Advertisment

വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 51,000 രൂപ തട്ടി ; നഷ്‌ടപ്പെട്ട പണം ബാങ്ക് നൽകി

New Update

അങ്ങാടിപ്പുറം : വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 51,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ നഷ്‌ടപ്പെട്ട പണം ബാങ്ക് നൽകി. പരിയാപുരം കടശ്ശേരി വീട്ടിൽ ആൽവിന്റെ അങ്ങാടിപ്പുറത്തെ ഫെ‍ഡറൽ ബാങ്ക് ശാഖയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം നഷ്‌ടപ്പെട്ടത്.കഴിഞ്ഞ 15ന് ബെംഗളൂരുവിലെ ജയനഗറിലെ എടിഎം കൗണ്ടറിൽനിന്ന് 2 തവണകളിലായി പണം പിൻവലിച്ചതായാണ് പുലർച്ചെ മൊബൈലിൽ അറിയിപ്പ് ലഭിച്ചത്.

Advertisment

publive-image

ആദ്യം 50,000 രൂപയും പിന്നീട് 1,000 രൂപയുമാണ് പിൻവലിച്ചത്. പണം നഷ്‌ടപ്പെടുന്നതിന് 2 ദിവസം മുൻപ് മാത്രമാണ് തുക അക്കൗണ്ടിൽ നിക്ഷേപിച്ചത്. ബാങ്ക് കസ്‌റ്റമർ കെയറുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മോണിറ്ററിങ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിന്നാണ് തുക പിൻവലിച്ചതെന്ന് കണ്ടെത്തിയിരുന്നു. എടിഎം കാർഡ് ഇല്ലാതെ ഇത് സാധ്യമല്ലാത്തതിനാൽ വ്യാജ എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നാണ് കരുതുന്നത്.

ബെംഗളൂരുവിൽ സൈബർ സെല്ലിലും പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. പണം ആൽവിന്റെ അക്കൗണ്ടിൽ ബാങ്ക് നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണ പ്രക്രിയ പൂർത്തിയാക്കി 3 മാസത്തിനു ശേഷമേ തുക പിൻവലിക്കാനാവൂ.

കഴിഞ്ഞ ഫെബ്രുവരി 12ന് പുലാമന്തോൾ എസ്‌ബിഐ ശാഖയിലെ അക്കൗണ്ടിൽനിന്ന് ചെമ്മല സ്‌കൂളിലെ അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് 40,000 രൂപ സമാന രീതിയിൽ നഷ്‌ടപ്പെട്ടി‌രുന്നു. പണം ബാങ്ക് തിരിച്ചു നൽകി.

Advertisment