അറബിക്കടലില്‍ ന്യൂനമര്‍ദ്ദം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. മത്സ്യബന്ധന തൊഴിലാളികളോട് ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 10, 2019

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത മുന്നില്‍കണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം. ഉടന്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യയുള്ളതായാണ് വിലയിരുത്തല്‍ .

ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ എല്ലാ കപ്പലുകളും വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ഭരണകൂടത്തിനും, തുറമുഖ അധികൃതര്‍ക്കും, ഫിഷറീസ് വകുപ്പിനും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം കോസ്റ്റ് ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ ചാനല്‍ 16 ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം കഴിഞ്ഞ ദിവസം നിലവില്‍വന്നിരുന്നു. എന്നാല്‍, യന്ത്രം ഘടിപ്പിച്ചതും അല്ലാത്തുമായ വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

×