പഠനം സ്മാര്‍ട്ടാകുന്നു ! വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്തേക്ക് വാതായനം തുറന്നിട്ട് ദേശീയ വിദ്യാഭ്യാസ നയം; സ്വാഗതം ചെയ്ത് വിദഗ്ധരും; വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റത്തിലേക്ക് !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 31, 2020

ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലേക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ വിദേശ സര്‍വകലാശാലകളും സ്വാഗതം ചെയ്യുന്നു. എന്നാല്‍, പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസ് തുടങ്ങുമോ എന്ന് വ്യക്തമാക്കിയിട്ടുമില്ല.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശീയ വിദ്യാഭ്യാസ നയത്തില്‍ വന്ന ഏറ്റവും വലിയ മാറ്റമായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ വിലയിരുത്താം. ഇത്തരമൊരു മാറ്റം ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ അത് കേന്ദ്രം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഫ്രാന്‍സിലെ ഇഡിഎച്ച്ഇസി ബിസിനസ് സ്‌കൂള്‍ മാനേജരായ നിലേഷ് ഗെയ്ക്ക്വാദ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

‘വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിദ്യാഭ്യാസ രംഗത്തെ നവീന മാറ്റങ്ങള്‍ക്ക് പ്രചോദനമാകും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ഇത് പ്രയോജനപ്പെടും’-അദ്ദേഹം പറഞ്ഞു.

ജൂലൈ 29ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി (എന്‍ഇപി) പ്രകാരം ലോകത്തെ മികച്ച 100 സര്‍വകലാശാലകള്‍ക്ക് പുതിയ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

ആവേശകരമായ തീരുമാനങ്ങളാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളതെന്ന് ദ അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റീസിന്റെ സൗത്ത് & ഈസ്റ്റ് ഏഷ്യ പ്രതിനിധി ആദിത്യ മല്‍ഖാനി പറഞ്ഞു. സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഈ നയത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

×