Advertisment

കർഷക പ്രക്ഷോഭം: ആയിരം കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യ സംഗമം

New Update

തിരുവനന്തപുരം: സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കേരളത്തിൽ ഇന്ന് ആയിരം കേന്ദ്രങ്ങളിൽ ഐക്യദാർഡ്യ സംഗമം നടത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു.

Advertisment

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികരംഗത്തെ കോർപറേറ്റുവൽക്കരിക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ കർഷക പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഉൽ‌പന്നങ്ങളുടെ നീക്കം, സംഭരണം, കയറ്റുമതി എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഒഴിവാക്കണമെന്നത് കർഷകരുടെ തികച്ചും നീതിപൂർവ്വമായ ആവശ്യമാണ്.

രാജ്യത്തിന്റെ നട്ടെല്ലായ കർഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം സംഘ്പരിവാർ സർക്കാർ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഇത് കൂടുതൽ പ്രത്യാഘാതങ്ങൾ രാജ്യത്ത് സൃഷ്ടിക്കാനാണ് കാരണമാവുന്നത്.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമരം നടത്തുന്ന കർഷകർക്കെതിരെ വിദ്വേഷം ഇളക്കിവിടുകയാണ് കേന്ദ്രസർക്കാർ. കുത്തകകളുടെ താൽപര്യ സംരക്ഷണത്തിനു വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദിയും കൂട്ടരും നടത്തുന്നത്. കർഷക കേന്ദ്രീകൃതമായ നിയമങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്താനും അവ നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയാണ് സർക്കാർ കാണിക്കേണ്ടത്.

രാജ്യത്തെ വിപണിയും വസ്തുക്കളുടെ മേലുള്ള സർക്കാർ നിയന്ത്രണവും കുത്തകകൾക്ക് വേണ്ടി തീറെഴുതാനുള്ള മോദി സർക്കാറിന്റെ ശ്രമം അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കുന്നതാണെന്നും ഇതിനെതിരെ വലിയ ജനരോഷം രാജ്യത്തുയരുമെന്നും അദ്ദേഹം പറഞ്ഞു.

farmers welfare party2
Advertisment