Advertisment

ആധാരത്തിന്റെ വ്യാജരേഖ ചമച്ച് ക്രയവിക്രയം നടത്തിയ ആറു പേര്‍ക്കെതിരേ കേസ്

New Update

publive-image

Advertisment

കൂത്താട്ടുകുളം: ചിട്ടി പിടിക്കുന്നതിനായി ഈടായി നല്‍കിയ വസ്തുവിന്റെ ആധാരത്തിന്റെ വ്യാജരേഖ ചമച്ച് ക്രയവിക്രയം നടത്തിയ കേസില്‍ സ്ഥലം ഉടമ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ കേസ്.

മൂവാറ്റുപുഴ ആരക്കുഴ കാവുംചിറ വീട്ടില്‍ പത്മനാഭന്റെ മകന്‍ കെ.പി അനില്‍ (50), ഭാര്യ അമ്പിളി (45), വൈക്കം മുളംകുളം വാഴനില്‍ക്കും പുരയിടത്തില്‍ അശോക് കുമാര്‍ (46), വൈക്കം മുളംകുളം വാഴനില്‍ക്കും പുരയിടത്തില്‍ ബാബു വിജയനാഥ് (48), മൂവാറ്റുപുഴ സ്വദേശിയായ വെണ്ടര്‍ അജിത്ത് കുമാര്‍ പി.ബി, മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരേയാണ് കൂത്താട്ടുകുളം പോലീസ് ക്രിമിനില്‍ കേസ് ചാര്‍ജ് ചെയ്തത്.

ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാസന്‍സ് കമ്പനിക്കു വേണ്ടി കൂത്താട്ടുകുളം ശാഖാ മാനേജര്‍ സുധീര്‍ എ.വി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാസന്‍സ് കൂത്താട്ടുകുളം ശാഖയില്‍ 2011 ല്‍ കെ.പി അനില്‍ 1.10 കോടി രൂപയുടെ ചിട്ടിക്ക് ചേര്‍ന്നിരുന്നു. ഭാര്യ അമ്പിളിയാണ് ചിട്ടിക്ക് ജാമ്യം നിന്നിരുന്നത്. തുടര്‍ന്ന് ചിട്ടി ലേലം പിടിച്ച് 8249200 രൂപ അനില്‍ കൈപ്പറ്റിയിരുന്നു.

സ്ഥാപനത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അനിലിന്റെ പേരിലുള്ള ആരക്കുഴ വില്ലേജിലുള്ള വസ്തുവിന്റെ ഒറിജിനല്‍ ആധാരവും മുന്നാധാരങ്ങളും ബോണ്ടും ചെക്കും നല്‍കിയിരുന്നു. എന്നാല്‍ ചിട്ടിക്കുടിശിഖ അടയ്ക്കാതിരിക്കുകയും ഈടായി നല്‍കിയ വസ്തുവിന്റെ ആധാരം ശ്രീ ഗോകുലം ചിറ്റ്‌സിന്റെ കൈവശം ഇരിക്കെ വ്യാജ രേഖ ഉണ്ടാക്കി അശോക് കുമാറിനും ബാബു വിജയനാഥിനും തീറെഴുതി നല്‍കി ശ്രീഗോകുലം ചിറ്റ്‌സിനെ വഞ്ചിച്ചതായാണ് പരാതി.

ഒന്നും രണ്ടും പ്രതികളുമായി കൂട്ടു ചേര്‍ന്ന് വ്യാജ രേഖ ഉണ്ടാക്കി സ്ഥലം വാങ്ങിയതിന്റെ പേരിലാണ് അശോക് കുമാറിനും ബാബു വിജയനാഥിനും എതിരേ പരാതി നല്‍കിയിരിക്കുന്നത്. വ്യാജ രേഖകള്‍ സൃഷ്ടിക്കാന്‍ കൂട്ടു നിന്നതിന്റെ പേരിലാണ് അന്നത്തെ മൂവാറ്റുപഴ സബ് രജിസ്ട്രാര്‍ക്കെതിരേയും മൂവാറ്റുപുഴയിലെ ആധാരം എഴുത്ത് ലൈസന്‍സി അജിത് കുമാറിന്റെ പേരിലും പരാതി നല്‍കിയിരിക്കുന്നത്.

പുത്തന്‍കുരിശ് ഡിവൈ.എസ്.പി അജയനാഥിന്റെ മേല്‍നോട്ടത്തില്‍ കൂത്താട്ടുകളും എസ്.എച്ച്.ഒ സുനീഷ് തങ്കച്ചനാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ രേഖ ചമയ്ക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ അന്നത്തെ മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്കെതിരേ എറണാകുളം ജില്ലാ രജിസ്ട്രാര്‍ക്കും രജിസ്‌ട്രേഷന്‍ ഐ.ജിക്കും പരാതി നല്‍കിയിട്ടുണ്ട്. ചിട്ടിക്ക് ജാമ്യം നിന്ന അനിലിന്റെ ഭാര്യ അമ്പിളിയുടെ പേരില്‍ മുട്ടത്തെ സി.ജെ.എം കോടതയില്‍ ചെക്ക് കേസും നിലവിലുണ്ട്.

kochi news
Advertisment