Advertisment

ദുരന്തങ്ങളുടെ കണക്കെടുപ്പില്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് നാമിപ്പോഴും എത്തിയിട്ടില്ല. ഒരേ നഷ്ടത്തിന് യുഎസിന് ലഭിക്കുന്നതിന്റെ നൂറിലൊന്ന് പോലും നമുക്ക് കിട്ടില്ല - കാരണങ്ങള്‍ വിലയിരുത്തി യുഎന്‍ ദുരന്ത നിവാരണ വിദക്ദ്ധന്‍ മുരളി തുമ്മാരുകുടി

New Update

publive-image

Advertisment

ഒരപകടം പറ്റിക്കഴിഞ്ഞാൽ അതിന്റെ കണക്കെടുക്കുന്നത് നാട്ടുനടപ്പാണ്. ഒരു ബസപകടം ഉണ്ടായാലുടൻ എത്ര പേർ മരിച്ചു, എത്രപേർക്ക് പരിക്കുപറ്റി എന്നൊക്കെ നാം അന്വേഷിക്കും. വൻ ദുരന്തങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് രീതി. ഇതിന് പല കരണങ്ങളുണ്ട്.

ദുരന്തങ്ങളുടെ വ്യാപ്തി അറിയാൻ

ദുരന്തബാധിതർക്ക് എന്ത് സഹായമാണ് വേണ്ടതെന്നറിയാൻ.

ദുരന്തത്തിന് ശേഷമുള്ള പുനർനിർമ്മാണത്തിന് തയ്യാറെടുക്കാൻ.

ദുരന്തത്തിന് ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ധനസഹായം കിട്ടുമെങ്കിൽ അതിന് അടിസ്ഥാനമാക്കാൻ.

ഒരു വലിയ ദുരന്തമുണ്ടായാൽ വ്യക്തികൾ തീർച്ചയായും അവരുടെ നഷ്ടത്തിന്റെ കണക്കെടുക്കും. സർക്കാർ സംവിധാനങ്ങളും കുറെയൊക്കെ നഷ്ടം കണക്കുകൂട്ടും. ഇൻഷുറൻസ് കന്പനികളും സന്നദ്ധസംഘടനകളും അവരുടെ രീതിയിൽ കണക്കെടുപ്പ് നടത്താറുണ്ട്. വിദേശസഹായം വേണ്ട സ്ഥലങ്ങളിൽ അന്താരാഷ്ട്ര ധനസഹായ ഏജൻസികളും യു എൻ ഏജൻസികളും നഷ്ടത്തിന്റെ കണക്കെടുക്കും. വായ്‌പ്പാ സഹായം വേണ്ടിടത്ത് ലോകബാങ്കും. ഐക്യ രാഷ്ട്ര സഭയിൽ തന്നെ ലോകാരോഗ്യ സംഘടനാ ആശുപത്രികളിലെ നഷ്ടവും, ഭക്ഷ്യ - കൃഷി സംഘടന കൃഷി രംഗത്തെ നഷ്ടവുമാണ് എടുത്തുകൊണ്ടിരുന്നത്.

രണ്ടായിരത്തി മൂന്നു മുതൽ ഞാൻ യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും കണക്കുകളെടുക്കുന്ന സംഘത്തിലുണ്ട്. വിഷമമുണ്ടാക്കുന്ന ജോലിയാണ്. ദുരന്തമുണ്ടായി ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് യു എൻ സംഘത്തിന്റെ കണക്കെടുപ്പ് നടക്കുന്നത്. അപ്പോഴേക്കും ഒരു പത്തു സംഘങ്ങൾ എങ്കിലും ദുരന്തത്തിന്റെ കണക്കെടുക്കാൻ ആളുകളുടെയടുത്ത് എത്തിയിട്ടുണ്ടാകും.

publive-image

ക്യാംപിൽ താമസിക്കുന്നവരായാലും താഴേക്കിടയിലെ ഉദ്യോഗസ്ഥരാണെങ്കിലും കണക്കെടുപ്പിന് വരുന്നവരെക്കൊണ്ട് മടുക്കും. അതേസമയം തന്നെ അന്താരാഷ്ട്ര സഹായത്തിന് അതിന്റേതായ രീതികളുണ്ട്. ദുരന്തമുണ്ടായി ഉടനടി അവർ തിരച്ചിലിനുള്ള സാങ്കേതികസഹായവും നാല്പത്തിയെട്ടു മണിക്കൂറിനകം ഭക്ഷണം, വസ്ത്രം, വെള്ളം എന്നിങ്ങനെയുള്ള സഹായങ്ങളും നൽകിത്തുടങ്ങും.

