ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സിലിഗുഡി യാത്രയെക്കുറിച്ച് അറിയില്ലായിരുന്നു – നടിയുടെ മരണത്തില്‍ പിതാവിന്‍റെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു

ഫിലിം ഡസ്ക്
Thursday, September 6, 2018

കൊല്‍ക്കത്ത: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി പായെല്‍ ചക്രവര്‍ത്തിയുടെ മരണത്തില്‍ ദുരുഹതയേറുന്നു. ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നടിയുടെ മാതാപിതാക്കളുടെ മൊഴിയാണ് ദുരൂഹതയേറ്റുന്നത്.

താരത്തിന്റെ സിലിഗുഡി യാത്രയെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും, പായെല്‍ റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നുമുള്ള നടിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തലാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത് . ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിതാവും ബന്ധുക്കളു൦, വ്യാഴാഴ്ച ഉച്ചയോടെയാണ് സിലിഗുഡിയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പായെല്‍ ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു.

എന്നാല്‍ പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

36 കാരിയായ പായെല്‍ വിവാഹമോചിതയാണ്. ഉടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന കെലോ എന്ന ബംഗാളി ചിത്രത്തിലാണ് പായെല്‍ ഇനി അഭിനയിക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോക്പിറ്റ് എന്ന ഹിറ്റ് ചിത്രത്തില്‍ പായെല്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

×