Advertisment

ഫെഡറല്‍ ബാങ്ക് പ്രവർത്തന ലാഭത്തില്‍ 27 ശതമാനം വര്‍ധന

New Update

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019- 20 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ച് 959.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം 19.28 ശതമാനം വര്‍ധിച്ച് 4,107.95 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി എട്ടു പോയിന്റുകള്‍ കുറഞ്ഞ് 2.84 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 17 പോയിന്റുകള്‍ കുറഞ്ഞ് 1.31 ശതമാനവും ആയതോടെ ആസ്തി ഗുണമേന്മയിലും പുരോഗതി കൈവരിച്ചു.

Advertisment

publive-image

പ്രവര്‍ത്തന ലാഭത്തില്‍ 27 ശതമാനം വര്‍ധനവോടെ ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സാമ്പത്തിക ഫലം അവതരിപ്പിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രതികരിച്ചു. ആസ്തി ഗുണമേന്മയിലുണ്ടായ വര്‍ധനവും ഗുണപരമാണ്. മഹാമാരി കാരണം ഉണ്ടായേക്കാവുന്ന ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ ബാലന്‍സ് ഷീറ്റ് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭവന, സ്വര്‍ണ വായ്പകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയ്ല്‍ വായ്പാ വിതരണത്തിലും നേടിയത് മികച്ച വളര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ വായ്പ 28.68 ശതമാനവും റീട്ടെയ്ല്‍ വായ്പകള്‍ 19.39 ശതമാനവും കാര്‍ഷിക വായ്പകള്‍ 12.50 ശതമാനവും ബിസിനസ് ബാങ്കിങ് വായ്പകള്‍ 10.93 ശതമാനവും വര്‍ധിച്ചു. ബേസല്‍ ത്രീ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.35 ശതമാനമാണ്. ബാങ്കിന്റെ മൊത്ത മൂല്യം 14,517.61 കോടി രൂപയാണ്.

സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ബിസിനസ് 12.02 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2,76,443.30 കോടി രൂപയിലെത്തി. നിക്ഷേപം 12.85 ശതമാനം വര്‍ധിച്ച് 1,52,290.08 കോടി രൂപയിലുമെത്തി. പ്രവാസി നിക്ഷേപം 57,223.10 കോടി രൂപയായി വര്‍ധിച്ചു. 14.20 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2019-20 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ അറ്റാദായം 24.03 ശതമാനം വര്‍ധിച്ച് 1,542 കോടി രൂപയിലെത്തി. നാലാം പാദത്തില്‍ അറ്റാദായം 301.23 കോടി രൂപയാണ്.

federal bank
Advertisment