ഇരുപത് പേരുമായി കടലില്‍ പോയ മത്സ്യ ബന്ധനവള്ളം തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, September 12, 2018

ഹരിപ്പാട്: ഇരുപതുപേരുമായി കടലില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളം തിരയില്‍പ്പെട്ട് തകര്‍ന്നു. ഹരിപ്പാട് ആറാട്ടുപുഴ തറയില്‍ക്കടവ് പ്രാട്ടേക്കാട്ട് ഭാര്‍ഗവന്റെ ഉടമസ്ഥതയിലുളള വള്ളമാണ് കഴിഞ്ഞ ദിവസം അഴീക്കല്‍ ഭദ്രന്‍ മുക്കിന് പടിഞ്ഞാറ് തിരയില്‍പ്പെട്ട് തകര്‍ന്നത്.

വള്ളത്തിലുണ്ടായ കുറച്ചുപേര്‍ നീന്തി കരക്കുകയറി. മറ്റുളളവരെ സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരുന്ന വളളക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

അപകടത്തില്‍ വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും പൂര്‍ണ്ണമായും നശിച്ചു. വള്ളത്തിന്റെ ജിപിഎസും ക്യാമറയുള്‍പ്പെടെയുളള സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായി. ഇതിനുപുറമെ വള്ളത്തിന്റെ വലയും തൊഴിലാളികളുടെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

×