Advertisment

അഞ്ചടി മാത്രം ഉയരമുള്ള പതിനാലുകാരൻ ട്രക്ക് ഓടിച്ചത് 138 കിലോമീറ്റർ! മോഷ്ടിച്ച ട്രക്കിൽ ഇന്ധനം തീർന്ന് വഴിക്കായപ്പോൾ പോലീസും പിടിച്ചു, ബാക്കി കഥ ഇങ്ങനെ..

New Update

Advertisment

പതിനാല് ലക്ഷം രൂപ വിലവരുന്ന സാധനങ്ങളുമായെത്തിയ ട്രക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പതിനാലുകാരന്‍ പൊലീസ് പിടിയില്‍. വാഹനത്തിലെ ഇന്ധനം തീര്‍ന്നതാണ് അതിവിദഗ്ധമായി നടത്തിയ മോഷണം പിടിയ്ക്കപ്പെടാന്‍ കാരണമായത്. ഇന്ധനം തീരുന്നതിന് മുമ്പ് 138 കിലോമീറ്ററാണ് അഞ്ച് അടി മാത്രം ഉയരമുള്ള കുട്ടി വാഹനം ഓടിച്ചത്. ഹരിയാന റെജിസ്ട്രേഷനിലുള്ള വാഹനം വിവിധ ഇടങ്ങളില്‍ നിര്‍ത്തുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ജലേശര്‍ റോഡിലെ മെഹ്രാറയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. അപ്പോഴാണ് വാഹനമോടിച്ചിരുന്നത് വെറും 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണെന്ന് പൊലീസിന് മനസ്സിലായത്. പല്‍വാലില്‍ ട്രക്ക് ക്ലീനറായാണ് ഈ കുട്ടി ജോലി ചെയ്യുന്നത്.

5000 രൂപയാണ് മാസം ലഭിക്കുന്ന ശമ്പളമെന്നും ഈ തുക കുടുംബം പുലര്‍ത്താന്‍ തികയുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പിതാവ് നേരത്തേ മരിച്ചു. അമ്മ തൊഴിലാളിയാണ്. അതിനാല്‍ ട്രക്ക് മോഷ്ടിക്കുകയും മലവാനില്‍ എത്തിക്കാനും പദ്ധതിയിട്ടു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് പുതിയ രേഖ തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് മാല്‍വാന്‍. അവിടെ എത്തിച്ച് ട്രക്ക് വിറ്റ് പണം നേടാനായിരുന്നു കുട്ടിയുടെ തീരുമാനം. ഒക്ടോബര്‍ 11 ന് 14 ലക്ഷം രൂപയുടെ റെഫ്രിജിറേറ്ററുകളുമായി ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് ട്രക്ക് പുറപ്പെട്ടു. വൈകീട്ട് നാല് മണിയോടെ ട്രക്ക് പല്‍വാളിലെത്തി. ഡ്രൈവര്‍ മുന്നാ സിംഗ് ട്രാന്‍പോര്‍ട്ട് കമ്പനിയ്ക്ക് പണം നല്‍കാന്‍ പോയി.  ഡ്രൈവര്‍ ഇല്ലാത്ത തക്കം നോക്കി കുട്ടി വാഹനം മോഷ്ടിച്ചു. ആകെ നൂറ് രൂപമാത്രമാണ് 14 കാരന്‍റെ കയ്യിലുണ്ടായിരുന്നത്.

ഹത്രാസിലെത്തിയതോടെ ട്രക്കിലെ ഇന്ധനം തീരുകയായിരുന്നു. പൊലീസ് പിടിയിലാകുമ്പോള്‍ അധികമായി ഉണ്ടായിരുന്ന ടയര്‍ വിറ്റ് ഇന്ധനം നിറയ്ക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുട്ടി. 14കാരനാണ് വാഹനമോടിച്ചതെന്ന് ആദ്യം പൊലീസിന് വിശ്വസിക്കാനായില്ലെങ്കിലും ഒരു ഡ്രൈവറെ ഒപ്പമിരുത്തി കുട്ടി തന്നെയാണ് ട്രക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പ്രായത്തെയും ഉയരത്തെയും മറികടക്കും വിധം പരിചയമുളള ഡ്രൈവറെപ്പോലെയാണ് അവന്‍ വണ്ടിയോടിച്ചതെന്ന് ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Advertisment