ആവശ്യമെന്നു കണ്ടാൽ ചെറിയ തോതിൽ പണവും വാഗ്ദാനം ചെയ്യും. സന്നദ്ധസംഘങ്ങളെ (ഡോക്ടർമാർ, അധ്യാപകർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ) അയക്കുകയും ചെയ്യും. എന്നാൽ കാര്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിന് മുൻപ് ഒന്നുകിൽ അവരുടെ രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികളുടെ, അല്ലെങ്കിൽ യു എൻ, ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ നടത്തിയ ഒരു കണക്കെടുപ്പ് അവർക്ക് നിർബന്ധമാണ്. ഈ കണക്കെടുപ്പിന് മാസങ്ങളെടുക്കും. സഹായധനം കിട്ടാൻ അതിലും കൂടുതൽ. ഇതിനെ ചുരുക്കാൻ മാർഗ്ഗമില്ല.

ദുരന്ത ബാധിതരെയും അവരെ സഹായിക്കാൻ നോക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കാനുള്ള വിഷമം ഒരുവശത്ത്. അന്താരഷ്ട്ര സമൂഹത്തിന്റെ നിബന്ധനകൾ മറുവശത്ത്. ഈ സാഹചര്യത്തിലാണ് 2008 -ൽ ഐക്യരാഷ്ട്രസഭയും ലോകബാങ്കും ലോകത്തെ ഏറ്റവും കൂടുതൽ വിദേശ ധനസഹായം ചെയ്യുന്ന യൂറോപ്യൻ കമ്മീഷനും കൂടിച്ചേർന്ന് യുദ്ധത്തിന് ശേഷം ‘Post Conflict Needs Assessment’, ദുരന്തങ്ങൾക്ക് ശേഷം ‘Post Disaster Needs Assessment’ എന്നിങ്ങനെ രണ്ടുതരം കണക്കെടുക്കലുകൾ ക്രോഡീകരിച്ചത്.

ഒരേ ആളുകളുടെ അടുത്ത് പത്തോ പതിനഞ്ചോ കൂട്ടർ ചെല്ലാതിരിക്കലായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം. നഷ്ടങ്ങളുടെ കണക്കെടുക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതും പരിപാടിയുടെ ഭാഗമായിരുന്നു.

publive-image

സാധാരണ കണക്കെടുപ്പിൽ ഒരു ദുരന്തം കൊണ്ട് സ്ഥാപനത്തിന് ഉണ്ടായ ഭൗതികനഷ്ടം മാത്രമാണ് കണക്കുകൂട്ടിയിരുന്നത്. ഉദാഹരണത്തിന് രാമൻ നായരുടെ ചായക്കടയിൽ വെള്ളംകയറി അവിടുത്തെ കസേരകൾ ഒഴുകിപ്പോയാൽ കസേരയുടെ വിലയാണ് നഷ്ടമായി കൂട്ടിയിരുന്നത്. (damages).

വാസ്തവത്തിൽ കസേരകളില്ലാത്തതിനാൽ ഒരു മാസം രാമൻ നായർക്ക് ചായക്കട നടത്താൻ പറ്റുന്നില്ല. എത്ര ദിവസം ചായക്കട അടച്ചിടുന്നുവോ അത്രയും ദിവസം അദ്ദേഹത്തിനുണ്ടായ വരുമാനനഷ്ടവും പരിഗണിക്കേണ്ടത്. ഇതിനെയാണ് ‘loss’ എന്നുപറയുന്നത്.

മുപ്പതു വർഷം പഴക്കമുള്ള ബഞ്ചും ഡസ്‌ക്കുമായിരുന്നു രാമൻ നായരുടേത് എന്ന് കരുതുക. അപ്പോൾ അതിന്റെ വില വാസ്തവത്തിൽ വളരെ കുറവായിരിക്കും. പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്‌ക്കും വാങ്ങണം. അതേസമയം എല്ലാ സ്‌കൂളും അംഗൻവാടിയും വീട്ടുകാരുമൊക്കെ ഫർണിച്ചർ വാങ്ങാനുള്ള തിരക്കായതിനാൽ പുതിയ ബഞ്ചും ഡസ്‌ക്കും വാങ്ങണമെങ്കിൽ രാമൻനായർക്ക് പഴയതിന്റെ പല മടങ്ങ് പണം വേണം. ഇതിനെയാണ് needs എന്നുപറയുന്നത്. അപ്പോൾ അദ്ദേഹത്തിന് ഉണ്ടായ ഡാമേജ് കിട്ടിയാലും അദ്ദേഹത്തിന് കച്ചവടം പുനഃസ്ഥാപിക്കാൻ പറ്റില്ല. പക്ഷെ നമ്മുടെ ഇപ്പോഴത്തെ സംവിധാനത്തിൽ ഡാമേജ് കൊടുക്കാനേ വകുപ്പുള്ളൂ.

