Advertisment

കര്‍ഷകന്‍റെ കസ്റ്റഡി മരണം: അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത അണിയറ നീക്കം: വി.സി.സെബാസ്റ്റ്യന്‍

New Update

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കര്‍ഷകനായ പത്തനംതിട്ട ചിറ്റാര്‍ കുടപ്പനക്കുളം പി.പി.മത്തായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

Advertisment

കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും 2 പേരെ സസ്‌പെന്‍ഡ് ചെയ്തും കൊലപാതകക്കുറ്റത്തില്‍ നിന്ന് ഒളിച്ചോടാന്‍ വനംവകുപ്പിനാവില്ല. വകുപ്പുതല അമ്പേഷണത്തില്‍ ഇവര്‍ കുറ്റക്കാരെന്ന് തെളിഞ്ഞിരിക്കുമ്പോള്‍ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അറസ്റ്റ് വൈകുന്നതനുസരിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനും രേഖകളില്‍ കൃത്രിമം സൃഷ്ടിക്കുന്നതിനും അവസരമൊരുങ്ങും. കസ്റ്റഡിമരണം വ്യക്തമായിട്ടും തെളിവുശേഖരണം തുടരുന്നുവെന്ന് പോലീസിന്റെ വാദമുഖങ്ങളും മുഖവിലയ്‌ക്കെടുക്കാനാവില്ല.

വനംവകുപ്പ് മന്ത്രിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. സ്വന്തം വകുപ്പിലെ സഹപ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനംവകുപ്പ് മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. കസ്റ്റഡിയിലിരിക്കെയുള്ള നിയമങ്ങളും ചട്ടങ്ങളും കോടതിനിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം അട്ടിമറിച്ചിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.

മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടാണ്. കര്‍ഷകനേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും മൃഗങ്ങളെപ്പോലെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ഭീകരതയ്ക്ക് അറുതിവരുത്താതെ നിവൃത്തിയില്ല. വനംവകുപ്പിലെ ഉന്നതരുള്‍പ്പെടെയുള്ളവരുടെ പരിസ്ഥിതിമൗലികവാദികളും ഭൂമാഫിയകളും തമ്മിലുള്ള ബന്ധങ്ങളും വനംവകുപ്പിലെ ജീവനക്കാരുടെ സാമ്പത്തിക സ്രോതസ്സുകളും അമ്പേഷണവിധേയമാക്കണം.

ജനപ്രതിനിധികളിലും കര്‍ഷകര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. നിയമസഭകളില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ കര്‍ഷകവിരുദ്ധ അടവുനയം തിരുത്തണം. കാലഹരണപ്പെട്ട നിയമങ്ങളാണ് കര്‍ഷകരുടെമേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരകളായി ജീവിതകാലം മുഴുവന്‍ നിന്നുകൊടുക്കാനാവില്ലെന്നും മനുഷ്യജീവന് വിലകല്പിക്കാത്തവരെ നിയമങ്ങള്‍ ലംഘിച്ചു കര്‍ഷകര്‍ നേരിടുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

farmer custody death3
Advertisment