Advertisment

കുട്ടികളെ കണ്ട് യാത്ര പറയാനാകാതെ വിരമിക്കുന്ന അധ്യാപകർ; സിദ്ദി മാസ്റ്റർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

മണ്ണാർക്കാട്: കോവിഡ് തീർത്ത പ്രതിസന്ധിയിൽ, ഈ വർഷം വിരമിക്കുന്ന അധ്യാപകർ നേരിടുന്നത് വല്ലാത്ത ദുഖമാണ്. വിദ്യാലയങ്ങളിൽനിന്ന് പടിയിറങ്ങുമ്പോൾ അധ്യാപന ജീവിതത്തിന്റെ ഓർമത്തുണ്ടായി പ്രിയപ്പെട്ട വിദ്യാർഥികളോട് നേരിൽ കണ്ട് യാത്രപറയാൻ അവസരമില്ലാതാക്കി കോവിഡ് കാലം.

ഒരധ്യയനവർഷം മുഴുവൻ കുട്ടികൾ കൂടെയില്ലാതെ ഓൺലൈനിൽ മാത്രം കണ്ട് അധ്യയനം നടത്തേണ്ടിവന്ന ജീവിതത്തിലെ ദുരനുഭവം വേറേയും. ശിഷ്യരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങിൽ യാത്രാമംഗളങ്ങൾ ഏറ്റുവാങ്ങി പടിയിറങ്ങാൻ കഴിയാത്തതിന്റെ ദുഃഖഭാരം പേറിയാണ് വിരമിക്കുന്ന അധ്യാപകർ സ്കൂളുകളിൽനിന്ന് പടിയിറങ്ങുന്നത്.

അധ്യാപകർക്ക് യാത്രയയപ്പ് പരിപാടികൾ ഗംഭീരമാക്കാൻ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഒരുമിച്ചാണ് സംഘടിപ്പിക്കാറ്. വർഷങ്ങളായി തങ്ങളെ പഠിപ്പിക്കുകയും ഉയരങ്ങൾ കീഴടക്കാനും നല്ല മനുഷ്യരാക്കി മാറ്റാനും സ്നേഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്ത അധ്യാപകരുടെ യാത്രയയപ്പിന് പങ്കെടുത്ത് ഒരു നന്ദിവാക്കെങ്കിലും പറയാൻ കഴിയാതെ വന്നതിൽ കുട്ടികളും നിരാശരാണ്. എങ്കിലും ഇത്തവണ യാത്രയയപ്പ് യോഗങ്ങൾ ചെറുചടങ്ങുകളായെങ്കിലും മനോഹരമായി.

34 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന കല്ലടിക്കോട് ജിഎൽപി സ്കൂൾ പ്രധാന അധ്യാപകൻ പികെ അബൂബക്കർ സിദ്ദി മാസ്റ്റർക്ക് സഹ പ്രവർത്തകരും പിടിഎയും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. സ്നേഹോപഹാരവും ആദരിക്കൽ ചടങ്ങും നടത്തി. കല്ലടിക്കോട് ജിഎൽപി സ്കൂളിലെ രണ്ടര വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷമാണ് മാഷ് വിരമിച്ചത്.

1986 ഒക്ടോബറിലായിരുന്നു അധ്യാപന തുടക്കം. പൂതനൂർ, കാരാകുറുശ്ശി, പുല്ലുവായ്ക്കുന്ന്, അട്ടപ്പാടി സ്‌കൂളുകളിൽ ജോലി ചെയ്തു. ആറ് വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള കല്ലടിക്കോട് ജി എൽ പി സ്കൂളിന് പുരോഗതിയും പുത്തനുണർവും കൊണ്ടുവരാനും സ്കൂളിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിനും നിരന്തരം പരിശ്രമിച്ച വ്യക്തിത്വമാണ് സിദ്ദി മാഷെന്ന് പ്രസംഗകർ പറഞ്ഞു.

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി അധ്യക്ഷയായി. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ. ജി. അനിൽകുമാർ മംഗളപത്രം സമ്മാനിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞൻ പ്രൊഫ.രഘുനാഥ്‌ പാറക്കൽ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രതിനിധികൾ പൊന്നാടയണിയിച്ചു ആദരിച്ചു. എം. കൃഷ്ണദാസ് മാസ്റ്റർ, ദീപ ടീച്ചർ, വാർഡ്‌ മെമ്പർ ഗിരീഷ്,പ്രസന്ന.കെ, സ്കൂൾ ലീഡർ അൻഫിദ തുടങ്ങിയവർ പ്രസംഗിച്ചു. അബൂബക്കർ സിദ്ധി മാസ്റ്റർ മറുമൊഴി നടത്തി. സീനിയർ അസിസ്റ്റന്റ് ടി കെ. ബിന്ദു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. വിനോദ് നന്ദിയും പറഞ്ഞു.

palakkad news
Advertisment