ഡാമുകള്‍ തുറന്നതല്ല പ്രളയത്തിനു കാരണം, കേരളത്തിന്റെ സ്ഥിതി രൂക്ഷമാക്കിയത് കനത്ത മഴ! വിമര്‍ശകരെ തള്ളി കേന്ദ്ര ജലകമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കണ്ട ആ മഹാപ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നതുകൊണ്ടല്ലെന്ന് കേന്ദ്ര ജലകമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രകൃതി ദുരന്തത്തെ പോലും രാഷ്ട്രീയ വത്കരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുള്ളത്. ഈ വാദമുഖങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ് ജലകമ്മീഷന്റെ റിപ്പോര്‍ട്ട്.

കേരളത്തിലെ പ്രളയത്തിനിടെ പെരിങ്ങല്‍കുത്ത് ഡാമില്‍ വെള്ളം കവിഞ്ഞൊഴുകിയത് അശങ്കയുയര്‍ത്തിയ കാഴ്ചയായിരുന്നു. ഈ ഡാമില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോളയാര്‍, പറമ്പികുളം, തുണക്കടവ് ഡാമുകളില്‍ നിന്ന് പുറത്തേക്കൊഴുക്കിയ വെള്ളവും പെരിങ്ങല്‍കുത്തിലെത്തി. ആഗസ്റ്റ് പതിനാറിന് സ്പില്‍വേ വഴി പുറത്തേക്കൊഴുക്കാവുന്നതിലും കൂടുതല്‍ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇതാണ് ഡാമിനു മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകിയതിനു കാരണം. ഡാമിന്റെ ഡിസൈനില്‍ മാറ്റം ആലോചിക്കണം. സ്പില്‍വേയും ശേഷി കൂട്ടണം ഇതാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

ഡാമുകള്‍ തുറന്നതല്ല പ്രളയത്തിനു കാരണമെന്ന ജലകമ്മീഷന്‍ കണ്ടെത്തല്‍ ജലവിഭവ മന്ത്രാലയം അംഗീകരിച്ചു. റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് അയച്ച ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജൂണ്‍ ഒന്നു മുതല്‍ പത്തൊമ്പത് വരെ 42 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ പെയ്തു. 15-17 തീയതികളിലാണ് ഇതില്‍ പകുതി മഴ രേഖപ്പെടുത്തിയത്. കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പ്രളയം തടയാനുള്ള ആലോചന വേണം. ഡാമുകളുടെ മാനദണ്ഡം നിശ്ചിയിക്കുമ്പോള്‍ ഇതും കണക്കിലെടുക്കണം. അതേ സമയം കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ നിഗമനത്തിനു വിരുദ്ധമാണ് ജലകമ്മീഷന്‍ കണ്ടെത്തല്‍.

×