Advertisment

ക്രിക്കറ്റ് താരങ്ങളുടെ നിശബ്ദത ഒട്ടേറെപ്പേരെ അദ്ഭുതപ്പെടുത്തി; ക്രിക്കറ്റ് താരങ്ങളൊന്നും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആളുകൾ എന്നെ ടാഗ് ചെയ്തത് കണ്ടു. അവർക്കു വേണ്ടി എനിക്ക് സംസാരിക്കാനാകില്ലല്ലോ

New Update

പൊതുവ്യക്തികളെന്ന നിലയിൽ ക്രിക്കറ്റ് താരങ്ങൾ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിലപാട് തുറന്നുപറയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. സ്പോർട്സ്കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തിവാരി നിലപാട് വ്യക്തമാക്കിയത്.

Advertisment

publive-image

ബോളിവുഡിൽ നിലനിൽക്കുന്ന കുടുംബാധിപത്യവും സ്വജനപക്ഷപാതവും സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലേക്ക് നയിച്ചെന്ന ആരോപണത്തിൽ ധോണി (മഹേന്ദ്രസിങ് ധോണിയുടെ ജീവിതം സിനിമയായപ്പോൾ നായക വേഷം ചെയ്തത് സുശാന്തായിരുന്നു. ഈ ചിത്രത്തിനായി ധോണിക്കൊപ്പം ഒട്ടേറെ ദിവസങ്ങൾ ചെലവഴിച്ച വ്യക്തിയാണ് സുശാന്ത്) ഉൾപ്പെടെയുള്ള താരങ്ങൾ പ്രതികരിക്കാത്തതിനെ കുറിച്ച് തിവാരിയുടെ പ്രതികരണം ഇങ്ങനെ:

‘ഇക്കാര്യത്തിൽ ക്രിക്കറ്റ് താരങ്ങളുടെ നിശബ്ദത ഒട്ടേറെപ്പേരെ അദ്ഭുതപ്പെടുത്തി എന്നതാണ് വാസ്തവം. ക്രിക്കറ്റ് താരങ്ങളൊന്നും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആളുകൾ എന്നെ ടാഗ് ചെയ്തത് കണ്ടു. അവർക്കു വേണ്ടി എനിക്ക് സംസാരിക്കാനാകില്ലല്ലോ. സ്വന്തം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഓരോരുത്തരും തീരുമാനിച്ചിട്ടുണ്ട്. പൊതു വിഷയങ്ങളിൽ പ്രതികരിക്കണമോ എന്നു തീരുമാനിക്കേണ്ടത് പൂർണമായും അവർ ഓരോരുത്തരുമാണ്’ – തിവാരി പറഞ്ഞു.

പൊതു വിഷയങ്ങളിൽ ക്രിക്കറ്റ് താരങ്ങൾ സ്വന്തം നിലപാട് തുറന്നുപറയണമെന്നാണ് തന്റെ നിലപാടെന്ന് തിവാരി വിശദീകരിച്ചു. ക്രിക്കറ്റ് ആരാധകരും അഭ്യുദയകാംക്ഷികളും ക്രിക്കറ്റ് താരങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതും അതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ക്രിക്കറ്റ് താരങ്ങൾ സ്വന്തം നിലപാട് തുറന്നുപറയുന്നതാണ് അഭികാമ്യം എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. പൊതു വ്യക്തികളെന്ന നിലയിൽ നമുക്കോരോരുത്തർക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. നമ്മുടെ ആരാധകരും പ്രിയപ്പെട്ടവരും നമ്മിൽനിന്ന് വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. ക്രിക്കറ്റ് കളത്തിലെ മികച്ച പ്രകടനം മാത്രമല്ല അവർ നമ്മിൽനിന്ന് ആഗ്രഹിക്കുന്നത്. രാജ്യത്ത് പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ നട്ടെല്ലുയർത്തി നിലപാട് തുറന്നുപറയുമെന്നും അവർ പ്രതീക്ഷിക്കുന്നു’ – തിവാരി തുറന്നടിച്ചു.

അതേസമയം, വിവാദങ്ങൾക്കു പിന്നാലെ പോകാൻ താൽപര്യമില്ലാത്തതു കൊണ്ടാകാം ഭൂരിഭാഗം പേരും നിശബ്ദത തിരഞ്ഞെടുക്കുന്നതെന്നും തിവാരി ചൂണ്ടിക്കാട്ടി.

ms dhoni manoj tiwari
Advertisment