Advertisment

കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രി നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു !

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

കുമ്പനാട്: ഒരു കാലത്ത് മദ്ധ്യ തിരുവിതാംകൂറിലെ ആരോഗ്യ മേഖലയിലെ പ്രമുഖ ആശുപത്രിയായിരുന്ന കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രി അടച്ച് പൂട്ടൽ ഭീഷണിയിൽ.

എഴുപത്തിയഞ്ചോളം വർഷമായി കുമ്പനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. ഒപിയുടെ പ്രവർത്തനം കോവിഡ് വ്യാപനം മൂലം അവതാളത്തിലായി. കിടത്തി ചികിത്സയ്ക്കായി രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നതിനും വലിയ നിയന്ത്രണമായി.

വാർദ്ധക്യ സഹജമായ പ്രയാസങ്ങൾ നേരിടുന്ന പത്മഭൂഷൺ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയെ ഇവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ആശുപത്രിയുടെ പ്രവർത്തനം താളെ തെറ്റിയ നിലയിലാണ്.

മാർത്തോമ്മാ മെഡിക്കൽ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് കാരണമായവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും നാട്ടുകാരും നിരവധി നിവേദനങ്ങൾ നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.

ആശുപത്രി ഭരണകൂടത്തിന്റെ പിടിപ്പുകേടും അഴിമതി മൂലം ഈ ആശുപത്രിയുടെ മരണമണി മുഴങ്ങിയിരിക്കുകയാണെന്ന് ആശുപത്രി ജീവനക്കാരും ആരോപിക്കുന്നു.

ആശുപത്രി പണിയുന്നതിന് തങ്ങൾക്ക് കുടുംബ സ്വത്തായി ലഭിച്ച അഞ്ച് ഏക്കറോളം സ്ഥലമാണ് പത്മഭൂഷൺ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയും അദ്ദേഹത്തിന്റെ സഹോദരൻ ഡോ ജേക്കബ് ഉമ്മനും വിട്ടുനല്കിയത്.

കോവിഡ് കാലത്ത് എല്ലാ മേഖലയിലും മാന്ദ്യം അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനവും അവതാളത്തിലായി. ഇതിനിടയിൽ സഭാ നേതൃത്വം അറിയാതെ ഈ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെണ്റ്റ് സെന്ററാക്കാനും ശ്രമം നടന്നു.

മാർ ക്രിസോസ്റ്റം വലിയ തിരുമേനിയെ പാർപ്പിച്ചിരിക്കുന്ന ഈ ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിൽ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് വലിയ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ മാർ ക്രിസോസ്റ്റം വലിയ തിരുമേനിയും അദ്ദേഹത്തിന്റെ സഹോദരൻ ഡോ ജേക്കബ് ഉമ്മനും മുൻ കൈ എടുത്ത് തുടങ്ങിയ ആശുപത്രി നഷ്ടത്തിന്റെ പേരുപറഞ്ഞു നിർത്തുന്നതിൽ ഈ നാട്ടിലെ ജനങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി അമർഷമുണ്ട്.

ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് സേവ് ഫെലോഷിപ്പ് എന്ന പേരിൽ ആശുപത്രിയിൽ സംരക്ഷണത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച്. കോയിപ്രം, ഇരവിപേരൂർ, പുറമറ്റം, തോട്ടപുഴശ്ശേരി പഞ്ചായത്തിലെ ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് കുമ്പനാട് വൈഎംസിഎയിൽ സമര കൺവൻഷനും നടത്തി.

ഇതിന്റെ തുടർച്ചയായി സേവ് ഫെലോഷിപ്പെന്ന ക്യാമ്പയിൻ നാലു പഞ്ചായത്തുകളിലെ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് ഭീമ ഹർജിയും തയ്യാറാക്കി. ഇതിന്റെ കോപ്പി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലിത്തയ്ക്കും സഭയിലെ മുഴുവൻ ബിഷപ്പുമാർക്കും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും നല്കി.

ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു. തോമസ് വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബിജു വർക്കി, സുബിൻ നീറുംപ്ലാക്കൽ, ജോസഫ് നെല്ലാനിക്കൽ, അനീഷ് കുന്നപ്പുഴ, പ്രവീൺ പി ജേക്കബ്, സിസിൽ ജോർജ് വർഗീസ്, തോമസ് ജേക്കബ്, രഞ്ജിത്ത് പി ചാക്കോ എന്നിവർ പ്രസംഗിച്ചു.

pathanamthitta news
Advertisment