Advertisment

കാപ്പിയിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യങ്ങള്‍; വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; വകയിരുത്തിയിരിക്കുന്നത് 7000 കോടി രൂപ

New Update

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ.

കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, 'വയനാട് കാപ്പി' എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. കാപ്പിക്കുരുവിന് കർഷകർക്ക് നിലവിൽ ലഭിക്കുന്ന വിലയുടെ ഇരട്ടി തുക ഇതു വഴി ലഭ്യമാക്കാൻ സാധിക്കും. കാപ്പിക്കുരു വാങ്ങുമ്പോള്‍ത്തന്നെ ന്യായവില കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നൽകും. ഈ പദ്ധതിക്കായി കൽപ്പറ്റയിൽ കിഫ്ബി ധനസഹായത്തോടെ 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും.

മറ്റു കാര്‍ഷിക വിഭവങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പൊതുസംസ്ക്കരണ സംവിധാനങ്ങളും അവിടെയുണ്ടാകും. സ്വകാര്യ സംരംഭകര്‍ക്ക് കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വര്‍ക്ക്ഷെഡ്ഡുകളും പ്ലോട്ടുകളും പാര്‍ക്കിൽ ലഭ്യമായിരിക്കും.

ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങള്‍ നടുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണ് കാർബൺ ന്യൂട്രൽ വയനാട്. കാര്‍ബണ്‍ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായുള്ള പരിസ്ഥിതി പുനഃസ്ഥാപനം ജില്ലയിലെ പ്രധാന വിളകളിലൊന്നായ കുരുമുളകു കൃഷിയുടെ അഭിവൃദ്ധിക്ക് സഹായകരമാകും.

വയനാട്ടിലെ രണ്ടാമത്തെ പ്രധാന കൃഷിയായ കുരുമുളക് കൃഷിയുടെ പുനരുദ്ധാരണത്തിനു പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകും. പ്രതിവര്‍ഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും. തേയിലയടക്കമുള്ള പ്ലാന്‍റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് കേരള സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങള്‍ക്കു വിഘ്നം വരാത്ത രീതിയിൽ മറ്റു ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് അനുവാദം നൽകുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകള്‍ അനുവദിക്കുക, പ്ലാന്‍റേഷന്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ പാക്കേജിലെ പ്രധാനകാര്യങ്ങള്‍. തോട്ടം തൊഴിലാളികള്‍ക്കുള്ള വയനാട്ടെ നിര്‍ദ്ദിഷ്ട പാര്‍പ്പിട സമുച്ചയങ്ങള്‍ 2021-ൽ പൂര്‍ത്തീകരിക്കും.

വയനാടിനെ പൂക്കൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കള്‍ച്ചറര്‍ സോണായി തെരഞ്ഞെടുത്തു. ക്ലസ്റ്റര്‍ അടിസ്ഥാനത്തിൽ പൂക്കൃഷി സംഘടിപ്പിക്കും. കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദര്‍ശനം സംസ്ഥാനതല ഉത്സവമാക്കി മാറ്റും. ഭൗമസൂചിക ലഭിച്ചിട്ടുള്ള സുഗന്ധ നെൽകൃഷി പോലുള്ള നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനം നൽകും. വയനാട്ടിലെ കാര്‍ഷിക ഉൽപ്പന്നങ്ങള്‍ ബത്തേരി ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിളവെടുപ്പാനന്തര സംസ്കരണത്തിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വയനാട് ഓര്‍ഗാനിക് എന്ന ലേബലിൽ വിപണനം ചെയ്യും. കാര്‍ഷിക മേഖലയ്ക്ക് പ്രതിവര്‍ഷം 75 കോടി രൂപ വീതം വയനാട് ജില്ലയ്ക്കുവേണ്ടി വകയിരുത്തും.

കാരാപ്പുഴ ജലസേചന പദ്ധതി ആവശ്യമായ പണം വകയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, കാവേരി തടങ്ങളിലെ ഇടത്തരം ജലസംരക്ഷ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ജില്ലയുടെ വടക്കന്‍ മേഖലയിലെ കബനീതടം കൂടുതൽ ഊഷരമായി തീരുന്നതിനെ പ്രതിരോധിക്കുന്നതിന് നീര്‍ത്തടാസൂത്രണം നടത്തും. ജലസേചനത്തിനും മണ്ണു-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കുന്നതാണ്.

പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല കേന്ദ്രം വിപുലീകരിക്കും. ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് മൃഗപരിപാലന മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. പശു, ആട്, കോഴി എന്നിവയുടെ പ്രോത്സാഹനത്തിനുള്ള സ്കീമുകളിൽ നിന്നും കൂടുതൽ തുക വയനാടിനായി വകയിരുത്തും. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ജില്ലയ്ക്കുവേണ്ടി വര്‍ഷംതോറും 20 കോടി രൂപയും വകയിരുത്തും.

ജൈവവൈവിധ്യ വര്‍ദ്ധനയും വൃക്ഷവൽക്കരണവും ഇക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. ക്യാമ്പിംഗ് ഗ്രൗണ്ടുകള്‍, വഴിയോര ഭക്ഷണശാലകള്‍ തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ട്രെയിലുകള്‍ക്ക് രൂപം നൽകും.

ബാണാസുരസാഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈഡൽ ടൂറിസം സെന്‍റര്‍ വിപുലപ്പെടുത്തും. പരിസ്ഥിതിക്ക് ഇണങ്ങും വിധം കൂടുതൽ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി 50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഇളമ്പിലേരി സാഹസിക ടൂറിസം കേന്ദ്രം, ആറാട്ടുപാറമടയിലെ ട്രക്കിംഗ് കേന്ദ്രം, കുറുമ്പാലക്കോട്ട വികസനം എന്നിവയാണ് പരിഗണനയിലുള്ള മറ്റുചില ടൂറിസം പദ്ധതികള്‍. തലശ്ശേരി ടൂറിസം സര്‍ക്യൂട്ടിൽ വയനാടിനെയും ഉള്‍പ്പെടുത്തി.

പ്രതിവര്‍ഷം 20 കോടി രൂപയെങ്കിലും ടൂറിസം വികസനത്തിനായി വകയിരുത്തും.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി 255 കോടി രൂപയുടെ റോഡുകള്‍ക്ക് അനുവാദം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് 286 കോടി രൂപയുടെ റോഡുകളാണ് ഇപ്പോള്‍ വയനാട് ജില്ലയിൽ ഏറ്റെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വിനിയോഗിക്കും. കിഫ്ബിയി നിന്ന് 780 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്. അവയിൽ ഏറ്റവും വലുത് 114 കോടി രൂപയുടെ മലയോര ഹൈവേയാണ്.

ഇതിനു പുറമേ ഏതാണ്ട് 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം നടന്നുവരികയാണ്. നിര്‍മ്മാണം 2021-22ൽ ആരംഭിക്കും. വയനാട് ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ അതിന്‍റെ ചെലവിൻ്റെ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബിയുടെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തിയാൽ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയിൽ ഉണ്ടാവുക. തലശ്ശേരി -നിലമ്പൂര്‍ റെയിൽ, നിലമ്പൂര്‍ - നഞ്ചങ്കോട് റെയില്പാത എന്നിവയുടെ നിര്‍മ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കൽ കോളേജ് 2021-22-ൽ യാഥാര്‍ത്ഥ്യമാകും. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സ്കീമിനെ ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. അനിവാര്യമായ150 ഓളം അധ്യാപക തസ്തികകള്‍ കഴിഞ്ഞ കാബിനറ്റ് അംഗീകരിച്ചു.

ബാക്കിയുള്ള തസ്തികകളും ഉടന്‍ സൃഷ്ടിക്കും. കിഫ്ബിയിൽ നിന്ന് 300 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് നിര്‍മ്മാണ ചെലവ് 600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും.

കിഫ്ബിയിൽ നിന്നും 46 സ്കൂള്‍ കെട്ടിടങ്ങള്‍ 84 കോടി രൂപ ചെലവിൽ നിര്‍മ്മിക്കുന്നു. മറ്റ് 42 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടിൽ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പഴശ്ശി ട്രൈബൽ കോളേജ് ആരംഭിക്കും. കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുടെ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വയനാട്ടെ കോളേജുകളിൽ കൂടുതൽ കോഴ്സുകള്‍ അനുവദിക്കും.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ലോക്ക്-കം-റിസര്‍ച്ച് സെന്‍റര്‍, പശ്ചിമഘട്ട ട്രോപ്പിക്കൽ ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്‍റര്‍, ഇന്‍റര്‍ ഡിസിപ്ലിനറി ഇന്‍റര്‍വെന്‍ഷന്‍ ഇന്‍ എസ് & റ്റി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജിന് രണ്ടുനിലകൂടി നിര്‍മ്മിക്കുന്നതാണ്. കൽപ്പറ്റ, മാനന്തവാടി ഗവണ്‍മെന്‍റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്നിക്കുകളും 21 കോടി രൂപ കിഫ്ബിയിൽ നിന്ന് ചെലവഴിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കു പുറമെ വിദ്യാഭ്യാസ മേഖലയിൽ പ്രതിവര്‍ഷം 20 കോടി രൂപ ചെലവഴിക്കും.

