ശ്രീനഗർ: കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. നോർത്ത് കശ്മീരിലെ ബരാമുള്ളയിലുണ്ടായ എൻകൗണ്ടറിൽ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് അംഗങ്ങളായ രണ്ട് പേരെയാണ് സേന വധിച്ചത്. ഇതിലൊരാൾ പാകിസ്ഥാനിയാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട മറ്റൊരാൾ അൽപകാലം മുമ്പ് മാത്രം സംഘടനയിൽ ചേർന്ന അമീർ സിറാജ് എന്ന യുവാവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
/sathyam/media/post_attachments/yrsXHmopbmKeIWjBddkm.jpg)
കോളേജ് വിദ്യാര്‍ഥിയും ഫുട്ബോളറുമായിരുന്ന അമീറിനെ ജൂലൈ രണ്ട് മുതൽ കാണാതായിരുന്നു. സൂപോർ അഡിപോറയിലെ അമ്മാവന്‍റെ വീട്ടിൽ നിന്നും ഫുട്ബോൾ കളിക്കെന്ന് പറഞ്ഞിറങ്ങിയ യുവാവ് പിന്നീട് മടങ്ങി വന്നിരുന്നില്ല. കുറച്ച് നാൾ കഴിഞ്ഞാണ് അമീർ, ജയ്ഷെ അംഗമായെന്ന വിവരം ഇവർക്ക് ലഭിക്കുന്നത്.
ഇയാൾക്ക് അതുവരെ തീവ്രവാദ ബന്ധം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ അമീര്‍ താമസിച്ചിരുന്ന പ്രദേശത്തെ കുറെ ആളുകൾ നേരത്തെ ഭീകരസംഘടനയിൽ ചേർന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ചയോടെയാണ് ബാരമുള്ളയിലെ വാനിഗാം പയീൻ മേഖലയിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
ഭീകകർ ഒരു വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കിയ സുരക്ഷ സേന അവര്‍ക്ക് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
'വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ അബ്റാർ എന്ന ലംഗു ആണ്. ഇയാൾ പാകിസ്ഥാൻ സ്വദേശിയാണ്. അടുത്തയാൾ സോപോർ സ്വദേശിയായ അമീർ സിറാജ് എന്ന യുവാവും. ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളായ ഇരുവരും ആ മേഖലയിലെ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളികളായിരുന്നു'. ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു.