Advertisment

ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ വൈകുന്നു; വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണം,അല്ലാത്തപക്ഷം അന്വേഷണം വഴിമുട്ടുമെന്ന് എൻഐഎ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ദുബായില്‍ നിന്ന് വിട്ടുകിട്ടാന്‍ വൈകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എന്‍ഐഎ. യുഎഇയില്‍ നിന്ന് സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി അയച്ചത് ഫൈസലാണെന്ന് നേരത്തെ പിടിയിലായ ഒന്നാം പ്രതി സരിത് മൊഴി നല്‍കിയിരുന്നു.

Advertisment

publive-image

ഫൈസൽ ഫരീദിനെ (35) ദുബായിൽനിന്ന്‌ വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന്‌ എൻഐഎ പറഞ്ഞു. അല്ലാത്തപക്ഷം അന്വേഷണം വഴിമുട്ടുമെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

ദുബായിലുള്ള ഫൈസലിനെ രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്ന്‌ എൻഐഎ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചപ്പോൾ അന്വേഷണസംഘം പ്രതികരിച്ചിരുന്നു. എന്നാൽ, വാറന്റും ലുക്കൗട്ട്‌ നോട്ടീസും വന്ന്‌ രണ്ടാഴ്‌ച കഴിഞ്ഞിട്ടും യുഎഇ സർക്കാരിൽ നിന്നോ വിദേശമന്ത്രാലയത്തിൽനിന്നോ പ്രതികരണമില്ല.

കള്ളക്കടത്ത് സ്വർണം വാങ്ങാനുള്ള പണം സംഘടിപ്പിച്ചതും യുഎഇ കോൺസുലേറ്റിന്റെ വ്യാജമുദ്രയും സീലും വ്യാജരേഖകളും ഉണ്ടാക്കിയതും നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചതും ഫൈസൽ ഫരീദാണെന്നാണ്‌ എൻഐഎയുടെ കണ്ടെത്തൽ‌. പിന്നിൽ മലയാളികൾകൂടി ഉൾപ്പെട്ട ഹവാലസംഘവും ഭീകരസംഘടനകളുമായി ബന്ധമുള്ളവരും ഉണ്ടെന്നും കരുതുന്നു. ഫൈസലിനെ നാട്ടിലെത്തിച്ച്‌ ചോദ്യംചെയ്‌താൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും‌.

ഇക്കാര്യം അന്വേഷണ ഏജൻസികൾ കോടതിയെയും അറിയിച്ചു. തുടർന്നാണ്‌ 13ന്‌ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചത്‌. തൃശൂർ കയ്‌പമംഗലത്തെ വീട്ടിൽ വാറന്റ്‌ നോട്ടീസ്‌ പതിച്ചു. 16ന്‌ ഫൈസലിന്റെ പാസ്‌പോർട്ടും റദ്ദാക്കി. വീട്ടിൽ റെയ്‌ഡും നടത്തി. 18ന്‌ ഇന്റർപോൾ ലുക്കൗട്ട്‌ നോട്ടീസിറക്കി. ചെയ്യാനുള്ളതെല്ലാം ചെയ്‌തുകഴിഞ്ഞെന്നും ഇനി ഇടപെടലുകൾ ഉണ്ടാകേണ്ടത്‌ വിദേശകാര്യമന്ത്രാലയത്തിൽനിന്നാണെന്നും എൻഐഎ സംഘം പ്രതികരിച്ചു.

gold smuggling case faizal fareed
Advertisment