Advertisment

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഒഴിവുകൾ നികത്തുന്നു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടു പോകുന്നതിലേക്കായി അനിൽ പിള്ള, എബ്രഹാം ഈപ്പൻ, എറിക് മാത്യൂസ്, ജോർജ് ഓലിക്കൽ എന്നിവരെ ഫൊക്കാന കമ്മിറ്റി നാമനിർദ്ദേശം ചെയ്തു. തുടർന്ന് നടക്കുന്ന ജനറൽ കൗൺസിലിൽ ഈ നിയമനങ്ങൾ അംഗീകാരത്തിനു സമർപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.

മികവുറ്റ സംഘാടകരായ അനിൽ പിള്ള, എബ്രഹാം ഈപ്പൻ, എറിക് മാത്യൂസ്, ജോർജ് ഓലിക്കൽ എന്നിവർ ഫൊക്കാനയുടെ ഭരണ സമിതിയിൽ ഉൾപ്പെടുന്ന ട്രസ്റ്റി ബോർഡിലേക്ക് വരുന്നത് സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ പറഞ്ഞു. ഇവരുടെ സാന്നിധ്യത്തെ ഫൊക്കാന ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ടോമി കൊക്കാട്ടും പറഞ്ഞു.

publive-image

അമേരിക്കയിലെ പ്രവാസി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവാംഗമായ അനിൽ പിള്ള ക്വസ്റ്റ് ഡയഗ്നോസ്റ്റിക്കിൽ മെറ്റീരിയൽ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് ആയിരുന്നു. സ്കോകിയിലെ കോയലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി പ്രസിഡന്റ്, ചിക്കാഗോ ഗീതാമണ്ഡലം ധർമ്മ സൊസൈറ്റി പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ട്രസ്റ്റി , കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ചെയർമാൻ, ഇല്ലിനോയ് മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഹൂസ്റ്റണിലെ ശ്രദ്ധേയനായ സാംസ്കാരിക പ്രവർത്തകനായ എബ്രഹാം ഈപ്പൻ ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകനും നിരവധി ഭാരവാഹിത്വം വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. 2014 ൽ ഫൊക്കാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 ലെ ഹ്യുസ്റ്റന്‍ കണവന്‍ഷന്റെ ചെയര്‍മാന്‍, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ്, മാഗ് സെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. യു.എസിലേക്ക് കുടിയേറും മുൻപ് അഖില കേരള ബാലജനസഖ്യത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കെ.എസ്.യു തിരുവല്ല താലൂക്ക് പ്രസിഡന്റ്,കോൺഗ്രസ് മണ്ഡലം അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന എറിക് മാത്യു 2004 ൽ ഫൊക്കാനയുടെ യുവജന വിഭാഗത്തിൽ അംഗമായി. അദ്ദേഹത്തിന്റെ പിതാവ് ജോൺ മാത്യൂസ് ക്യാപിറ്റൽ റീജിയണൽ വൈസ് പ്രസിഡന്റായും പിന്നീട് ഫൊക്കാനയുടെ ഉന്നത ഭരണ നിർവഹണ സമിതിയിലും അംഗമായിരുന്നു.

ബാൾട്ടിമോറിലെ കൈരളി, ഗ്രേറ്റർ വാഷിംഗ്ടണിലെ കേരള അസോസിയേഷൻ എന്നീ സംഘടനകളിൽ അംഗമായിരുന്ന എറിക് മാത്യൂസ് ബാൾട്ടിമോർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സൺഡേ സ്കൂൾ പ്രിൻസിപ്പലായും യുവജന ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് രൂപത കുടുംബ യുവജന സഭയുടെ ഫിനാൻസ് കമ്മിറ്റി അംഗവുമായിരുന്നു. കില്ലാഡി സ്പാർട്സ് ക്ലബ് സ്ഥാപകനും സോക്കർ ചാമ്പ്യനുമായ എറിക് മാത്യൂസിന്റെ നേതൃത്വത്തിൽ ഒട്ടേറെ ടൂർണമെന്റുകളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ജപ്പാനീസ് കമ്പനി ടി.ബി.സി യിലെ ഫിനാൻസ് മാനേജരാണ് എറിക് മാത്യൂസ്.

ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്ട്മെന്റ് പ്രോഗ്രാം സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന ജോർജ് ഓലിക്കൽ നടനും സംവിധായകനുമാണ്. മനീഷി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ബോർഡ് ഓഫ് ഡയറക്ടറും ആയിരുന്നു. ഇന്ത്യ പ്രസ് ക്ലബ് യു.എസ്.എയുടെ ഫില ചാപ്റ്റർ പ്രസിഡന്റ്, പി.എ.എം.പി. എ സ്ഥാപക അംഗവും നാലുതവണ പ്രസിഡന്റും, ഇന്ത്യൻ അമേരിക്കൻ കത്തോലിക്ക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

-അനില്‍ ആറന്മുള

us news fokana election
Advertisment