Advertisment

ഗൂഢസംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം; അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും' നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന് ഫെഫ്ക  

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലെ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ​ഗൂഢസംഘം ഏതാണെന്ന് നടൻ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫെഫ്ക കത്ത് നൽകി. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് സിനിമാലോകത്ത് നിലനിൽക്കുന്ന സ്വജനപക്ഷപാതവും വിവേചനവും വലിയ രീതിയിൽ ചർച്ചയായത്.

Advertisment

publive-image

മലയാള സിനിമയിലും ഇതൊക്കെയുണ്ടെന്നായിരുന്നു നീരജ് മാധവ് ജൂൺ 16ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു നീരജ് കാര്യങ്ങൾ വിവരിച്ചത്. മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് വ്യക്തമാക്കാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം.

ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം. അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. നീരജ് മാധവിന്റെ ആരോപണങ്ങൾക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ മറുപടിയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. കൂളിങ് ഗ്ലാസ് ധരിക്കുന്നതും കാലിന്മേല്‍ കാല്‍ വയ്ക്കുന്നതും അഹങ്കാരമല്ലെന്നും എന്നാല്‍ കയറ്റി വച്ച കാല്‍ ഇറക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതിരിക്കുമ്പോഴാണ് അത് അഹങ്കാരവും ജാഡയുമായി മാറുന്നതെന്നുമായിരുന്നു സി​ദ്ധു പനയ്ക്കൽ കുറിച്ചത്.

“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്. “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, ആറ് വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്,” എന്ന വാക്കുകളോടെയാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

b.unnikrishnan neeraj madhav fefka
Advertisment