Advertisment

ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന ഭീതിയിൽ തീരദേശം, പ്രതിരോധിക്കാനൊരുങ്ങി നാട്

New Update

തമിഴ്നാടിന്റെ തീരം കടന്നെത്തുന്ന ഫാനി ചുഴലിക്കാറ്റ് കേരളത്തിന്റെ തീരപ്രദേശത്ത് നാശനഷ്ടം വിതയ്ക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരമേഖല ഭീതിയുടെ നിഴലിലാണ്.

Advertisment

publive-image

ഓഖിയും പ്രളയവും കണ്ടു ഭയന്ന തീരപ്രദേശത്തിന് ചുഴലിക്കാറ്റിന്റെ വരവ് ഉൾക്കിടിലമുണ്ടാക്കുകയാണ്. രണ്ട് വർഷം മുൻപ് തീരഗ്രാമങ്ങളെ വിറപ്പിച്ച ഓഖി കൊടുങ്ങല്ലൂർ മേഖലയുടെ ഉറക്കം കെടുത്തിയാണ് മടങ്ങിയത്. ഓഖിയുടെ തുടർ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രളയം വന്നത്.

മരണത്തെ മുഖാമുഖം കണ്ട പ്രളയകാലത്തെ മറികടന്നുവെങ്കിലും ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാണ്. ഇതിനിടയിലാണ് അപകട മുന്നറിയിപ്പുമായി ചുഴലിക്കാറ്റ് കടന്നെത്തുന്നത്. എന്നാൽ ഏത് പ്രതിസന്ധിയെയും നേരിടാൻ തയ്യാറാണെന്ന് തീരദേശ പൊലീസ് അറിയിച്ചു.

കടലോര കോസ്റ്റ് ഗാർഡിന്റെയും, ജാഗ്രതാ സമിതിയുൾപ്പടെയുള്ള ജനകീയ സംവിധാനങ്ങളുടെയും സഹകരണത്തോടെ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അനിഷ്ട സംഭവങ്ങളുണ്ടായാൽ തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കുന്നതുൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇ.ടി ടൈംസൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും, തീരദേശ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നസീറിന്റെ സാന്നിധ്യത്തിൽ ബോട്ടുടമകളുടെയും യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

പ്രളയത്തെ നേരിട്ടതിലൂടെയുള്ള മുൻ പരിചയവും ആത്മവിശ്വാസവുമുൾക്കൊണ്ടു കൊണ്ടാണ് തീരദേശം ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങുന്നത്.

Advertisment