ഇത്തരത്തിൽ damages, losses and needs എല്ലാം കണക്കുകൂട്ടുമ്പോളാണ് ഒരു ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം കിട്ടുന്നത്. ദുരന്തത്തിൽ നിന്നും രാജ്യത്തെ പുറത്തുകൊണ്ടുവരണമെങ്കിൽ ദുരന്ത ശേഷമുള്ള ‘ആവശ്യങ്ങളും’ കൂടി പരിഗണിക്കണം.

publive-image

ഒരു ദുരന്തമുണ്ടാകുമ്പോൾ കെട്ടിടങ്ങൾ, പാലങ്ങൾ കച്ചവട സ്ഥാപനങ്ങളിലെ വസ്തുക്കൾ ഇവയ്ക്ക് മാത്രമല്ല നഷ്ടങ്ങൾ ഉണ്ടാകുന്നത്. പരിസ്ഥിതിനാശം സർവ്വസാധാരണമാണ്. ഉദാഹരണത്തിന് ഒരു പ്രളയം വന്നാൽ ആയിരക്കണക്കിന് കിടക്കകളാണ് ഉപയോഗശൂന്യമാകുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അത് ഒരു കിടക്കയുടെ നഷ്ടമാണ്. പക്ഷെ ആയിരക്കണക്കിന് കിടക്കകൾ ഓരോ പഞ്ചായത്തിലും മാലിന്യസംസ്ക്കരണത്തിനായി എത്തുമ്പോൾ അതിന്റെ മറ്റൊരു ചിലവുണ്ട്.

കണക്കുകൂട്ടാൻ കൂടുതൽ വിഷമമുള്ള ചിലവുകളുമുണ്ട്. ഉദാഹരണത്തിന് ഈ വർഷത്തെ മഴയിൽ ലക്ഷക്കണക്കിന് ക്യൂബിക് മീറ്റർ മേൽമണ്ണാണ് നമ്മുടെ വനങ്ങളിൽ നിന്നും ഒഴുകിപ്പോയത്. അതോടൊപ്പം മേൽമണ്ണിൽ ആവാസ്ഥ വ്യവസ്ഥയുണ്ടായിരുന്ന ജീവികളും. ഇതിന്റെ നഷ്ടം എത്രയാണ്? പരിസ്ഥിതിയുടെ സാമ്പത്തികശാസ്ത്രം പുരോഗമിച്ചതോടെ ഇതെല്ലാം ‘loss’ ആയി കണക്കുകൂട്ടാൻ സാധിച്ചിട്ടുണ്ട്. പക്ഷെ നല്ല രീതിയിലുള്ള ‘മോണിറ്ററിംഗ്’ സംവിധാനം ദുരന്തകാലത്തിന് മുൻപേ നമുക്ക് വേണം.

സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും ഉണ്ടാകുന്ന നഷ്ടം വേറൊന്നാണ്. ചുമർചിത്രമുള്ള ഒരു ക്ഷേത്രത്തിന്റെ ചുമർ ഇടിഞ്ഞുവീണാൽ പഴയ കെട്ടിടത്തിന്റെ നാശം മാത്രമല്ലല്ലോ അത്. ഇത്തവണത്തെ പ്രളയത്തിൽ ആറന്മുളയിലും ചേന്ദമംഗലത്തും വലിയ നാശങ്ങളുണ്ടായി. ആറന്മുള കണ്ണാടിയും ചേന്ദമംഗലം കൈത്തറിയും നിർമ്മിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ ഈ നഷ്ടത്തിൽ നിന്നു കരകയറുമോ, ആറന്മുള കണ്ണാടി പോലുള്ള പൈതൃക സാങ്കേതികവിദ്യകൾ നിലനിൽക്കുമോ. ഇതിന്റെ നഷ്ടം എങ്ങനെ കണക്കാക്കും? ഇതിനെല്ലാം ഇപ്പോൾ നൂതന രീതികളുണ്ട്.

