സത്യമാണ്. എന്നാൽ അപ്പോൾത്തന്നെ വിട്ടയച്ചു.

അതുകൊണ്ട് പ്രാഥമികാന്വേഷണത്തിൽ കുഞ്ഞിന്റെ മരണത്തിന് ബന്ദുമായി ബന്ധമില്ലെന്ന് കലക്ടർ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കോണ്‍ഗ്രസിനും പ്രതിപക്ഷപാർട്ടികൾക്കുമെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മരണത്തിന് ഉത്തരം പറയണം എന്നായിരുന്നു രവിശങ്കർ പ്രസാദ് പറഞ്ഞത്.

×