വാട്ടര്‍ അതോറിറ്റി 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് വയനാട് ജില്ലയി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതി പ്രസരണ ശൃംഖല 100 കോടി രൂപ ചെലവഴിച്ച് 110 കെവിയിലേയ്ക്ക് മാറ്റി ശക്തിപ്പെടുത്തും. വയനാടിനെ 400 കെവി ശൃംഖലയിൽ ഉള്‍പ്പെടുത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയിൽ 400 കെവി സബ്സ്റ്റേഷനും അവിടെ നിന്ന് കാസര്‍ഗോഡേയ്ക്ക് 400 കെവി ലൈനും നിര്‍മ്മിക്കും. 850 കോടി രൂപയാണ് പദ്ധതിച്ചെലവ്.

ബജറ്റിൽ പ്രഖ്യാപിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വയനാട്ടെ ആദിവാസികളായിരിക്കും. 2020-21 ലൈഫ് മിഷനിൽ നിന്നും 5000 വീടുകളെങ്കിലും വയനാട് നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബക്ഷേമത്തിനായുള്ള പ്ലാനുകള്‍ തയ്യാറാക്കും. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസംതോറും സഹായം നൽകുന്നതിനും അനുവാദവും ഉണ്ടാകും.

ഇതിനു പുറമേ ഊരുകളിൽ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പ്രത്യേക ഏരിയാ പ്ലാനുകള്‍ തയ്യാറാക്കും. എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനുവദിക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍ തലത്തിൽ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ടി നിന്ന് പ്രതിവര്‍ഷം 150 കോടി രൂപയെങ്കിലും ജില്ലയിൽ ചെലവഴിക്കുന്നതായിരിക്കും. കുടുംബശ്രീ വഴിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ 500 കോടി രൂപയെങ്കിലും അധികമായി സാധാരണക്കാര്‍ക്കു ലഭ്യമാക്കും. 5000 പേര്‍ക്കെങ്കിലും കാര്‍ഷികേതര മേഖലയിൽ ഓരോ വര്‍ഷവും തൊഴിൽ നൽകുന്നതിനു ലക്ഷ്യമിടും.

വനസംരക്ഷണം ഉറപ്പാക്കുമ്പോള്‍ ജനങ്ങളുടെ നിലവിലുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് വിഘ്നമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. ഇത്തരമൊരു പരിശോധനയുടെ അടിസ്ഥാനത്തിലേ ബഫര്‍സോണുകൾ നടപ്പാക്കൂ. വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, പൈന്‍ തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറം കളകളെ ഇല്ലാതാക്കും. ഉള്‍ക്കാടിൽ താമസിക്കുന്നവര്‍ സന്നദ്ധരെങ്കിൽ പുനരധിവസിപ്പിക്കും.

വന്യജീവി ആക്രമണങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കും. കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിംഗ്, മതിൽ, കിടങ്ങ് തുടങ്ങിയവ നിർമ്മിക്കും. ഇതോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനിച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കുന്നതായിരിക്കും. കാട്ടാനകളുടെ ശല്യം കുറയ്ക്കുന്നതോടൊപ്പം ഇത് കൃഷിക്കാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും. മുത്തങ്ങയിലെ കുങ്കി എലിഫന്‍റ് സ്ക്വാഡ് ശക്തിപ്പെടുത്തും. വനസംരക്ഷണത്തിനു പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും.

ഇത്തരത്തിൽ വയനാട്ടിലേയും മനുഷ്യരേയും ഒരുപോലെ സ്പർശിക്കുന്ന വളരെ സമഗ്രമായ പാക്കേജാണ് വയനാടിനായി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതികൾ വയനാടിനെ പുരോഗതിയുടെ പുതിയ ദൂരങ്ങളിലേയ്ക്ക് കൈപ്പിടിച്ചുയർത്തും.

Advertisment