ഇതുവരെ ലോകം കണക്കാക്കി തുടങ്ങാത്ത നഷ്ടങ്ങളുമുണ്ട്. ഒരു സുനാമി വരുമ്പോൾ മനുഷ്യരുൾപ്പെടെ എന്തൊക്കെയാണ് കടലിലേക്ക് ഒലിച്ചുപോകുന്നത്. ജപ്പാനിലെ സുനാമിയിൽ അയ്യായിരം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഭൂരിഭാഗവും കടലിലെത്തിക്കാണും. ആയിരക്കണക്കിന് ബോട്ടുകൾ കടൽത്തീരത്ത് ഉണ്ടാകുന്ന കാറുകൾ, വീടുകൾ, കടകൾക്കുള്ളിലെ വസ്തുക്കൾ എന്നിങ്ങനെ എന്തൊക്കെ കടലിലെത്തുന്നു. കടലിന്റെ ആവാസവ്യവസ്ഥയെ അതെങ്ങനെ ബാധിക്കുന്നു? ഇതിന്റെയൊന്നും നഷ്ടം ആരും എടുക്കാറില്ല.

ഓയിൽ സ്പില്ലോ കാട്ടുതീയോ വരൾച്ചയോ ഒക്കെ ഉണ്ടാകുമ്പോൾ ഒരു പ്രദേശത്തു മാത്രം കാണുന്ന ചില ജീവികൾക്ക് വംശനാശം പോലും സംഭവിക്കാം. അതിൽ ചിലത് സൂക്ഷ്മജീവികളാകാം. ഇതിന്റെ നഷ്ടം എത്രയാണ്? വംശനാശം വരുന്ന ഒരു മണ്ണിരക്ക് മനുഷ്യൻ ഇടേണ്ട വിലയെത്രയാണ്? അത് വംശനാശം വരുന്ന ഹിമക്കരടികളേക്കാൾ കൂടുതലോ കുറവോ?

publive-image

ദുരന്തസമയത്തെ കണക്കെടുക്കലുകൾ ലോകത്ത് ഏറെ മുന്നേറിയിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങൾ, സിറ്റിസൺ സയൻസ് എന്നിങ്ങനെ ആധുനിക സാങ്കേതിക വിദ്യയും സാന്പത്തികശാസ്ത്രത്തിലെ പുതിയ തത്വങ്ങളും അനുസരിച്ച് നഷ്ടങ്ങൾ നമുക്ക് കൃത്യമായി കണക്കുകൂട്ടാൻ സാധിക്കും. സുനാമിയും യുദ്ധവും ഉണ്ടായ ഇടങ്ങളിൽ ഡ്രോൺ പറത്തി 3D ചിത്രങ്ങളെടുത്തു ദുരന്തത്തിൽ എത്ര വീടുകൾ നശിച്ചു, എത്ര ദുരന്ത മാലിന്യമുണ്ടായി എന്നൊക്കെ ഇപ്പോൾ ഞങ്ങൾ കണക്കുകൂട്ടാറുണ്ട്.

ഇതുകൊണ്ടാണ് ജപ്പാനിലും അമേരിക്കയിലും ദുരന്തമുണ്ടാകുമ്പോൾ നഷ്ടത്തിന്റെ അളവ് വളരെ വളരെ കൂടുതലായിരിയ്ക്കുന്നത്. പക്ഷെ ഇതിന് രണ്ട് മുന്നൊരുക്കങ്ങൾ നമ്മൾ ചെയ്യണം. ഒന്ന് നമ്മുടെ ഭൗതിക സമ്പത്ത്, സാംസ്ക്കാരിക സമ്പത്ത്, പരിസ്ഥിതി എന്നതിനെ ഒക്കെപ്പറ്റി നല്ല ഒരു ബേസ് ലൈൻ നമുക്കുവേണം. രണ്ടാമത് ദുരന്തത്തിന് ശേഷം നഷ്ടം കണക്കാക്കാൻ പറ്റുന്ന ആധുനിക സാങ്കേതിക വിദ്യകൾ നാം തരമാക്കണം.

പതിനെട്ടാം നൂറ്റാണ്ടിലെ ബംഗാൾ ക്ഷാമകാലത്താണ് ഇന്ത്യയിൽ ദുരിതാശ്വാസം എന്ന സംവിധാനമുണ്ടാകുന്നത്. അതിനു മുൻപൊക്കെ വരൾച്ച വന്നാൽ ഹോമവും യജ്ഞവും നടത്തുകയും, വസൂരി വന്നാൽ ക്ഷേത്രം നിർമ്മിക്കുകയും ഒക്കെയായിരുന്നു നമ്മുടെ രീതി. പക്ഷെ കാലങ്ങൾ കഴിഞ്ഞിട്ടും നഷ്ടം കണക്കാക്കുന്ന രീതികളിൽ നമുക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല.

