Advertisment

ഡിപ്പോ അധികൃതർക്കും പിടികിട്ടുന്നില്ല... പാലായിൽ നിന്നും 5 ബസുകൾ കൂടി കൊണ്ടുപോയി !

New Update

publive-image

Advertisment

പാലാ: ഡിപ്പോകളിൽ നിന്നും ബസുകൾ കൊണ്ടു പോകുന്നത് കെ.എസ്.ആർ.ടി.സിയിൽ തുടരുന്നു. പാലായിൽ നിന്നും ഇന്ന് കൊണ്ടുപോയത് അഞ്ച് ബസുകൾ കൂടി. ഇതോടെ ഏറ്റവും കൂടുതൽ ബസുകൾ കൊണ്ടുപോയിരിക്കുന്നത് പാലാ ഡിപ്പോയിൽ നിന്നായി.

30 ബസുകളോളം ഇവിടെ നിന്നും മാറ്റിയതായതാണ് വിവരം - മാവേലിക്കരയിലേക്കാണ് ഈ ബസുകൾ ഇന്ന് കൊണ്ടുപോയിരിക്കുന്നത്. ഡിപ്പോ അധികൃതർക്കു പോലും ഇത് എന്ത് ഉത്തരവിൻ്റെ പേരിലുള്ള നടപടിയാണെന്ന് അറിയില്ല.

ഡിപ്പോ എൻജിനീയർക്ക് ലഭിക്കുന്ന ഫോൺ സന്ദേശത്തിലൂടെയാണ് വാഹനങ്ങൾ കൊടുത്തയയ്ക്കപ്പെടുന്നത്. ഡ്രൈവറെ ക്രമീകരിക്കുക എന്നതുമാത്രമാണ് ഡിപ്പോ അധികൃതരുടെ ചുമതല. മറ്റ് രേഖാമൂലമുള്ള ഒരു അറിയിപ്പും ആരുടെയും കൈവശം ലഭിക്കുന്നില്ല.

ഓടാതെ കിടക്കുന്ന ബസുകൾ മാറ്റുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് ഒരു ബസും നാളുകളായി സർവ്വീസ് നടത്തുന്നുമില്ല. ബസുകടത്തൽ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ നാളിതുവരെ ഉണ്ടായിട്ടുമില്ല.

റിപ്പയറിംഗ് എന്ന് പറഞ്ഞാലും വിശ്വസിക്കാനാവുന്നില്ല. റിപ്പയറിംഗിന് ആവശ്യമായ സൗകര്യങ്ങൾ വലിയ ഡിപ്പോകളിൽ എല്ലാം ഉണ്ട് താനും. ഇപ്പോൾ ഒരു തിരക്കും ഡിപ്പോകളിലെ വർക്ക്ഷോപ്പുകളിൽ ഇല്ല.

നൂറു കണക്കിന് വണ്ടികൾ ഒന്നിച്ച് ഒരിടത്ത് എത്തിച്ചാൽ പാർക്കിംഗ് പോലും തടസ്സപ്പെടുമെന്ന് ഉറപ്പാണ്. 8-10 വർഷത്തിലധികം പഴക്കമുള്ള ഈ ബസുകൾ ഇനി രൂപമാറ്റം വരുത്തുന്നതും ഗുണകരമാവില്ല എന്നതിനാൽ ആ വിധത്തിലുള്ള നടപടിയിലും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്.

ബസുകൾ കൂട്ടത്തോടെ കൊണ്ടു പോകുമ്പോഴും യാത്രക്കാരുടെ സംഘടനകൾ മാത്രമാണ് പ്രതിഷേധം ഉയർത്തുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ ഒരു പ്രതിഷേധവും ഉയർത്തുന്നില്ല. തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിൽ പ്രതികരിക്കാത്തതിൽ ദുരൂഹത ഉള്ളതായി പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ആരോപിച്ചു. ബസ് കൊണ്ടു പോകുന്നതിൽ ഔദ്യോഗിക വിശദീകരണം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതേ സമയം ഓടാതെ കിടക്കുന്ന ബസുകൾ വീണ്ടും കൊണ്ടുപോകാനിടയുള്ളതിനാൽ പാലാ ഡിപ്പോയിൽ നിന്നും കൂടുതൽ സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ മന്ത്രിക്കും ട്രാൻസ്പോർട്ട് ഓഫീസർക്കും നിവേദനം നൽകി.

തിങ്കളാഴ്ച മുതൽ പാലായിൽ നിന്നും കൊന്നക്കാട് ഉൾപ്പെടെ ഏതാനും സർവ്വീസുകൾ ഓൺ ലൈൻ രജിസ്ട്രേഷൻ വഴി സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം-തൊടുപുഴ റൂട്ടിലും സർവ്വീസ് ആരംഭിച്ചേക്കും.

pala news
Advertisment