Advertisment

ഫാത്തിമയുടെ മരണം ; സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടുതൽ വിദ്യാർഥികൾ , പ്രതിഷേധച്ചൂടിൽ മദ്രാസ് ഐഐടി

New Update

ചെന്നൈ :  ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടുതൽ വിദ്യാർഥികൾ . ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കണമെന്ന പ്രധാന ആവശ്യത്തിനു പുറമെ, വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ ഒട്ടേറെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

Advertisment

publive-image

വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാംപസിനു പുറത്തുള്ള വിദഗ്ധ സമിതിയെ നിയമിക്കുക, സ്റ്റുഡന്റ് ലജിസ്ലേറ്റീവ് കൗസിൽ (എസ്എൽസി) പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കുക, എല്ലാ ഐഐടി വകുപ്പുകളിലും പ്രത്യേകം പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

ഫാത്തിമയുടെ മരണത്തിനു പിന്നാലെ നിവേദനം നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞും മറുപടി ലഭിക്കാത്തതിനെ തുടർന്നാണു സമരം തുടങ്ങിയതെന്ന് ചിന്താബാർ ഭാരവാഹികൾ പറഞ്ഞു.

250ൽ അധികം വിദ്യാർഥികൾ ഒപ്പിട്ട നിവേദനമാണു ചിന്താബാർ ഐഐടി അധികൃതർക്കു നൽകിയത്. സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടുതൽ വിദ്യാർഥികൾ എത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ചിന്താബാർ അറിയിച്ചു. സമരത്തോട് ഐഐടി റജിസ്ട്രാറും, മറ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല.

ഫാത്തിമയുടെ പിതാവ് ആഭ്യന്തര അന്വേഷണം വേണമെന്നാണ് ഐഐടി ഡയറക്ടർ ഭാസ്കർ രാമമൂർത്തിയോട് ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ചാണു സമരം. ഉച്ചവരെ കോളജിലുണ്ടായിരുന്ന ഡയറക്ടർ സ്ഥലത്തില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഡയറക്ടറുടെ ചുമതല വഹിക്കുന്ന വ്യക്തിയോ, റജിസ്ട്രാറോ ചർച്ചയ്ക്കു വിളിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് ഇമെയിൽ മുഖേന അറിയിച്ചിട്ടുണ്ട്.

ഡയറക്ടർ മടങ്ങിയെത്തിയാൽ ഉടൻ ചർച്ചയ്ക്കു വിളിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. ഞങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയാൽ മറ്റു വിദ്യാർഥികൾ നിരാഹാര സമരം ഏറ്റെടുക്കും’– നിരാഹാര സമരം നടത്തുന്ന അസർ മൊയ്തീൻ പറഞ്ഞു.

Advertisment