ഉപഗ്രഹ ചിത്രങ്ങളുടെ വൻ ലഭ്യത ഉണ്ടായിട്ട് പോലും ഇന്ത്യയിൽ ഇത്തരം രീതികൾ ഇപ്പോഴും പ്രാവർത്തികമായിട്ടില്ല. അതുപോലെ തന്നെ ദുരന്തമുണ്ടാകുന്നതിനു മുന്പുള്ള സ്ഥിതിയെപ്പറ്റി നമുക്കുള്ള ശാസ്ത്രീയമായ അറിവ് വളരെ കുറവാണ്. അപ്പോൾ ദുരന്തമുണ്ടാകുമ്പോൾ ‘വലിയ നഷ്ടം’ സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാമെങ്കിലും അതെത്രയെന്ന് ശാസ്ത്രീയമായി പറയാൻ നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ കണക്കുകൾ യഥാർത്ഥ നഷ്ടത്തിന് താഴെയാണെന്ന് നമുക്കറിയാം.

publive-image

ഇതിൽ ഒരു പ്രയോഗികപ്രശ്നവുമുണ്ട്. കേരളതീരത്ത് ഒരു എണ്ണച്ചോർച്ചയുണ്ടായി എന്ന് കരുതുക. (ഉണ്ടാകും, ഉറപ്പാണ്). അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് എണ്ണച്ചോർച്ചയിൽ എത്ര നഷ്ടമുണ്ടായാലും ആ നഷ്ടം എത്രയെന്ന് നമുക്ക് ഫലപ്രദമായി കണക്കെടുത്ത് കാണിക്കാൻ പറ്റിയാൽ അത് മുഴുവൻ നഷ്ടപരിഹാരമായി കിട്ടും. അമേരിക്കയിലെ കഴിഞ്ഞ ഓയിൽ സ്‌പില്ലിൽ നഷ്ടപരിഹാരത്തുക ഇരുപത്തിയഞ്ചു ബില്യനും അധികമാണ്. (ഏകദേശം രണ്ടു ലക്ഷം കോടി രൂപ). എന്നാൽ അതേ ദുരന്തം കേരളത്തിലുണ്ടായാൽ നമുക്ക് പത്തു കോടി രൂപ പോലും കിട്ടില്ല. കാരണം എത്ര നഷ്ടമുണ്ടായി എന്ന് നമ്മൾ തെളിയിക്കണം.

ഇതിനുള്ള ഡേറ്റ നമുക്കില്ല. ഉദാഹരണത്തിന് നമ്മുടെ തീരത്തു നിന്നും എത്ര ബോട്ടുകൾ ഓരോ ദിവസവും വെള്ളത്തിൽ പോകുന്നു, അവർക്ക് എത്ര രൂപയുടെ മീൻ കിട്ടുന്നു, കടൽ തീരത്ത് എത്ര ടൂറിസ്റ്റുകൾ വരുന്നു, അവർ സമ്പദ്‌വ്യവസ്ഥയിൽ എത്ര ആയിരം രൂപയുടെ കച്ചവടം ഉണ്ടാക്കുന്നു എന്നൊന്നും നമുക്ക് കണക്കില്ല. അപ്പോൾ എണ്ണ പരന്നു മൽസ്യ ബന്ധനവും ടൂറിസവും നിന്ന് പോയാലും നഷ്ടപരിഹാരം കിട്ടില്ല.

ബോംബെ തീരത്ത് ആറുവർഷം മുൻപുണ്ടായ ഓയിൽ സ്പില്ലിൽ നമ്മൾ നഷ്ടമായി പറഞ്ഞത് പത്തു കോടി രൂപ മാത്രമാണ്. അതുപോലും കിട്ടിയില്ല. അതേ അപകടം ജപ്പാനിലായിരുന്നുവെങ്കിൽ പതിനായിരം കോടി രൂപ മത്സ്യത്തൊഴിലാളികൾക്കും മുനിസിപ്പാലിറ്റികൾക്കും കിട്ടിയേനെ.

ദുരന്തങ്ങൾ ഇനിയുമുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ ആസ്ഥികളുടെ കണക്കെടുത്തു വെക്കുന്നത് നല്ലതാണ്, വ്യക്തിപരം ആണെങ്കിലും സമൂഹമായിട്ടാണെങ്കിലും. പരിസ്ഥിതിയുൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരമായി മോണിറ്റർ ചെയ്യാൻ നമുക്ക് പരിചയം നേടുകയും വേണം. ദുരന്തത്തിന് ശേഷം നഷ്ടം കണക്കു കൂട്ടുന്ന ആധുനിക രീതികളിലും സാങ്കേതിക വിദ്യകളിലും നമുക്ക് പരിശീലനം ലഭിക്കുകയും വേണം.

flood thummarukudy
Advertisment