Advertisment

മനുഷ്യന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള കാട് , തീയ്ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലം ; കാട്ടില്‍ നിറയെ ഇഞ്ചക്കാടും പുല്‍ക്കാടും വെട്ടിയമരങ്ങളുടെ കുറ്റികളും ; വേനലായാല്‍ എല്ലാം ഉണങ്ങിക്കരിഞ്ഞ് ഏതു നിമിഷവും അഗ്നിഗോളമാകാവുന്ന നിലയില്‍ ; കാട്ടില്‍ തീപിടുത്തം നിത്യസംഭവമെന്ന് നാട്ടുകാര്‍ ; ദേശമംഗലത്ത് സംഭവിച്ചത്...

New Update

തൃശൂർ : കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പു ജീവനക്കാരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2 വർഷം മുൻപു വയനാട് പുൽപ്പള്ളി വന്യജീവി സങ്കേതത്തോടു ചേർന്നുണ്ടായ കാട്ടുതീയിൽ ഗാർഡ് ബീജാപ്പൂർ സ്വദേശി മുനിയപ്പ വെന്തു മരിച്ചിരുന്നു. 2 ഫയർ വാച്ചർമാർക്കും അന്നു ഗുരുതര പരുക്കേറ്റു. വനം കൺസർവേറ്ററുടെ ഔദ്യോഗിക വാഹനത്തിനു തീപിടിക്കുകയും ചെയ്തു.

Advertisment

publive-image

കുളത്തൂപ്പുഴ വനത്തിൽ ത‍ീയണയ്ക്കാൻ പോയ സംഘത്തിലെ വാച്ചർ കുളത്തൂപ്പുഴ അടിപറമ്പ‍ു സ്വദേശി ഗംഗാധരനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് ഏതാനും വർഷം മുൻപാണ്. നെടുങ്കണ്ടത്ത് കാട്ടുതീ കെടുത്ത‍ുന്നതിനിടെ തമിഴ്നാട് വനംവകുപ്പിലെ വാച്ചർ നമ്മാൾവാർ പൊള്ളലേറ്റു മരിച്ചതും ഏതാനും വർഷം മുൻപാണ്. വനയാത്രയ്ക്കു പോയ 37 അംഗ സംഘത്തിലെ 5 സ്ത്രീകളടക്കം 8 പേർ തമിഴ്നാട് കേരള അതിർത്തിയിലെ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ടു മരിച്ചത് കഴിഞ്ഞ വർഷമാണ്.

മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കാട്, തീയ്ക്ക് എത്തിപ്പെടാൻ എളുപ്പമുള്ള സ്ഥലം.. ഇതാണ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം. എച്ച്എൻഎല്ലിന്റെ കൈവശമാണെങ്കിലും നാലഞ്ചു വർഷം മുൻപുവരെ ഇവിടെ അഗ്നിസുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ‘ഫയർ ലൈൻ ’ തയാറാക്കിയും ജനവാസമേഖലയിൽ നിന്നു കാടിനെ വേർതിരിച്ചും നടന്നിരുന്ന ഈ മുൻകരുതലുകൾ പിന്നീട് ഇല്ലാതായി. ഇതോടെ ഇവിടെ തീപിടിത്തം പതിവായി.

475 ഹെക്ടർ (ആയിരത്തിലേറെ ഏക്കർ) വരുന്ന അക്വേഷ്യ മരങ്ങളുടെ വനമാണ് ഈ മേഖലയിൽ. പേപ്പർ പൾപ് ഉണ്ടാക്കാനായി കുറച്ചുവർഷങ്ങൾക്കു മുൻപു വരെ ഇവിടെ നിന്നു മരങ്ങൾ വെട്ടി കൊണ്ടുപോയിരുന്നു. 4 വർഷം മുൻപ് ഇതു നിലച്ചു. അന്നുവരെ ധാരാളം ജീവനക്കാർ ഈ വനമേഖലയിൽ ജോലി ചെയ്തിരുന്നു. ശമ്പളം മുടങ്ങിയതോടെ പണി നിലച്ചു. വേനൽക്കാലത്തെ പുല്ലുവെട്ടലും മറ്റും നടന്നിരുന്നില്ല. ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായ കാട്ടിൽ നിറയെ ഇഞ്ചക്കാടും പുൽക്കാടും നിറഞ്ഞു. വെട്ടിയമരങ്ങളുടെ കുറ്റികളും. വേനലായാൽ ഇവ ഉണങ്ങിക്കരിഞ്ഞ് ഏതുനിമഷവും അഗ്നിഗോളമാകാവുന്ന നിലയാണ്.

ഈ കാട്ടിൽ തീപിടിത്തം പതിവു സംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. പരിസരപ്രദേശത്തുള്ള തോട്ടങ്ങളിലേക്കു തീ പടരാതിരിക്കാൻ വനംവകുപ്പ് നിതാന്ത ജാഗ്രത പുലർത്താറുണ്ട്. 3 ദിവസമായി അക്വേഷ്യ മരങ്ങൾ നിന്നു കത്തുന്നതിനാലും ഇവിടെ നിന്നു തീ പടരുന്നതിന്റെ സാധ്യത കണ്ടതിനാലും വനം വകുപ്പു ജീവനക്കാരിലെ 14 പേർ വിവിധ സംഘങ്ങളായി തിരിഞ്ഞു തീയണയ്ക്കാൻ മല കയറുകയായിരുന്നു. ഈ ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്.

Advertisment