New Update
കൊച്ചി: എ.ഡി.ജി.പി വിജയ് സാഖറേയുടേതടക്കം വിവിധ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. യു.പി മധുര ചൗക്കി ബംഗാർ സ്വദേശികളായ നിസാർ (22), മുഷ്താക് ഖാൻ (32) എന്നിവരെയാണ് കൊച്ചി സൈബർ ക്രൈംപോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിൽ യൂസർനെയിമും , പാസ് വേർഡുമായി മൊബൈൽ നമ്പർ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആദ്യം ഹാക്ക് ചെയ്യും. പേരും ഫോട്ടോയും സമൂഹത്തിലെ ഉന്നതരായവരുടേതാക്കി മാറ്റും.
പിന്നീട് മെസഞ്ചർ വഴി അവരുടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടും. അടിയന്തിര ആവശ്യത്തിനാണെന്നും, ഗൂഗിൾ പേ വഴി പണം അയക്കണമെന്നുമാണ് ആവശ്യപ്പെടുക. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും മറ്റും വ്യാജ സിംകാർഡുകൾ നൽകി അവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ചൗക്കി ബംഗാർ ഗ്രാമത്തിലെത്തിയാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. മുഷ്താക് ഖാൻ ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലും ബാങ്ക് ജീവനക്കാരനുമാണ്.