നെയ്യാർ ∙ സ്വന്തമായി നൂറിന്റെയും ഇരുന്നൂറിന്റെയും കള്ളനോട്ടു നിര്‍മിച്ചു വ്യാപാര സ്ഥാപനങ്ങള്‍ വഴി കച്ചവടക്കാരെ കബളിപ്പിച്ച് മാറി എടുക്കുന്ന സംഘം പൊലീസ് പിടിയില്‍. സംഘം പതിവായി സിഗരറ്റ് വാങ്ങാന്‍ നല്കുന്ന നോട്ടില്‍ സംശയം തോന്നിയ കടയുടമയും നാട്ടുകാരുമാണു സംഘത്തെ കുടുക്കിയത്. കുറ്റിച്ചല്‍, കോട്ടൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റു ചെയ്തു.
കുറ്റിച്ചൽ കള്ളോട് സ്വദേശി ഷാജഹാൻ, സഹായികളായ അർഷാദ്, കോട്ടൂർ സ്വദേശി സൗദ് എന്നിവരെയാണു പിടികൂടിയത്. നെയ്യാർ ഡാംതുണ്ടുനടയിൽ വ്യാപാര സ്ഥാപനത്തിൽ സിഗരറ്റ് വാങ്ങുന്നതിനായി നല്കിയ നോട്ടില്‍ ഉടമക്കു സംശയം തോന്നുകയായിരുന്നു. നാട്ടുകാരുമൊത്ത് ഇയാളെ തടഞ്ഞുവച്ചശേഷം പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച മഷിയും പ്രിന്ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
അച്ചടിച്ചു സൂക്ഷിച്ചിരുന്ന പത്തോളം നൂറിന്റെയും ഇരുന്നൂറിന്റെയും വ്യാജനോട്ടുകൾ കണ്ടെടുത്തു. സംഘത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. കൂടുതൽ പേര് സംഘത്തിലുണ്ടോ എന്നും അന്വേഷിക്കും.